81-ാം ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ തിളങ്ങി ഓപ്പൺഹെെമറും ബാർബിയും
ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ തിളങ്ങി ക്രിസ്‌റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമർ. മികച്ച സിനിമ ഉൾപ്പടെ അഞ്ച് പുരസ്ക്കാരങ്ങൾ ഓപ്പൻഹൈമർ സ്വന്തമാക്കി. കിലിയൻ മർഫി മികച്ച നടനും നോളൻ മികച്ച സംവിധായകനുമായി. ലില്ലി ഗ്ലാഡ്സ്റ്റോനാണ് മികച്ച നടി. പരമ്പരകളിൽ എച്ച്ബിഒയുടെ സക്സഷനും നെറ്റ്ഫ്ലിക്‌സിന്റെ ബീഫും തിളങ്ങി.Dr. ജെ. ഓപ്പൻഹൈമറിനെ പകർത്തിയ മികവിന് കിലിയൻ മർഫിക്ക് കരിയറിലെ ആദ്യ ഗോൾഡൻ ഗ്ലോബ്. ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനും റോബർട്ട് ഡൗനി ജൂനിയർ മികച്ച സഹനടനും ലുഡ്വിഗ് ഗൊരെൻസൻ മികച്ച സംഗീത സംവിധായകനുമായി.
മാർട്ടിൻ സ്കോർസസി ചിത്രം കില്ലേഴ്സ് ഓഫ് ദ ഫ്ലവർ മൂൺ, ഒറ്റ പുരസ്കാരത്തിൽ ഒതുങ്ങി. മികച്ച നടിയായി ഫ്ലവർ മൂണിലെ ലില്ലി ഗ്ലാഡ്‌സ്‌റ്റോൻ. മികച്ച തിരക്കഥക്കും ഇംഗ്ലീഷ് ഇതരഭാഷാ ചിത്രത്തിനമുള്ള ഗോൾഡൻ ഗ്ലോബ്, അനറ്റോമി ഓഫ് ദ ഫാൾ എന്ന ഫ്രഞ്ച് കോർട്ട്റൂം ഡ്രാമ സ്വന്തമാക്കി. മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ എമ്മ സ്റ്റോൺ നടിയും പോൾ ജിയമാറ്റി നടനുമായി. സീരിസുകളിൽ അധിപത്യം എച്ച്ബിഒയുടെ സക്സഷന്. മികച്ച ഡ്രാമ, നടൻ, നടി, സഹനടൻ പുരസ്‌കാരങ്ങൾ സക്സഷനിലേ താരങ്ങൾക്ക്. നെറ്റ്ഫ്ലിക്‌സിൻ്റെ ദ ക്രൗണിന് ലഭിച്ചത് ഒരൊറ്റ പുരസ്‌കാരം. സഹനടിയായി എലിസബെത് ഡെബിക്കി. ലിമിറ്റഡ് സീരീസ് വിഭാഗത്തിൽ നെറ്റ്ഫ്ലിക്‌സിന്റെ ബീഫും മ്യൂസിക്കൽ കോമഡി വിഭാഗത്തിൽ ദ ബെയറും മൂന്ന് പുരസ്കാരങ്ങൾ വീതം നേടി. ഈ വർഷം മുതൽ അവാർഡ് പട്ടികയിൽ പുതിയതായി ഉൾപ്പെടുത്തിയ ബോക്സ് ഓഫിസ് ആൻഡ് സിനിമാറ്റിക് അച്ചീവ്മെന്റ് പുരസ്കാരത്തിന് ബാർബി അർഹമായി. ബാർബിയിൽ ബില്ലി ഐലിഷ് ആലപിച്ച വാട്ട് വാസ് ഐ മേഡ് ഫോർ എന്ന ഗാനം ഒറിജനൽ സോങ് ആയി തിരഞ്ഞെടുക്കപ്പെട്ടു.