നൂറാം വയസ്സില്‍ പാറുക്കുട്ടിയമ്മ ശബരിമലയിലെത്തി കന്നിമാളികപ്പുറമായി
ശബരിമല: അയ്യനെ കാണാനുള്ള ആഗ്രഹത്തിന് മുന്നില്‍ പാറുക്കുട്ടി അമ്മയ്ക്ക് പ്രായം ഒരു തടസ്സമായില്ല. നൂറാം വയസ്സില്‍ ശബരിമലയിലെത്തി അയ്യപ്പനെ കണ്ട് ശരണം വിളിച്ചിരിക്കുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ.ആദ്യമായിട്ടാണ് പാറുക്കുട്ടിയമ്മ ശബരിമലയില്‍ എത്തുന്നത്. ഓരോ പടിയും ശ്രദ്ധയോടെ നടന്നുകയറി അയ്യനെ കണ്ടു. കൊച്ചു മകനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം 41 ദിവസത്തെ വ്രതമെടുത്താണ് പാറുക്കുട്ടിയമ്മ ശബരിമലയില്‍ എത്തിയത്. ശനിയാഴ്ചയാണ് കെട്ട് നിറച്ച് യാത്ര തുടങ്ങിയത്.കാടാമ്പുഴയും ഗുരുവായൂരും വൈക്കവും ഏറ്റുമാനൂരും അടക്കമുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ഞായറാഴ്ച ഉച്ചയോട് ആണ് പമ്പയിലെത്തിയത്. വൈകീട്ട് ആറിന് മല കയറാന്‍ ആണ് തീരുമാനിച്ചതെങ്കിലും മഴ കാരണം മാറ്റി. തിങ്കളാഴ്ച മല കയറുകയായിരുന്നു, ഡോളിയിലാണ് സന്നിധാനത്ത് എത്തിയത്. പതിനെട്ടാം പടിക്ക് താഴെ വെച്ച് പൊന്നാടയണിയിച്ച് ദേവസ്വം അമ്മയെ വരവേറ്റു.
എന്ത് കൊണ്ടാണ് നൂറാം വയസ്സില്‍ ശബരിമലയ്ക്ക് വന്നത് എന്ന ചോദ്യത്തിന് പാറുക്കുട്ടിയമ്മ മറുപടി നല്‍കി. നേരത്തെ പോകണം എന്ന് ഉണ്ടായിരുന്നുവെങ്കിലും സാധിച്ചില്ലെന്നും പലതവണ മുടങ്ങിയപ്പോള്‍ നൂറ് വയസ്സ് ആകുമ്പോഴെ പോകുന്നുള്ളൂ എന്ന് തീരുമാനിക്കുകയായിരുന്നു എന്നും പാറുക്കുട്ടിയമ്മ പറഞ്ഞു.എത്രയോ കാലത്തെ കാത്തിരിപ്പിന് ശേഷം അയ്യപ്പെന മുന്നില്‍ കണ്ടപ്പോള്‍ പാറുക്കുട്ടിയുടെ കണ്ണും മനസ്സും നിറഞ്ഞു. മതിവരുവോളം അയ്യനെ കണ്ടു. പൊന്നുംപടിയും പൊന്നമ്പലവും കണ്ടു. മനസ്സ് നിറഞ്ഞു. ഒന്ന് മിണ്ടണം. അത്രയേ വേണ്ടൂ, ഞാന്‍ എന്റെ ഭഗവാനെ കണ്ണ് നിറച്ച് കണ്ടൂ. അതിന് ഞാന്‍ വരുവഴി ഒരുപാട് പേര്‍ സഹായിച്ചിു. അവരെയും ഭഗവാന്‍ രക്ഷിക്കും, എന്നാണ് പാറുക്കുട്ടിയമ്മ പറഞ്ഞത്.