പാരീസ് ഒളിമ്പിക്സിന് ശുഭപര്യവസാനം; ഇന്ത്യന്‍ പതാകയുമായി ശ്രീജേഷും മനു ഭാക്കറും
പാരീസ്: 2024 പാരിസ് ഒളിംപിക്‌സിന് കൊടിയിറങ്ങി. സെന്‍ നദിക്ക് അഭിമുഖമായുള്ള സ്റ്റാഡ് ദ ഫ്രാന്‍സ് സ്റ്റേഡിയത്തില്‍ വര്‍ണാഭവും താരനിബിഡവുമായ ചടങ്ങുകള്‍ക്കൊടുവില്‍ ലോക കായിക മാമാങ്കത്തിന് കൊടിയിറങ്ങി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ഓടെയായിരുന്നു സമാപന ചടങ്ങുകൾക്ക് തുടക്കമായത്. ചടങ്ങിൽ മലയാളിതാരം പി.ആർ.ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യൻ പതാകയേന്തി.
അടുത്ത ഒളിമ്പിക്സ് 2028ൽ ലോസ് ആഞ്ചലസിലാണ്. പതിനേഴ് നാളുകൾ നീണ്ട കായിക മാമാങ്കത്തിനാണ് കൊടിയിറങ്ങിയത്. രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷ പരിപാടികളോടെ പാരീസ് ഒളിമ്പിക്സിനോട് ബൈ പറഞ്ഞു. 2028ലെ ഒളിംപിക്സിന് വേദിയായ ലൊസാഞ്ചസ് മേയർ കരെൻ ബാസ്, പാരിസ് മേയർ ആനി ഹിഡാൽഗോയിൽനിന്ന് ഒളിംപിക് പതാക ഏറ്റുവാങ്ങി. ഫ്രാൻസിന്റെ നീന്തൽ താരം ലിയോൺ മെർച്ചന്റ് ഒളിംപിക് ദീപം അണച്ചു. ഇന്റർനാഷ്ണൽ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്ക് മുപ്പത്തിമൂന്നാമത് ഗെയിംസ് സമാപനമായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.