ചാനലിൽ വീഡിയോ പരസ്യം നൽകാമെന്ന് വാഗ്ദാനം; മാധ്യമപ്രവർത്തകൻ ചമഞ്ഞ് പണം തട്ടിയതായി പരാതി
പത്തനംതിട്ട: ഓൺലൈൻ മാധ്യമ പ്രവർത്തകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയിൽ നിന്ന് പണം തട്ടിയെടുത്തതായി പരാതി. മൈലപ്ര ജയ് ഭവനത്തിൽ ജെയ്നമ്മ ജോർജാണ് പരാതി നൽകിയത്. വീട്ടിൽ പരമ്പരാഗത രീതിയിൽ പോഷകാഹാര പാനീയം തയ്യാറാക്കി വിൽക്കുന്ന ആളാണ് ജെയ്നമ്മ. ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസും ന്യൂട്രീഷൻ ടെസ്റ്റ് സർട്ടിഫിക്കറ്റും ഉത്പന്നത്തിനുണ്ടെന്ന് ജെയ്നമ്മ പറഞ്ഞു.
ഒരാഴ്ച മുൻമ്പാണ് തിരുവനന്തപുരം സ്വദേശിയായ ശിവപ്രസാദ് എന്നയാൾ വിളിച്ച് ഓൺലൈൻ മാധ്യമത്തിൽ നിന്നാണെന്നും ഒന്നര ലക്ഷം രൂപ നൽകിയാൽ ചാനലിൽ ഉത്പന്നത്തിന്റെ വീഡിയോ പരസ്യം നൽകാമെന്നും അറിയിച്ചു. മറ്റൊരു ഓൺലൈൻ മാധ്യമത്തിൽ ഇതേ ഉത്പന്നത്തിന്റെ പരസ്യം വന്നതിൽനിന്നാണ് ഫോൺ നമ്പർ എടുത്തത്. പണം നൽകാൻ ഇല്ലാത്തതിനാൽ താത്പര്യമില്ലെന്ന് അറിയിച്ചു. എന്നാൽ കഴിഞ്ഞ എട്ടിന് ശിവപ്രസാദും മറ്റൊരാളും വീട്ടിലെത്തി വീഡിയോ ചെയ്തതിന്റെ പ്രതിഫലമായി 25,000 രൂപ ഭീഷണിപ്പെടുത്തി വാങ്ങി. അടുത്തദിവസം ഇയാൾ വീട്ടമ്മയെ വിളിച്ച് 27,000 രൂപ കൂടി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ആവശ്യപ്പെട്ട തുക നൽകിയതല്ലേയെന്ന ചോദ്യത്തിന് അങ്ങനെ പണം നൽകിയിട്ടില്ലെന്നായിരുന്നു മറുപടി. ഉടൻ തന്നെ ഇയാൾ പറഞ്ഞ മാധ്യമസ്ഥാപനത്തിൽ അന്വേഷിച്ചപ്പോഴാണ് അങ്ങനെ ഒരാൾ അവിടെ ഇല്ലെന്നും താൻ പറ്റിക്കപ്പെട്ടുവെന്നും മനസ്സിലായത്. ഉടനെ പത്തനംതിട്ട പോലീസിൽ പരാതി നൽകിയെന്നും ജെയ്നമ്മ പറഞ്ഞു.