പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കി
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കി. തനിക്ക് പരാതിയില്ലെന്നും ഭര്‍ത്താവ് രാഹുല്‍ പി ഗോപാലിനൊപ്പം ജീവിക്കണമെന്നും കാണിച്ച് യുവതി നേരത്തെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് റദ്ദാക്കിയത്.
സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് രാഹുല്‍ പി ഗോപാല്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പറഞ്ഞുകൊണ്ട് യുവതി തന്നെയാണ് ആദ്യം രംഗത്തെത്തിയത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കിപ്പുറമായിരുന്നു നവവധു ഗുരുതര ആരോപണങ്ങളുന്നയിച്ചത്.
ഭര്‍ത്താവ് ബെല്‍റ്റുകൊണ്ട് മര്‍ദ്ദിച്ചുവെന്നും ചാര്‍ജര്‍ കേബിള്‍ വച്ച് കഴുത്തുമുറുക്കിയെന്നുമൊക്കെ പറഞ്ഞിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടെന്നും ആരോപിച്ചിരുന്നു. എന്നാല്‍ കുറച്ചുനാളുകള്‍ക്ക് ശേഷം തന്നെ ഭര്‍ത്താവ് ഉപദ്രവിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് യൂട്യൂബ് വീഡിയോയിലൂടെ യുവതി രംഗത്തെത്തി. ബന്ധുക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവായ രാഹുലിനെതിരെ പരാതി നല്‍കിയത്. അന്ന് തനിക്ക് പക്വമായ നിലപാട് എടുക്കാന്‍ കഴിഞ്ഞില്ല. അതില്‍ കുറ്റബോധമുണ്ടെന്നും അന്ന് രഹസ്യമൊഴി നല്‍കിയപ്പോള്‍ അച്ഛന്റെ സമ്മര്‍ദ്ദം കാരണമാണ് കോടതിയോട് കള്ളം പറയേണ്ടി വന്നതെന്നും വീഡിയോയില്‍ യുവതി പറഞ്ഞിരുന്നു.
തനിക്ക് പരാതിയുണ്ടായിരുന്നില്ലെന്നും രാഹുലേട്ടന്റെ കൂടെ പോകാനാണ് ആഗ്രഹിച്ചിരുന്നതെന്നും വീട്ടുകാര്‍ ഇടപെട്ട് കാര്യങ്ങള്‍ വഷളാക്കുകയായിരുന്നുവെന്നും യുവതി മാദ്ധ്യമങ്ങളോടും പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. പ്രതിയായ രാഹുല്‍ മകളെ സ്വാധീനിച്ചതായിരിക്കാം മൊഴി മാറ്റത്തിന് കാരണമെന്നായിരുന്നു അന്ന് യുവതിയുടെ പിതാവ് പറഞ്ഞത്.