ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ഇന്ത്യ-ഓസ്ട്രേലിയ കലാശപ്പോരാട്ടം ഇന്ന് ഉച്ചയ്ക്ക് 2ന്
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-ഓസ്ട്രേലിയ ഫൈനൽ മത്സരം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. മൂന്നാം കിരീടമാണ് ടീം ഇന്ത്യയുടെ ലക്ഷ്യമെങ്കില്‍ ആറാം കപ്പ് തേടിയാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. 2003 ഫൈനലിലേറ്റ തോല്‍വിക്ക് കൃത്യം 20 വര്‍ഷത്തിന് ശേഷം കണക്കുതീര്‍ക്കാന്‍ കൂടിയാണ് രോഹിത് ശര്‍മ്മയും സംഘവും ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കലാശപ്പോരിന് ഇറങ്ങുക. ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക് കലാശപ്പോരിന് ടോസ് വീഴും. രണ്ട് മണിക്ക് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്പോര്‍ട്‌സിലും ഡിസ്‌നി ഹോട്‌സ്റ്റാറിലും മത്സരം ഇന്ത്യയില്‍ തല്‍സമയം കാണാം. നീണ്ട 10 വര്‍ഷത്തെ ലോകകപ്പ് കിരീട വരള്‍ച്ച അവസാനിപ്പിക്കാനാണ് രോഹിത് ശര്‍മ്മയും സംഘവും അഹമ്മദാബാദില്‍ ഇറങ്ങുന്നത്. 2011ല്‍ എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ടീം ഇന്ത്യ അവസാനമായി ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടിയത്. സെമിയിലെ അതേ പ്ലേയിംഗ് ഇലവനുകളെ അഹമ്മദാബാദിലും ഇരു ടീമുകളും നിലനിര്‍ത്താനാണ് സാധ്യത.