ഇന്ദിരാജി രക്തസാക്ഷി ദിനാചരണം
റിയാദ് : ഒഐസിസി റിയാദ് സെൻട്രൽ കമ്മറ്റി നാല്പതാമത് ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. റിയാദ് സബർമതിയിൽ സംഘടിപ്പിച്ച യോഗം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ ഉദ്ഘടാനം ചെയ്തു .വൈസ് പ്രസിഡന്റ് സജീർ പൂന്തുറ അധ്യക്ഷത വഹിച്ചു.
1984- സിഖ് കലാപവും ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിനും ശേഷം പ്രധാനമന്ത്രിക്ക് നേരെ
വധശ്രമത്തിന് സാധ്യതയുണ്ടെന്നും സിഖുകാരായ സുരാക്ഷാ ഉദ്യോഗസ്ഥരെ മാറ്റണമെന്ന റിപ്പോര്‍ട്ടുമായി എത്തിയ ഐ.ബി മേധാവിയോട് മതത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തുകയാണെങ്കില്‍ പിന്നെന്ത് മതേതരത്വമെന്ന ചോദ്യത്തിന് മുന്നില്‍ ആ ഓഫീസര്‍ക്ക് പിന്‍വാങ്ങേണ്ടിവന്നു. സെക്യുലറായ, സോഷ്യലിസ്റ്റ് ആശയങ്ങളെ മുറുകെ പിടിച്ച ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവിന്റെ മകള്‍ക്ക് അങ്ങനെയല്ലാതെ പിന്നെങ്ങിനെ പെരുമാറാൻ കഴിയുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഒഐസിസി സൗദി നാഷണൽ കമ്മറ്റി മെമ്പർ അഡ്വക്കറ്റ് എൽ കെ അജിത് .
ഒരേസമയം ആരാധനയ്ക്കും കടുത്ത വിമര്‍ശനത്തിനും പാത്രമായ രാഷ്ട്രീയ നേതാവായിരുന്നു ഇന്ദിരാ ഗാന്ധി. രാജ്യത്തെ 14 വന്‍കിട ബാങ്കുകളുടെ ദേശസാല്‍ക്കരണം, ഭൂപരിഷ്‌കരണം തുടങ്ങിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ലോകമാകെ ശ്രദ്ധിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിന് ശേഷം രാജകുടുംബങ്ങള്‍ക്ക് നല്‍കിവന്നിരുന്ന ധനസഹായങ്ങള്‍ ഇന്ദിര നിര്‍ത്തലാക്കി. ജനാധിപത്യരാജ്യത്ത് എല്ലാവരും തുല്യരാകുമ്പോള്‍ പാവങ്ങളുടെ നികുതിപ്പണം അങ്ങനെ ചെലവഴിക്കേണ്ടതില്ലെന്നായിരുന്നു ഇന്ദിരയുടെ മറുപടി.
ദാരിദ്ര്യത്തില്‍ കൂപ്പുകുത്തിയ ജനതയ്ക്ക് മുന്നില്‍ ഗരീബി ഹഠാവോ എന്ന മുദ്രാവാക്യവുമായിരുന്നു ഇന്ദിര മുന്നോട്ട് വെച്ചത്. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിലെ ഇന്ദിരയുടെ ധീരനിലപാടുകള്‍, യുദ്ധവിജയത്തോടെ ഗൂംഗി ഗുഡിയയില്‍ നിന്ന് ഇന്ദിര ആധുനിക ഇന്ത്യയുടെ ദുര്‍ഗയെന്ന പേരിൽ ജനഹൃദയങ്ങളിൽ അവരോധിക്കപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.
ഒഐസിസി റിയാദ് ഉപദേശക സമതി അംഗം കുഞ്ഞി കുമ്പള, ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ , ഗ്ലോബൽ കമ്മറ്റി മെമ്പർ യഹിയ കൊടുങ്ങല്ലൂർ ,തൃശൂർ ജില്ലാ പ്രസിഡന്റ് നാസ്സർ വലപ്പാട്, ഒഐസിസി വനിതാ വേദി വൈസ് പ്രസിഡന്റ് ജാൻസി പ്രെഡിൻ എന്നിവർ പ്രസംഗിച്ചു. ഒഐസിസി സെൻട്രൽ കമ്മറ്റി ട്രെഷറർ കരിം കൊടുവള്ളി ആമുഖ പ്രഭാഷണം നിർവഹിച്ചു. ഷഫീക് പൂരകുന്നിൽ സ്വാഗതവും അമീർ പട്ടണത് നന്ദിയും പറഞ്ഞു.