Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി ലീഗ് മുഖപത്രം

11:47 AM Nov 18, 2024 IST | Online Desk
Advertisement

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാള്‍ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടി നൽകി ലീഗ് മുഖപത്രം ചന്ദ്രിക. പാണക്കാട് കുടുംബത്തെയും സാദിഖലി ശിഹാബ് തങ്ങളെയും ലക്ഷ്യംവെക്കുന്നതിലൂടെ പിണറായി വിജയന്‍ സംഘപരിവാർ താല്‍പര്യങ്ങള്‍ക്ക് കൈത്താങ്ങാണ് നൽകുകയാണെന്ന് ചന്ദ്രിക ആരോപിക്കുന്നു. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദത്തിന്റെ കടക്കല്‍ കത്തിവെക്കാനും വര്‍ഗീയ ധ്രുവീകരണത്തിനും സംഘപരിവാർ ശക്തികളുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക് ഗുണം ചെയ്യുന്ന നീക്കങ്ങളാണ് ഇടതുസര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടേയും ഭാഗത്തുനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

Advertisement

തൃശ്ശൂര്‍പൂരം കലങ്ങിയതിലും ആര്‍.എസ്.എസ് ബന്ധത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഉന്നത ഉദ്യോഗസ്ഥരോടുള്ള അനുഭാവ പൂര്‍ണമായ സമീപനത്തിലും മുനമ്പം വിഷയം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതുമെല്ലാം ഈ സഹായഹസ്തത്തിന്റെ ലാഞ്ചനകളാണ് നിറഞ്ഞുനില്‍ക്കുന്നത്. ബി.ജെ.പിയുടെ ഉന്നതാധികാര സമിതി അംഗമായിരുന്ന സന്ദീപ് വാര്യര്‍ നിബന്ധനകളില്ലാതെ മതേതരപക്ഷത്തേക്ക് കടന്നുവരികയും കൊടപ്പനക്കല്‍ തറവാട്ടിലെത്തി ആശിര്‍വാദം വാങ്ങുകയും ചെയ്യുമ്പോള്‍ മുഖ്യമന്ത്രിക്ക് അസ്വസ്ഥതയും അസഹിഷ്ണുതയുമുണ്ടാകുന്നുവെങ്കില്‍ അത് സംഘപരിവാര്‍ ബാന്ധവത്തിന്റെ അനുരണനമല്ലാതെ മറ്റെന്താണെന്ന് ചന്ദ്രിക ചോദിക്കുന്നു.

ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തെ സാദിഖലി തങ്ങളെ വിമര്‍ശിക്കാന്‍ പിണറായി ഉപയോഗിച്ചത് യാദൃശ്ചികമായി കാണാനാകില്ലെന്നും 'പാണക്കാട് തങ്ങളെ പിണറായി അളക്കേണ്ട' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ചന്ദ്രിക പറയുന്നു.

Tags :
featuredkeralanewsPolitics
Advertisement
Next Article