പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; ജർമൻ പൗരത്വമുള്ള പ്രതി വിദേശത്തേക്ക് കടന്നതായി സൂചന
കോഴിക്കോട്: പന്തീരം കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി വിദേശത്തേക്ക് കടന്നതായി സൂചന. നവ വധുവിനെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി പന്തീരാങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലന് ജോലിസ്ഥലമായ ജര്‍മനിയിലേക്കു കടന്നതായി സൂചന. ജര്‍മനിയില്‍ എയ്റോനോട്ടിക്കൽ എന്‍ജിനീയറാണ് ഇയാള്‍.
രാഹുൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമായതിനാലാണ് രാജ്യം വിടേണ്ടി വന്നതെന്നും രാഹുൽ പറഞ്ഞു. രാഹുല്‍ രാജ്യം വിട്ടോ എന്ന് ഉറപ്പിക്കാന്‍ ഫോറിനേഴ്സ് റീജണല്‍ രജിസ്ട്രേഷന് ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടുണ്ട്.ഇയാള്‍ക്കുവേണ്ടി പോലീസ് രാജ്യമെങ്ങും ജാഗ്രത പുലര്‍ത്തിവരികയാണ്. എല്ലാ വിമാനത്താവളങ്ങളിലേക്കും സന്ദേശം അയച്ചിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
രാഹുല്‍ ബംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതായി ചില സൂചനകള്‍ ലഭിച്ചതിനു പിന്നാലെ പോലീസ് സംഘം അവിടേക്ക് പോയിട്ടുണ്ട്. രാഹുലിന് അനുകൂലമായി നിലപാടെടുത്ത പന്തീരാങ്കാവ് പോലീസ് ഇയാള്‍ക്ക് രാജ്യം വിടാന്‍ സഹായം ചെയ്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്.