മരണത്തിനു മുന്നിൽ നിലവിളിച്ച് നാലു മണിക്കൂർ,
അയൽവാസി രക്ഷിച്ചത് വയോവൃദ്ധയെ
കൊച്ചി: ആരോരുമറിയാതെ 76 കാരി കഴുത്തറ്റം ചതുപ്പിൽ പുതഞ്ഞ് കിടന്നത് 4 മണിക്കൂർ. മരണത്തെ മുഖാമുഖം കണ്ടു കിടന്ന വയോധികയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നു രക്ഷപ്പെടുത്തി. മരടിലാണ് ദാരുണമായ സംഭവം നടന്നത്. മരട് നിവാസിയായ 76 വയസ്സുള്ള മത്സ്യത്തൊഴിലാളി കമലാക്ഷി അമ്മ വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ അബദ്ധത്തിൽ ചതുപ്പിൽ വീഴുകയായിരുന്നു. നാല് മണിക്കൂറോളമാണ് ഇവർ ചതുപ്പിൽ പുതഞ്ഞു കിടന്നത്. പ്രദേശവാസികൾ കണ്ടെത്തി ഫയർഫോഴ്‌സിനെ വിവരം അറിയിച്ചതിനു പിന്നാലെ സുരക്ഷാ സേനയെത്തി രകഷപ്പെടുത്തുകയായിരുന്നു. നീണ്ട പരിശ്രമത്തിനൊടുവിൽ ചെളിയിൽ നിന്ന് വൃദ്ധയെ പുറത്ത് എടുക്കുകയായിരുന്നു.
മരട് മുനിസിപ്പാലിറ്റിയിലെ ഡിവിഷൻ 21-ൽ മാലിന്യം നിക്ഷേപിക്കുന്ന ചതുപ്പ് സ്ഥലത്തേക്ക് കമലാക്ഷി അമ്മ അറിയാതെ വീഴുകയായിരുന്നു. കഴുത്തോളം ചെളിയിൽ മുങ്ങിയ വയോധിക ഒരു മരക്കൊമ്പിൽ തൂങ്ങിപ്പിടിച്ചാണ് നാല് മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്. പ്രദേശവാസിയായ സീനയാണ് ആദ്യം കമലാക്ഷി അമ്മയെ കാണുന്നത്. അത് വരെ ചതുപ്പിൽ ഒരാൾ കുടുങ്ങി കിടക്കുന്നത് ആരുമറിഞ്ഞിരുന്നില്ല. വീടിന് പുറത്ത് ഉണങ്ങാനിട്ട തുണികളെടുക്കാനായി എത്തിയ സീന ചെറിയ അനക്കം കേട്ട് നോക്കുമ്പാഴാണ് ചതുപ്പിൽ കുടുങ്ങി എഴുന്നേൽക്കാനാവാതെ അവശയായ കമലാക്ഷി അമ്മയെ കാണുന്നത്. ഉടനെ തന്നെ നാട്ടുകാരേയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഫയർഫോഴ്സ സംഘം ചതുപ്പിൽ നിന്നും വയോധികയെ പുറത്തെത്തിച്ചു. ചേറിൽ മുങ്ങി അവശയായ നിലയിലായിരുന്നു ഇവർ. കമലാക്ഷി അമ്മയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആരോഗ്യ സ്ഥിതി വീണ്ടെടുത്ത 76 വയസ്സുകാരി ആശുപത്രി വിട്ടു.