ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി "ഗാന്ധിസം സമകാലികം " സെമിനാർ സംഘടിപ്പിച്ചു.
റിയാദ് : താനൊരു സനാതന ഹിന്ദുവാണെന്നും , ഹിന്ദുമതത്തിന്റെ അടിസ്ഥാന തത്വം സത്യത്തിലും അഹിംസയിലുമുള്ള വിശ്വാസമാണെന്നും , ഒരു യഥാർത്ഥ ഹിന്ദുവിന് ഒരിക്കലും ഹിന്ദു രാഷ്ട്ര വാദത്തെ അനുകൂലിക്കാൻ കഴിയില്ലെന്ന് ജീവിതത്തിലൂടെയും മരണത്തിലൂടെയും തെളിയിച്ച മഹാ മനുഷ്യനാണ് മഹാത്മാ ഗാന്ധി എന്ന് പി. ഹരീന്ദ്രനാഥ്. റിയാദ് ഒഐസിസി സെൻട്രൽ കമ്മറ്റി സംഘടിപ്പിച്ച "ഗാന്ധിസം സമകാലികം "എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിക്ക് ഹിന്ദുമതം ഒരു മതസംഘടനയായിരുന്നില്ല. ധാർമീകതയും സ്നേഹവുമുള്ള ഒരു ജീവിതരീതിയായിരുന്നു. വെറുപ്പിനെ പുറത്താക്കുന്ന ഗാന്ധിയുടെ സ്നേഹത്തിന്റെ സുവിശേഷത്തിന് ഗോഡ്‌സെ മറുപടി പറഞ്ഞത് മൂന്നു വെടിയുണ്ടകളിലൂടെയാണ്. ഗാന്ധി സമന്വയം ആദർശമാക്കിയപ്പോൾ ഗോഡ്‌സെ നെഞ്ചേറ്റിയത് ഹിംസാത്മക വിഘടനം ആണ്. ഈ സവിശേഷമായ ഇന്ത്യൻ സാഹചര്യത്തിൽ എല്ലാ മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെയും, എല്ലാ മതേതര വാദികളുടെയും വർഗീയ വിരുദ്ധ പോരാട്ടങ്ങളുടെ ആക്രമണത്തിന്റെ കുന്തമുനയും പ്രതിരോധത്തിന്റെ കവചവുമായി മഹാത്മാ ഗാന്ധി മാറുന്നത്.
ഗാന്ധിയിൽ തത്വങ്ങളുമുണ്ട് തന്ത്രങ്ങളുമുണ്ട്. ലക്ഷണക്കണക്കിനു സഹോദരി സഹോദരന്മാരെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ കനൽ വഴികളിലേക്ക് ഇറക്കി വിട്ട ഗാന്ധിയുടെ സമര തന്ത്രമായിരുന്നു ഉപ്പു സത്യാഗ്രഹം. ഗാന്ധി നടത്തിയ സഹന സമരങ്ങളുടെയും സത്യാഗ്രഹങ്ങളുടെയും ഉപവാസങ്ങളുടെയും അഹിംസാത്മക പ്രതിരോധത്തിന്റെയും സ്വന്തം ജീവിതത്തിലും പൊതു മണ്ഡലത്തിലും അദ്ദേഹം നടത്തിയ സത്യാന്വേഷണ പരീക്ഷണങ്ങളുടെയും ആഴങ്ങളിലേക്ക് ഇറങ്ങിയാൽ മാത്രമേ നമുക്ക് ഗാന്ധിയെ തിരിച്ചറിയാൻ കഴിയു. എന്നാൽ മാത്രമേ അഭിനവ ഗോഡ്സെമാരെ പ്രതിരോധിക്കാൻ കഴിയു .
നമ്മളെല്ലാവരും ഏത് മതത്തിൽ പെട്ടവരാണെങ്കിലും തുല്യരായി ഭാരതത്തിന്റെ മക്കളാണ്. തുല്യമായ അധികാരങ്ങളും അവകാശങ്ങളും ഉള്ളവർ. നമുക്ക് വർഗീയതയോ സങ്കുചിതത്വമോ പ്രോത്സാഹിപ്പിക്കാനാകില്ല. ചിന്തയിലും പ്രവർത്തിയിലും സങ്കുചിത മനോഭാവമുള്ള ഒരു രാഷ്ട്രത്തിനും മഹത്തരമാകാൻ കഴിയില്ല. നെഹ്രുവിന്റെ വാക്കുകൾ സവിശേഷമാകുന്ന പ്രതിസന്ധി ഘട്ടത്തിലാണ് ഇന്ത്യ എന്നാൽ, ഈ മണ്ണിൽ പിറന്നുവീണ പേരും രൂപവും പുഞ്ചിരിയും നൊമ്പരവും എല്ലാമുള്ള മനുഷ്യരുടെ സമഗ്രമായ കൂട്ടായ്‌മയാണ് എന്ന് പറഞ്ഞ മഹാത്മാ ഗാന്ധി എന്ന മനുഷ്യൻ പ്രസക്തനായി മാറുന്നെന്തെന്നും അദ്ദേഹം പറഞ്ഞു.
ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് മുഹമ്മദാലി മണ്ണാർക്കാട് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട് കുന്നു ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ പി ഹരീന്ദ്രനാഥിനെ ഹാരാർപ്പണം നടത്തി. ഗ്ലോബൽ കമ്മറ്റി മെമ്പർ നൗഫൽ പാലക്കാടൻ പി ഹരീന്ദ്രനാഥ് രചിച്ച മഹാത്മാ ഗാന്ധി -കാലവും കർമ്മപർവ്വവും" എന്ന ഗ്രന്ഥം പരിചയപ്പെടുത്തി സംസാരിച്ചു.
ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ ആമുഖ പ്രഭാഷണം നിർവഹിച്ചു. നാദിർഷ റഹിമാൻ സ്വാഗതവും കരിം കൊടുവള്ളി നന്ദിയും പറഞ്ഞു,