നവകേരള സദസിൽ ജനങ്ങളുടെ പരാതി വാങ്ങാൻ സമയമില്ലെന്ന് മുഖ്യമന്ത്രി, നടപടികളെല്ലാം ഉദ്യോഗസ്ഥർക്ക്
കണ്ണൂർ: നവകേരള ജനസദസിൽ സമയ പരിമിതി മൂലമാണ് താനോ മന്ത്രിമാരോ നേരിട്ടു പരാതി സ്വീകരിക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നയിച്ച ജനസമ്പർക്കപരിപാടിയിൽ സാധാരണക്കാർക്കു മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സങ്കടങ്ങൾ ബോധിപ്പിക്കാമായിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസിൽ സമ്പന്നർക്കും വിവിഐപികൾക്കുമാണ് മുൻഗണന. മുഖ്യമന്ത്രിക്കൊപ്പം അതിസമ്പന്നരും പ്രമുഖരും പ്രാതൽ കഴിച്ചു മടങ്ങുമ്പോൾ നിവേദനവുമായി വരുന്ന സാധാരണക്കാർക്ക് കുടിക്കാൻ വെള്ളം പോലും കിട്ടുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
പരാതി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്കു മുന്നിൽ കാത്തുനിന്ന് പലരും തളർന്നു വീഴുകയാണ്. രണ്ടായിരത്തിലധികം പരാതികൾ സ്വീകരിക്കാൻ ആകെ ഏഴ് കൗണ്ടറുകൾ മാത്രമാണ് സജ്ജമാക്കിയിരുന്നത്. ഇതിനെതിരേ പരാതി വ്യാപകമായതോടെ കൗണ്ടറുകളുടെ എണ്ണം ഇന്നു കൂട്ടി.
രണ്ടു ദിവസത്തെ അനുഭവം മുൻ നിർത്തി ഇന്ന് മുതൽ ഓരോ കേന്ദ്രത്തിലും നവകേരള സദസ്സിൻറെ വേദികളോടനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന ഇരുപതു കൗണ്ടറുകൾ പ്രവർത്തിക്കും. തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളിൽ നിവേദനങ്ങൾ നൽകാനുള്ള സംവിധാനം ഒരുക്കാൻ ശ്രദ്ധിക്കുന്നുണ്ട്. കാസർകോട് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുമായി 14232 നിവേദനങ്ങളാണ് ലഭിച്ചത്. മഞ്ചേശ്വരത്തു 1908 ഉം കാസർഗോഡ് 3451ഉം ഉദുമയിൽ 3733ഉം കാഞ്ഞങ്ങാട് 2840ഉം തൃക്കരിപ്പൂർ 23000ഉം ആണ് ലഭിച്ചത്.
നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുൻപു തന്നെ നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങും. പക്ഷേ, ജനങ്ങൾക്ക് മന്ത്രിമാരെ കാണാനോ അവർക്ക് ഇടപെടാനോ കഴിയില്ല. മുഖ്യമന്ത്രിയുടെ നിഴൽവെട്ടത്തു പോലും ആരെയും അടുപ്പിക്കുന്നതേയില്ല. പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനം എടുക്കും. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ഓഫീസർമാർ വകുപ്പ്തല മേധാവി മുഖേന റിപ്പോർട്ട് സമർപ്പിക്കും. ഇത്തരം പരാതികൾ 45 ദിവസത്തിനകം തീർപ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ഓഫീസുകളിലിരുന്ന് ജോലി ചെയ്യേണ്ട ഉദ്യോഗസ്ഥരെ ജനസദസിൽ കൊണ്ടിരുത്തി നിർവീര്യമാക്കുന്നു എന്നാണ് ജീവനക്കാരുടെ പരാതി. മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് പരാതി കേട്ട് അടിയന്തിര സഹായമുള്ള കേസുകളിൽ ഉദ്യോഗസ്ഥർക്കു നിർദേശം നൽകുന്നതിനു പകരം എല്ലാ തീരുമാനങ്ങളും ഉദ്യോഗസ്ഥർക്കു വിട്ട ശേഷം മുഖ്യമന്ത്രിയും കൂട്ടരും ഒരു കോടി രൂപയുടെ ബസിൽ ആഡംബര യാത്ര നടത്തുകയാണെന്നും വലിയ വിമർശനമുണ്ട്.