തട്ടിക്കൊണ്ടു പോകൽ പ്രതികൾ മൂന്നു പേർ മാത്രം,
ഇന്നു കോടതിയിൽ ഹാജരാക്കും
കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ആകെ മൂന്നു പ്രതികൾ മാത്രമാണുള്ളതെന്നാണു പ്രാഥമിക നിഗമനമെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. ഇതുവരെ ലഭിച്ച സൂചനകൾ പ്രകാരം കൂടുതൽ പ്രതികളുള്ളതായി വിവരമില്ല. പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പ്രതികളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് അജിത് കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
വലിയ കടബാധ്യതയാണ് തന്നെക്കൊണ്ട് ഈ കടും കൈ ചെയ്യിക്കാൻ പ്രേരിപ്പിച്ചതെന്ന് പദ്മകുമാർ പറഞ്ഞു. ആഞ്ചു കോടിയിലധികം രൂപയുടെ ബാധ്യതയുണ്ട്. ഇതു കൊടുത്തു തീർക്കാൻ ആറു കോടിയിലധികം രൂപയുടെ ആസ്തിയുമുണ്ട്. എന്നാൽ പെട്ടെന്നു തിരികെ കൊടുക്കേണ്ടിയിരുന്ന പത്ത് ലക്ഷം രൂപ കണ്ടെത്താനായിരുന്നു തട്ടിപ്പോകൽ. ഇതിനായി കഴിഞ്ഞ ഒന്നര മാസമായി പ്രതികൾ പലേടത്തും പദ്ധതിയിട്ടു. ഒടുവിലാണ് ഓയൂരിലെത്തിയത്.
തന്റെ മാത്രം ആശയമായിരുന്നു തട്ടിക്കൊണ്ടു പോകലെന്നു പദ്മകുമാർ പറഞ്ഞെങ്കിലും ഭാര്യ അനിത കുമാരിയാണ് ഇതിന്റെ ബുദ്ധി കേന്ദ്രമെന്നും അജിത് കുമാർ ചൂണ്ടിക്കാട്ടി. ഒരു വർഷം മുൻപ് തുടങ്ങിയ ആശയമാണ്. ഒന്നര മാസം മുൻപാണ് നടപ്പാക്കിയത്. വരുമാനത്തിലുണ്ടായ ഇടിവും ഇടപാടുകാരുടെ സമ്മർദവുമാണ് ഇതിനു കാരണം. എന്നാൽ തുടക്കത്തിൽ മകൾ അനുപം ഇതിനെ ശക്തമായി എതിർത്തിരുന്നു. ഒന്നര മാസം മുൻപ് മകളും മാതാപിതാക്കളുടെ ഒപ്പം കൂടി. മൂന്നു പേരും കേസിൽ പ്രതികളാണെന്നും എം.ആർ. അജിത് കുമാർ വ്യക്തമാക്കി.