പത്തനംതിട്ട പീഡനക്കേസ്; ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്ന് സൂചന
പത്തനംതിട്ട: പത്തനംതിട്ടയില്‍ അറുപതിലേറെ പേർ അഞ്ചുവർഷമായി ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പതിനെട്ടുകാരിയുടെ പരാതിയില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് സൂചന.ഇന്നലെ രാത്രി വൈകി മൂന്നു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു. പമ്ബയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കേസില്‍ ഇതുവരെ 20 പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഇതുവരെ എട്ട് എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് കായിക താരമായ പെണ്‍കുട്ടിയുടെ മൊഴി. പ്ലസ്ടു വിദ്യാർത്ഥി മുതല്‍ പരിശീലകൻ വരെ തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായാണ് എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉള്‍പ്പെടെ ഇന്നലെ പിടിയിലായിരുന്നു പിടിയിലായവരില്‍ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യ കച്ചവടക്കാരായ സഹോദരങ്ങള്‍, പ്ലസ് ടു വിദ്യാർത്ഥി എന്നിവരും അറസ്റ്റില്‍ ആയവരിലുണ്ട്.കാമുകനും കാമുകന്റെ കൂട്ടുകാരും പിതാവിൻറെ സുഹൃത്തുക്കളും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പിതാവിൻറെ ഫോണ്‍ വഴി പരിചയപ്പെട്ടത് 32 പേരെയാണ്. പ്രതികള്‍ നഗ്നചിത്രങ്ങള്‍ കൈമാറിയെന്നും അതുകാട്ടി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി. പൊതുസ്ഥലങ്ങളിലും പീഡനം നടന്നതായാണ് വിവരം. സ്കൂളിലും കാറിലും പീഡനം നടന്നിട്ടുണ്ട്. പ്രതികളില്‍ ചിലർ വീട്ടിലെത്തിയും പീഡിപ്പിച്ചു. പത്തനംതിട്ട ചുട്ടിപ്പാറയില്‍ എത്തിച്ചും പീഡിപ്പിച്ചെന്ന വിവരവും പെണ്‍കുട്ടി പൊലീസിന് കൈമാറിയിട്ടുണ്ട്.
അഞ്ചുവർഷത്തിനിടെ അറുപതിലേറെപ്പേർ പീഡിപ്പിച്ചെന്ന പത്തനംതിട്ടയിലെ പതിനെട്ടുകാരിയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു പീഡനക്കേസില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് ആദ്യമായാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പതിമൂന്ന് വയസ് മുതല്‍ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാകുന്നു എന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ആദ്യം ലൈംഗികപീഡനത്തിന് ഇരയാക്കിയത് കാമുകനാണ്. വിവാഹ വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. 2019 ല്‍ വിവാഹവാഗ്ദാനം നല്‍കി കാമുകൻ പലയിടത്തും കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.തുടർന്ന് കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അഞ്ചു വർഷത്തിനിടെ അറുപതിലേറെ ആളുകള്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പന്തളത്ത് കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത ജെൻഡർ ഹെല്‍പ്പ് ഡെസ്‌കില്‍ അറിയിച്ചത്. തുടർന്ന് അവർ വിവരം ജില്ലാ ശിശുക്ഷേമസമിതിയെ അറിയിച്ചു. ഇതിന് പിന്നാലെ പെണ്‍കുട്ടിയെ വനിത-ശിശുക്ഷേമ വകുപ്പിന്റെ കീഴിലുള്ള കോന്നിയിലെ നിർഭയയില്‍ എത്തിച്ചശേഷം സൈക്കോളജിസ്റ്റുവഴി വിശദാംശങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. തുടർന്ന് വിവരം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. ഇതിന് പിന്നാലെയാണ് വിവിധ സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
ആറ് സ്റ്റേഷൻ പരിധിയില്‍പ്പെട്ട 64 പേർ പ്രതികളാവുമെന്നാണ് പ്രാഥമികനിഗമനം. ഇതില്‍ 34 ആളുകളുടെ പേരുകള്‍ പെണ്‍കുട്ടി എഴുതിവെച്ചിട്ടുണ്ടായിരുന്നു. ബാക്കിയുള്ള 30 ആളുകളുടെ ഫോണ്‍ നമ്പറുകളാണുള്ളത്. ഇതില്‍ കുറേനമ്പറുകളും കുട്ടി എഴുതിസൂക്ഷിച്ചിരുന്നു. ശേഷിക്കുന്നവ ഫോണില്‍നിന്നാണ് പോലീസ് മനസ്സിലാക്കിയത്. പ്രതികളില്‍ മിക്കവരും 20-നും 30-നും ഇടയ്ക്കുള്ളവരാണ്. പ്രായപൂർത്തിയാകാത്തവരും ഉണ്ടെന്ന് സൂചനയുണ്ട്.പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ച കാമുകൻ ഉള്‍പ്പെടെ അറസ്റ്റിലായിട്ടുണ്ട്. പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിക്കുകയും അറുപതോളം പേർക്ക് പീഡിപ്പിക്കാൻ വഴിയൊരുക്കുകയും ചെയ്തത് കേസില്‍ ആദ്യം അറസ്റ്റിലായ പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടിൻ സുബിനാണ്. ഇലവുംതിട്ട സ്റ്റേഷനിലെ ആദ്യത്തെ കേസിലെ ഒന്നാം പ്രതിയാണ് സുബിൻ. സുബിന്റെ സുഹൃത്താണ് പത്തനംതിട്ടയില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍. ഒന്നാം പ്രതി സഞ്ചരിച്ച ബൈക്ക് പൊലീസ് കണ്ടെത്തിയിട്ടില്ല. ഇതിനായുള്ള അന്വേഷണം വ്യാപകമാക്കി.
പെണ്‍കുട്ടിക്ക് സ്വന്തമായി ഫോണുണ്ടായിരുന്നില്ല. അച്ഛന്റെ ഫോണ്‍ ആണ് പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. ഇതിലൂടെയാണ് ഒന്നാം പ്രതി ബന്ധപ്പെട്ടിരുന്നതും സന്ദേശങ്ങളും മറ്റും അയച്ചതും. പ്രതികളുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ശനിയാഴ്ച പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്ത അഫ്സല്‍ ഇതേ സ്റ്റേഷനില്‍ മനഃപൂർവമല്ലാത്ത നരഹത്യശ്രമക്കേസില്‍ പ്രതിയാണ്. മറ്റൊരു കേസില്‍ അറസ്റ്റിലായ കണ്ണപ്പൻ എന്ന സൂധീഷ് ക്രിമിനല്‍ കേസിലും നിഷാദ് എന്നു വിളിക്കുന്ന അപ്പു രണ്ട് മോഷണക്കേസുകളിലും പ്രതിയാണ്.