എന്നെ തല്ലേണ്ടമ്മാവ ഞാൻ നന്നാവൂല്ലാ
വേദ പുസ്തകത്തിനു പകരം മൂലധനം വായിച്ചു നശിക്കാൻ തീരുമാനിച്ചവരെ നന്നാക്കാൻ ആരും ഉപദേശവുമായി ചെല്ലേണ്ടതില്ല
കൊച്ചി:എ കെ ജി സെന്ററിലെ കൊടിയ വിഷ ദ്രാവകം കുടിച്ച് ശീലിച്ച മാണി കോൺഗ്രസിന് ഔഷധ ഗുണമുള്ളതെന്തും വിഷമായി തോന്നുന്നത് സ്വാഭാവികം. ഗുരുക്കൻമാരെ തല്ലി ഗുണ്ടയാവാൻ പരിശീലിക്കുന്ന മാണിക്കുഞ്ഞും കൂട്ടരും വേദ പുസ്തകത്തിനു പകരം മൂലധനം വായിച്ചു നശിക്കാൻ തീരുമാനിച്ചവരെ ആരും ഉപദേശവുമായി ചെല്ലേണ്ടതില്ല. ഞങ്ങളുടെ സഖാവ് ഞങ്ങളെ തല്ലിയാൽ നിങ്ങൾക്കെന്താ കോൺഗ്രസേ എന്നാവും ചോദ്യം.
എത്ര തല്ലിയാലും നന്നാവില്ല എന്നറിയാം എങ്കിലും തല്ലി നോക്കിയതാണ് വീക്ഷണം, പക്ഷേ എന്നെ തല്ലണ്ട ഞാൻ നന്നാവില്ല എന്ന് തന്നെ പറഞ്ഞു പഠിച്ചത് കൊണ്ട് സഖാവിന്റെ വഴിയേ നരകത്തിലെ പടു കുഴിയിൽ വീണു നശിക്കാൻ തീരുമാനിച്ച കേ കോ മാണിക്ക് ചുവപ്പൻ അഭിവാദ്യങ്ങൾ നേരുന്നു.
നാറിയവനെ ചാരിയാൽ ചാരിയവനും നാറും എന്നത് ശരിയാണെന്ന് തെളിയിച്ച സ്ഥിതിക്ക് ആ നാറ്റം പങ്കുവയ്‌ക്കേണ്ട എന്നാണ് ആർജ്ജവമുള്ള യു ഡി എഫ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത് എന്നറിയുന്നു.
ഇണ ചേർന്ന ശേഷം ഇണയെ കൊന്നു തിന്നുന്ന പെൺ ചിലന്തിയാണ് സിപിഎം എന്ന് തിരിച്ചറിയാത്ത കാലത്തോളം കേ കോ എം എന്ന മലയോര കർഷക പാർട്ടി എ കെ ജി സെന്ററിന്റെ പൂമുഖത്തു കാത്തിരിക്കും. യു ഡി എഫിൽ തൂശനിലയിൽ ചോറും വിഭവ സമൃദ്ധമായ കറികളും പായസവും കൂട്ടി ഊണ് കഴിച്ചു എല്ലിനിടയിൽ കയറിയപ്പോ എൽ ഡി എഫിലെ കാടി വെള്ളം മതിയെന്ന് തീരുമാനിച്ച ദിവസത്തെ ഉള്ളുകൊണ്ട് ശപിക്കുകയാണ് പ്രവർത്തകർ, അതവർ കോട്ടയത്തു വോട്ടായി യു ഡി എഫിന് കൊടുത്തിട്ടുണ്ടാവും. രണ്ട് മന്ത്രി സ്ഥാനവും, രാജ്യ സഭയും, ലോകസഭയും മുൻ നിരയിൽ ഇരിപ്പടവും കൊടുത്തിട്ടും അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ എന്ന ചൊല്ല് യഥാർഥ്യമാക്കി പിന്നിലെ മരബഞ്ചിലെ മൂട്ട കടി കൊള്ളാൻ മാത്രം ബുദ്ധിശൂന്യത കാണിച്ച ആ രാഷ്ട്രീയ നേതൃത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
രാജ്യസഭ പോയിട്ട് പാലാ പഞ്ചായത്തിൽ പോലും കയറാൻ സിപിഎം അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ. ലോകസഭയും തോറ്റു അടുത്ത തവണ നിയമസഭയിലും തോൽപ്പിച്ചു ഒടുവിൽ കേരള കോൺഗ്രസ് എന്ന കുട്ടിയെ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാക്കാൻ വഴി തേടുകയാണ് സിപിഎം അത് തിരിച്ചറിയാതെ അന്ധമായ പ്രണയത്താൽ കാമുകി തരുന്നതെന്തും അമൃതെന്നു കരുതി വിഷം കുടിച്ചവസാനിക്കാൻ നിൽക്കുന്ന കോമരങ്ങളെ ഉപദേശിക്കാൻ പോയത് വീക്ഷണത്തിന്റെ ജനാധിപത്യ മര്യാദ . കണ്ടറിയാത്തവൻ കൊണ്ടറിയും,ഒടുവിൽ ആശ്രയം തിരുസന്നിധി മാത്രം.