സംസ്ഥാന ബജറ്റ്: രാഷ്ട്രീയ കവല പ്രസംഗം, റിയാദ് ഒ.ഐ.സി.സി
റിയാദ്: സംസ്ഥാന സർക്കാറിന്റെ 2024 ബഡ്ജറ്റ് പ്രഖ്യാപനം ധനമന്ത്രി കെ.എൻ ബാലഗോപാലന്റെ രണ്ടര മണിക്കൂർ നീണ്ട രാഷ്ട്രീയ കവല പ്രസംഗം മാത്രമാണെന്നും ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് കൊണ്ട് വന്ന ഓരോ പദ്ധതികളും ഈ സർക്കാറിന്റെ നേട്ടമായി പറയുന്നത് കണ്ടപ്പോൾ മന്ത്രിയോടും ഈ സർക്കാറിനോടും സഹതാപം മാത്രമേയുള്ളു എന്ന് ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.
കാർഷിക മേഖലയിൽ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വില തകർച്ച നേരിടുന്ന ഈ കാലത്ത് മൂന്ന് വർഷത്തിന് ശേഷം പത്ത് രൂപ റബ്ബറിന് വർദ്ധനവ് നൽകിയത് വഴി റബ്ബർ കർഷകരെ അവഹേളിക്കുകയും ചെയ്തു.തിരിച്ചെത്തുന്ന പ്രവാസികൾക്ക് സ്വയം തൊഴിൽ കണ്ടെത്തുവാൻ എന്ന പേരിൽ പ്രഖ്യാപിച്ച വായ്പാ പദ്ധതികൾ പ്രവാസികളെ ആത്മഹത്യയിലേക്കു നയിക്കും.
പ്രവാസികൾ സ്വന്തം നിലയ്ക്ക് ചെറുകിട പദ്ധതികളുമായി മുന്നോട്ട് പോയാൽ പരമാവധി അവരെ ദ്രോഹിച്ച് ആത്മഹത്യയിൽ എത്തിക്കുന്നതും നമ്മൾ കണ്ടതാണ്.യുഡിഎഫിന്റെ കാലത്ത് വിദേശ സർവകലാശാലകൾ കേരളത്തിൽ കൊണ്ട് വരുന്നതിനെ അനുകൂലിച്ച് സംസാരിച്ച ടി.പി ശ്രീനിവാസനെ അന്ന് എസ്എഫ്ഐ ആക്രമിച്ച സംഭവത്തിൽ ഇന്ന് അവർ മാപ്പ് പറയാൻ തയ്യാറാകുമോ എന്നും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.