മാനദണ്ഡം പാലിക്കാത്ത കൂട്ട സ്ഥലംമാറ്റ നടപടി പിന്‍വക്കണം: കെജിഎംസിടിഎ
തിരുവനന്തപുരം; കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തിന്റെ ഭാവിയെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന വിധത്തിലുള്ള അശാസ്ത്രീയമായുള്ള കൂട്ട സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപക സംഘടനയായ കെജിഎംസിടിഎ ആവശ്യപ്പെട്ടു. നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയ്ക്ക് മുന്നോടിയായി കോന്നി, ഇടുക്കി മെഡിക്കല്‍ കോളേജുകളിലേക്ക് തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള 61 സ്‌പെഷ്യലിസ്റ്റ് അധ്യാപകരെയാണ് ഒറ്റ ദിവസം കൊണ്ട് സ്ഥലം മാറ്റി വിടുതല്‍ ഉത്തരവ് നല്‍കിയത്. കോന്നി മെഡിക്കല്‍ കോളേജില്‍ 33 ഉം, ഇടുക്കിയില്‍ 28 പേരെയും സ്ഥലം മാറ്റി അടുത്ത ദിവസം തന്നെ ചുമതല ഏറ്റെടുക്കാനുള്ള ഉത്തരവ് പുനപരിശോധിക്കണമെന്നും കെജിഎംസിടിഎ ആവശ്യപ്പെട്ടു. ഈ മെഡിക്കല്‍ കോളേജുകളില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നടപടി പൂര്‍ത്തിയാക്കാനായി സര്‍ക്കാര്‍ പുതിയ പോസ്റ്റ് അനുവദിച്ചതില്‍ ഉണ്ടായ കാലതാമസമാണ് ഈ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. തസ്തികകളില്‍ പി.എസ്. സി 2023 ഒക്ടോബറില്‍ നോട്ടിഫിക്കേഷന്‍ ഇറക്കിയിരുന്നെങ്കിലും അതിന് ശേഷം പി.എസ്. സിയില്‍ നിന്നും ഒരു തുടര്‍ നടപടിയും ഉണ്ടായിട്ടില്ല. സമയ ബന്ധിതമായി പി.എസ്.സി പരീക്ഷ നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചുരുന്നുവെങ്കില്‍ ഇപ്പോള്‍ നിലവിലെ പ്രശ്‌നം ഉണ്ടാകില്ലായിരുന്നു. അത് നടപ്പിലാക്കാതെ തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ളവരെ സ്ഥലം മാറ്റുന്നതോടെ അവിടങ്ങളിലെ രോഗീപരിചരണത്തെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുന്നു. നേരത്തെ തന്നെ സര്‍ക്കാര്‍ ഇത്തരത്തിലുളള നടപടികള്‍ കൈകൊണ്ടപ്പോള്‍ കെജിഎംസിടിഎ പ്രത്യക്ഷ സമരത്തിന് ഇറങ്ങാതിരുന്നത് കേരളത്തിലെ മെഡിക്കല്‍ കോളേജുകളുടെ സ്റ്റാറ്റസിന് കോട്ടം തട്ടാതിരിക്കാനും, വിദ്യാര്‍ത്ഥികളുടെ ഭാവിക്ക് പ്രശ്‌നം ഉണ്ടാകാതിരിക്കുവാനുമായിരുന്നു. എന്നാല്‍ കാലങ്ങളായി തുടര്‍ന്ന് വരുന്ന എൻ എം സി യെ പറ്റിക്കുന്ന തരത്തിലുളള ഇത്തരം നടപടിക്കെതിരെ സമരത്തിന് ഇറങ്ങേണ്ടി വരുന്ന അവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് കെജിഎംസിടിഎ അറിയിക്കുന്നു . കേവലം ഒരു വര്‍ഷം മുന്‍പ് ജനറല്‍ ട്രാന്‍സ്ഫറില്‍ സ്ഥലം മാറ്റം ലഭിച്ചവരെ പോലും യാതൊരു വിധ മാനദണ്ഡവും പരിഗണിക്കാതെ സ്ഥലം മാറ്റിയിരിക്കുകയാണ് . ഇതില്‍ പലരുടേയും മക്കള്‍ക്ക് വാര്‍ഷിക ബോര്‍ഡ്, യൂണിവേഴ്‌സിറ്റി പരീക്ഷകളും, എന്‍ട്രന്‍സും പരീക്ഷയും ഉള്‍പ്പെടെ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുളള സ്ഥലം മാറ്റം അവരുടെ കുടുംബത്തേയും താളം തെറ്റിക്കും. ഗൈനക്കോളജി, ഓര്‍ത്തോ, ഡെര്‍മറ്റോളജി വിഭാഗത്തിലെ നിയമം നടന്നിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു . ഈ അവസരത്തിലാണ് പല സ്ഥലം മാറ്റങ്ങളും. ആധാര്‍ അധിഷ്ഠിത പഞ്ചിങ് ക്രമക്കേട് ശ്രദ്ധയില്‍ പെട്ടാല്‍, ഉത്തരവാദികളായ ഡോക്ടര്‍മാരുടെ മെഡിക്കല്‍ കൌണ്‍സില്‍ രെജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ പല തവണ താക്കീത് നല്‍കിയിട്ടുള്ളതാണ്. ഇത് വക വയ്ക്കാതെ സ്ഥലം മാറ്റപ്പെട്ടവരുടെ ആധാര്‍ ഡേറ്റ പഞ്ചിംഗ് ഉള്‍പ്പെടെ ഒരു ദിവസം കൊണ്ട് മാറ്റം വരുത്തി ഇവര്‍ക്ക് എന്ന് തിരികെ വരാനാകുമെന്ന കാര്യത്തില്‍ പോലും വ്യക്തത വരുത്താത്ത ഈ നടപടി പിന്‍വലിക്കണമെന്ന് കെജിഎംസിടിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.