ബംഗ്ലാദേശിലെ അട്ടിമറിക്ക് പാകിസ്ഥാന് പങ്കുണ്ടോ; സർവകക്ഷി യോഗത്തിൽ ചോദ്യവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബംഗ്ലാദേശിലെ സംഭവങ്ങൾക്ക് പിന്നിൽ വിദേശ ശക്തികൾക്ക് പങ്കുണ്ടോയെന്ന ചോദ്യം സർവകക്ഷി യോഗത്തിൽ ഉന്നയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദേശശക്തികൾക്ക്, പ്രത്യേകിച്ച് പാകിസ്താന് വിഷയത്തിൽ പങ്കുണ്ടോ എന്നായിരുന്നു ചോദ്യം. ബംഗ്ലാദേശിലെ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെന്റിൽ ചേർന്ന സർവകക്ഷി യോഗത്തിനിടെയാണ് രാഹുൽ ചോദ്യമുന്നയിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് ജയ്‌ശങ്കർ മറുപടി നൽകി.
ബംഗ്ലാദേശിൽ കലാപം രൂക്ഷമാകുന്നതിന് പിന്നാലെ ഒരു പാക് നയതന്ത്രജ്ഞൻ തന്റെ സാമൂഹികമാധ്യമത്തിലെ മുഖചിത്രം മാറ്റിക്കൊണ്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കൃത്യമായി പരിശോധിക്കുമെന്ന് കേന്ദ്രം യോഗത്തിൽ അറിയിച്ചതായി എൻഡി ടിവി റിപ്പോർട്ട് ചെയ്‌തു. ബംഗ്ലാദേശിലെ അധികാരമാറ്റത്തിൻ്റെ പശ്ചാത്തലത്തിൽ ഉണ്ടായേക്കാവുന്ന നയതന്ത്രപരമായ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള കേന്ദ്രസർക്കാർ സ്വീകരിക്കുന്ന ഹ്രസ്വ-ദീർഘകാല നടപടികളെന്താണെന്നായിരുന്നു രാഹുലിൻ്റെ മറ്റൊരി ചോദ്യം. ധാക്കയിലെ നിലവിലെ സാഹചര്യം സർക്കാർ സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നായിരുന്നു എസ്. ജയ്ശങ്കറിന്റെ മറുപടി.