കോഴിക്കോടിന്റെ മൊഞ്ച് പാട്ടിലാക്കി 'നമ്മുടെ കോഴിക്കോട്'
കോഴിക്കോട്: സുല്‍ത്താന്റെ കഥയിലെ ബീവി.. കല്ലായിപ്പുഴയുടെ തോഴി… ബാബുക്ക പാടുന്ന പാട്ടില്‍ മലര്‍വാക പോലെ പൂത്തു നില്‍ക്കുന്ന കോഴിക്കോട് നഗരം. കോഴിക്കോടിന്റെ മൊഞ്ച് പാട്ടിലാക്കിയ നമ്മുടെ കോഴിക്കോട് പാട്ട് യൂടൂബിലും സ്പോട്ടിഫൈയിലും ഗാനയിലും തരംഗമാവുന്നു.
കോഴിക്കോടിനെ ആസ്പദമാക്കി മലബാറിലെ കലാകാരന്‍മാരുടെ കൂട്ടായ്മ ഒരുക്കുന്ന 'മിഠായിത്തെരുവ്' എന്ന വെബ് സീരിസ് ഉടനെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചലച്ചിത ഛായാഗ്രാഹകനായ അര്‍ഷാദ് അബ്ദു സംവിധാനം ചെയ്യുന്ന ഈ വെബ് സീരീസിന്റെ വിളംബര ഗാനമായാണ് 'നമ്മുടെ കോഴിക്കോട് ' പാട്ട് പുറത്തിറക്കിയത്.
സാമൂതിരി രാജവംശം മുതല്‍ ബാബുരാജ് വരെയുള്ള കോഴിക്കോടിന്റെ സാംസ്‌കാരിക ചരിത്രം പ്രതിപാദിക്കുന്നതാണ് പാട്ട്. എന്നാല്‍ ചടുലമായ താളത്തിലുള്ള പാട്ട് തീരെ ലാഗ് ഇല്ലാതെയാണ് എഴുതിയിരിക്കുന്നത്. ചലച്ചിത്ര സംഗീത സംവിധായകനും നിര്‍മാതാവുമായ രാജേഷ് ബാബു ശൂരനാടാണ് പാട്ടിന് ഈണമൊരുക്കിയത്. മാധ്യമ പ്രവര്‍ത്തകനും ഗാനരചയിതാവുമായ മിത്രന്‍ വിശ്വനാഥാണ് വരികള്‍ എഴുതിയത്. ടോപ്സിങ്ങര്‍ ജൂനിയര്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗായിക അമൃതവര്‍ഷിണിയാണ് പാട്ട് പാടിയത്. പ്രൊവിഡന്‍സ് ഗേള്‍സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ഈ വര്‍ഷം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഉറുദു ഗസല്‍ ആലാപനത്തില്‍ ഒന്നാം സ്ഥാനക്കാരിയാണ് അമൃതവര്‍ഷിണി. പിന്നണി ഗായകന്‍ അജ്മല്‍ ബഷീറും റോഷ്നി കൃഷ്ണയുമാണ് മറ്റു ഗായകര്‍.