പെൻഷൻ കുടിശിക: സർക്കാർ നുണ ആവർത്തിക്കുന്നു, പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: സാമൂഹ്യ പെൻഷൻ മുടങ്ങിയതുമൂലം ചക്കിട്ടപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ കള്ളം പറയുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു നുണ ആയിരം തവണ പറഞ്ഞാൽ സത്യം ആകുമോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ചക്കിട്ടപ്പാറയിലെ ജോസഫിനെ മരിച്ചാലും വെറുതേ വിടുന്നില്ല. സാമ്പത്തിക പ്രതിസന്ധികാലത്ത് സർക്കാരിന് ധൂർത്തെന്നും അദ്ദേഹം ആരോപിച്ചു.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടിയാണ് ഏറ്റവും കൂടുതൽ പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകിയത്. അന്നത്തെ ഗവണ്മെന്റ് അധികാരം ഒഴിയുമ്പോൾ 2013 നവംബർ മുതൽ 2014 ഫെബ്രുവരി വരെയുള്ള നാല് മാസത്തെ പെൻഷനാണു കുടിശിക ഉണ്ടായിരുന്നത്. അതാണ് 18 മാസത്തെ കുടിശികയെന്ന് സിപിഎം പ്രചരിപ്പിച്ചത്. നട്ടാൽ കുരുക്കാത്ത നുണയാണ് അന്ന് ഇടതുമുന്നണി പ്രചരിപ്പിച്ചത്. ഇന്നും അതു തുടരുന്നു. ഇടുക്കിയിൽ മറിയക്കുട്ടി എന്ന വയോധിക നടത്തിയ ഒറ്റയാൾ പോരാട്ടത്തെ പോലും സൈബർ സഖാക്കളെ ഉപയോഗിച്ച് ആക്ഷേപിക്കുകയാണ് സിപിഎം ചെയ്തതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ക്ഷേമപെൻഷൻ 5 മാസം മുടങ്ങിയതിൽ മനം നൊന്ത് ചക്കിട്ടപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്ത സംഭവം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സർക്കാർ നൽകുന്ന ഔദാര്യമല്ല പെൻഷനെന്ന് അടിയന്തര പ്രമേയത്തിന് അനുമതിതേടിയ പിസി വിഷ്ണുനാഥ് പറഞ്ഞു. ഇന്ധന സെസ്സ് പോലും പെൻഷൻറെ പേര് പറഞ്ഞാണ് ഏർപ്പെടുത്തിയത്.
ജോസഫ് നേരത്തെ ആത്മഹത്യ ചെയ്യും എന്ന് നോട്ടീസ് കൊടുത്തിരുന്നു. പെൻഷൻ കുടിശിക കിട്ടാത്തതിൽ മനംനൊന്താണ് മരണമെന്നും സർക്കാരാണ് ഉത്തരവാദിയെന്നും ജോസഫിൻറെ കുറിപ്പ് ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ വാദങ്ങളെ കേന്ദ്ര സർക്കാരിന്റെ മേൽ ചാരി രക്ഷപ്പെടാനാണ് മന്ത്രി ശമിച്ചത്. കേന്ദ്രം തന്നാൽ പെൻഷൻ നൽകാമെന്നായിരുന്നു മറുപടി. മന്ത്രിയുടെ വിശദീകരണത്തിൻറെ അടിസ്ഥാനത്തിൽ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേേധിച്ചു. തുടർന്നു പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.