പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
തൃശൂര്‍: കരാര്‍ ലംഘനത്തിന് പാലിയേക്കര ടോള്‍ കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ ദേശീയപാത അതോറിറ്റി പിഴ ചുമത്തിയ സാഹചര്യത്തില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ടോള്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള കമ്പനിയുടെ നീക്കം സര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് തൃശൂര്‍ ഡി.സി.സി വൈസ് പ്രസിഡന്റും ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. ജോസഫ് ടാജറ്റ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ആവശ്യം ഉന്നയിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനും വകുപ്പ് സെക്രട്ടറിക്കും തൃശൂര്‍ കലക്ടര്‍ക്കും കത്ത് നല്‍കി.
കമ്പനിയുടെ കരാര്‍ ലംഘനം നിരന്തരമായി പുറത്തുകൊണ്ടുവരുന്നതിനാലാണ് കമ്പനിക്ക് ഇത്രയും ഭീമമായ തുക പിഴ അടക്കേണ്ടിവരുന്നത്. കരാര്‍ പ്രകാരം എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിന് നിരക്ക് വര്‍ധിപ്പിക്കാം. അതിന് 45 ദിവസം മുമ്പ് കരാര്‍ കമ്പനി ദേശീയപാത അതോറിറ്റിക്ക് ശിപാര്‍ശ സമര്‍പ്പിക്കണം. അതിന് മൊത്തവില സൂചികയുടെ അടിസ്ഥാനത്തില്‍ കണക്കാക്കി അനുമതി നല്‍കണം.
കരാര്‍ ലംഘനത്തിന് ജൂണ്‍ 30 വരെ 2128.72 കോടി രൂപ പിഴ ചുമത്തപ്പെടുകയും കരാറില്‍ പറയുന്ന പ്രവൃത്തികള്‍ ചെയ്ത് തീര്‍ക്കാത്തതിനാലും കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി കരാറില്‍നിന്നും പുറത്താക്കാന്‍ അതോറിറ്റിതന്നെ നടപടി സ്വീകരിച്ച സാഹചര്യത്തിലും സുരക്ഷ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കാത്തതിനാലും നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് അതോറിറ്റിക്ക് നിയമപരമായ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു.
2022 നവംബറില്‍ നടത്തിയ സുരക്ഷ ഓഡിറ്റില്‍ പറയുന്ന അതിതീവ്ര, തീവ്ര അപകട സാധ്യതയുള്ള 11 ബ്ലാക്ക് സ്‌പോര്‍ട്ടുള്‍പ്പെടെ അമ്പതോളം കവലകളില്‍ നിര്‍ദേശിച്ച മേല്‍പാലങ്ങള്‍, അടിപാതകള്‍, യു ടേണ്‍ ട്രാക്കുകള്‍, സൈന്‍ ബോര്‍ഡുകള്‍ തുടങ്ങിയവ കമ്പനി സ്ഥാപിച്ചിട്ടില്ല. ആമ്പല്ലൂര്‍, പേരാമ്പ്ര, മുരിങ്ങൂര്‍, കൊരട്ടി, ചിറങ്ങര ബ്ലാക്ക് സ്‌പോട്ടുകളിലെ അടിപ്പാത മാത്രമാണ് പണി ആരംഭിച്ചത്. മറ്റ് പ്രവൃത്തികള്‍ തീര്‍ക്കാതെ നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കരുതെന്ന് കാണിച്ച് കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് നിലനില്‍ക്കുകയാണ്. ഈ വര്‍ഷത്തെ നിരക്ക് വര്‍ധനവ് തടയാന്‍ ബോധിപ്പിച്ച ഹര്‍ജി ഈ ആഴ്ച വിചാരണക്ക് വരും.
2018ലെ നിരക്ക് വര്‍ധനവിനെതിരെ തങ്ങള്‍ നല്‍കിയ കേസില്‍ എല്ലാ പ്രവൃത്തികളും ചെയ്തു എന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ ഹരജി തീര്‍പ്പാക്കിയതാണ്. ഇപ്പോഴും പ്രവൃത്തികള്‍ ചെയ്ത് തീര്‍ത്തിട്ടില്ല എന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഇത് ഗുരുതരമായ വീഴ്ചയാണ്. ജൂണ്‍ 30 വരെ 1412.45 കോടി രൂപ പിരിച്ചെടുത്തുവെന്നും ദിവസേന 42,000 വാഹനങ്ങള്‍ പ്ലാസ വഴി കടന്നു പോകുന്നു വെന്നും ഇതിന് 53 ലക്ഷം രൂപ ലഭിക്കുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ഇനിയും ജനങ്ങളെ കൊള്ളയടിക്കാന്‍ കമ്പനിയെ സര്‍ക്കാര്‍ അനുവദിക്കരുതെന്ന്‌ജോസഫ് ടാജറ്റ് പറഞ്ഞു.