Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സമരഭൂമിയിൽ നിന്ന് ഒളിമ്പിക്സ് ഗോദയിലേക്ക്; മെഡലുറപ്പിക്കാൻ വിനേഷ് ഫോഗട്ടിന് ഒരു ജയം മാത്രം

Advertisement

പാരീസ്: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് സെമിയിൽ കടന്നിരിക്കുകയാണ്. 50 കി.ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്‌തിയിൽ പ്രീ ക്വാർട്ടറിൽ ജപ്പാന്റെ ലോകചാമ്പ്യനായ യുയി സുസാക്കിയെ അട്ടിമറിച്ച് ക്വാർട്ടറിൽ കടന്ന വിനേഷ്, അവിടെ യുക്രൈൻ്റെ ഒക്സാന ലിവാച്ചിനെ വീഴ്ത്തി സെമി ടിക്കറ്റും ഉറപ്പിച്ചു. ക്യൂബയുടെ യുസ്നെയ്‌ലിസ് ഗുസ്മാൻ ലോപ്പസാണ് സെമിയിൽ വിനേഷിന്റെ എതിരാളി. ചൊവ്വാഴ്ച്ച രാത്രി 10.25-നാണ് മത്സരം.

Advertisement

ഒളിമ്പിക്സ് ലക്ഷ്യമിട്ട് മറ്റു താരങ്ങളെല്ലാം കഠിന പരിശീലനങ്ങൾ ആരംഭിച്ച 2023 ജനുവരിയിൽ വിനേഷ് ഫോഗട്ട് ഡൽഹിയിലെ സമരവേദിയിൽ ആയിരുന്നു. അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിനുവേണ്ടി പോരാടിയ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്ത ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം.പിയുമായിരുന്ന ബ്രിജ് ഭൂഷണെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ നടത്തിയ സമരത്തിന് നേതൃത്വം നൽകുകയായിരുന്നു വിനേഷ് ഫോഗട്ട്.

ഒളിമ്പിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്രംഗ് പൂനിയ ഉൾപ്പെടെ ഡൽഹിയിലെ തെരുവീഥിയിൽ സമരവുമായി മുന്നോട്ടു പോയി. വനിതാ ഗുസ്തി താരങ്ങളുടെ സമരം ആറുമാസത്തോളം കണ്ടില്ലെന്നുനടിച്ച കേന്ദ്രസർക്കാർ സമരം ശക്തമായതിന് പിന്നാലെ ഗത്യന്തരമില്ലാതെ ബിജെപി നേതാവിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. അതിന്റെ പേരിൽ വിനേഷും സഹതാരങ്ങളും നേരിട്ട വേട്ടയാടലുകൾ, അധിക്ഷേപങ്ങൾ, തെരുവിൽ സമരം ചെയ്ത വനിതാ താരങ്ങളെ വലിച്ചിഴച്ച പോലീസ് നടപടിയെയും നേരിട്ടാണ് വിനേഷ് സമര ഗോദയിൽ നിന്നും പാരീസ് ഒളിംപിക്സ‌ിലെ 50കിലോ ഫ്രീസ്‌റ്റൈൽ ഗുസ്തി മത്സരത്തിന്റെ ഗോദയിൽ എത്തുന്നത്.

റൗണ്ട് 16ലെ ആദ്യ മത്സരത്തിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിക്കെതിരേ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് ഇന്ത്യൻ താരം പുറത്തെടുത്തത്. 3-2 എന്ന സ്കോറിനായിരുന്നു ജയം. 2-0ന് പിന്നിൽപ്പോയ ശേഷം അവസാനം 30 സെക്കൻഡിലാണ് വിനേഷ് ഏവരേയും ഞെട്ടിച്ച തിരിച്ചുവരവ് നടത്തിയത്. അന്താരാഷ്ട്ര തലത്തിൽ സുസാക്കിയുടെ ആദ്യ തോൽവിയായിരുന്നു ഇത്. ഇതിനു മുമ്പ് നടന്ന 82 അന്താരാഷ്ട്ര മത്സരങ്ങളിലും ജപ്പാൻ താരം തോൽവിയറിഞ്ഞിരുന്നില്ല. ടോക്യോയിൽ സ്വർണത്തിലേക്കുള്ള വഴിയിൽ ഒരു പോയന്റ് പോലും നഷ്ട‌പ്പെടുത്താതിരുന്ന താരമായിരുന്നു സുസാക്കി. കരിയറിൽ തോറ്റത് ആകെ മൂന്ന് മത്സരങ്ങളിൽ മാത്രവും. എന്നാൽ പിന്നീട് പാരീസ് വേദിയായത് ഒളിമ്പിക് ഗുസ്‌തി ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനായിരുന്നു.

പിന്നാലെ ക്വാർട്ടറിൽ യുക്രൈന്റെ ഒക്സാന ലിവാച്ചിനെതിരേ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇന്ത്യൻ താരം 7-5ന്റെ ജയത്തോടെയാണ് സെമിയിലേക്ക് മുന്നേറിയത്. മത്സരത്തിൽ 4-0ന് മുന്നിലെത്തിയ ശേഷം പിന്നാക്കംപോയ വിനേഷ് ഒടുവിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഒരു ജയംകൂടി നേടിയാൽ പാരീസിൽ വിനേഷിന് മെഡലുറപ്പിക്കാം.

Tags :
featuredSports
Advertisement
Next Article