പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ സമിതിയുടെ റിപ്പോർട്ടിൻമേൽ പരിശോധനക്കായി സമിതിയെ നിയോഗിച്ച സർക്കാർ തീരുമാനം ജീവനക്കാരുടെ കണ്ണിൽ പൊടിയിടാനുളള ലക്ഷ്യം മുൻനിർത്തിയുള്ളതാണെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറി ഏഴര വർഷമായിട്ടും വാക്കുപാലിക്കുന്നതിന് എൽഡിഎഫ് സർക്കാർ തയ്യാറായിട്ടില്ല. പുനഃപരിശോധനാ സമിതി നിയോഗിച്ചിട്ട് അഞ്ചു വർഷമായി. റിപ്പോർട്ട് സമർപ്പിക്കപ്പെട്ടിട്ട് രണ്ടര വർഷമായി. റിപ്പോർട്ടിൻ്റെ ഉള്ളടക്കം എന്തെന്ന് ഇനിയും പുറത്തുവിട്ടിട്ടില്ല. വരവകാശനിയമപ്രകാരമുള്ള അപേക്ഷ സമർപ്പിച്ചിട്ടു കൂടി റിപ്പോർട്ട് ലഭ്യമാക്കിയിട്ടില്ല.
ഈ വിഷയത്തിൽ സർക്കാരിൻ്റെ ആത്മാർത്ഥത ഇല്ലായ്മയും കള്ളക്കളികളും പുറത്തു വന്നതോടെയാണ് വീണ്ടും പരിശോധനാസമിതി എന്ന തന്ത്രവുമായി സർക്കാർ രംഗത്തെതിയത്.
ഇന്ത്യയിൽ ആറ് സംസ്ഥാനങ്ങളിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുകയുണ്ടായിരുന്നു. കേരളത്തിൽ ഇടതു സർക്കാർ അതിന് മുതിരാതെ മുടന്തൻ ന്യായങ്ങൾ നിരത്തി സമയം പാഴാക്കുകയായിരുന്നു. മാത്രവുമല്ല അതിൻ്റെ പേരിൽ 3511 കോടി രൂപ സർക്കാർ കടവുമെടുത്തു.
ലോക് സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലിലെത്തിയതും സർക്കാർ ജീവനക്കാർക്കിടയിൽ രൂപപ്പെട്ട വ്യാപകമായ അമർഷവും പ്രതിഷേധവുമാണ് സർക്കാരിനെ ഇപ്പോൾ ഇങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്.പങ്കാളിത്ത പെൻഷൻ പിൻലിക്കാൻ സർക്കാർ ഇച്ഛാശക്തി കാണിക്കണമെന്നും ഇനി ഇക്കാര്യത്തിൽ വീണ്ടും ഒരു പരിശോധന സമിതിയുടെ ആവശ്യം ഇല്ലെന്നും പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി ബിനോദ് കെയും പറഞ്ഞു.