നവകേരള സദസുമായി സഹകരിക്കാത്തതിന് പഞ്ചായത്ത് സെക്രട്ടറിമാർക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന നവകേരള സദസുമായി സഹകരിച്ചില്ല എന്ന് ആരോപിച്ച് പഞ്ചായത്ത് സെക്രട്ടറിമാർക്ക് സ്ഥലംമാറ്റം. കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽനിന്നായി നാല് ഉദ്യോഗസ്ഥർക്കെതിരെയാണു നടപടി. തദ്ദേശ വകുപ്പാണു സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.
പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുൺ കുമാർ എൻ, പാലക്കാട് പരുതൂർ സെക്രട്ടറി ഷാജി എസ്.എൽ, ആനക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേന്ദ്രൻ പി.കെ, കോഴിക്കോട് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനീഷ വി എന്നിവരെയാണ് സ്ഥലം മാറ്റിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജനസദസ്സിനു മുന്നോടിയായുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളോട് സഹകരിച്ചില്ലെന്നാണു നടപടിക്കു കാരണമായി പറയുന്നത്.
നവകേരള സദസുമായി ബന്ധപ്പെട്ട യോഗത്തിലും ഇതുമായി ബന്ധപ്പെട്ട് നടന്ന സംഘാടക സമിതി യോഗത്തിലും പങ്കെടുത്തില്ല എന്ന് സ്ഥലം മാറ്റ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ഇത് അതീവ ഗുരുതരമായ വീഴ്ചയാണെന്നും അതുകൊണ്ടാണ് നടപടി സ്വീകരിക്കുന്നതെന്നും ഉത്തരവിൽ പറയുന്നു.