അഴിമതി നടത്തുന്നവർ ജനങ്ങൾ എല്ലാം കാണുന്നു എന്നു മറക്കരുത്; ജി. സുധാകരൻ
മുതിർന്ന സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരനുമായി വീക്ഷണം ഡെപ്യൂട്ടി എഡിറ്റർ സി.പി. രാജശേഖരൻ നടത്തിയ അഭിമുഖത്തിന്റെ പൂർണരൂപം.
? അധികാരം എന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്ന എം. ടി വാസുദേവൻ നായർ പറഞ്ഞതിനെ എങ്ങനെ കാണുന്നു.
അദ്ദേഹം പറഞ്ഞ സാഹചര്യം എന്താണെന്ന് അറിയില്ല. അതു കൊണ്ട് അഭിപ്രായം പറയുന്നില്ല.
? നേതൃപൂജകളിൽ ഇഎംഎസിനെപോലുള്ളവരെപ്പോലും കണ്ടിട്ടില്ല. എന്നാൽ ഇന്നത്തെ പല നേതാക്കളെയും സ്തുതിച്ചുകൊണ്ട് പാട്ടും നൃത്തവും ഉണ്ടാകുന്നു. നേതൃപൂജയും വിഗ്രഹവൽക്കരണവും വ്യാപകമാകുന്നു. ഇതൊക്കെ പാർട്ടി തടയേണ്ടതല്ലേ.
നേതൃപൂജയും വിഗ്രഹവൽക്കരണവുമൊന്നും പാർട്ടി അംഗീകരിക്കുന്നില്ല. സ്തുതികൾ പല തരത്തിലുണ്ട്. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ജനങ്ങൾ അംഗീകരിക്കുന്നത് സ്തുതിയാണ്. അത്തരം സ്തുതിഗീതങ്ങൾ തെറ്റല്ല. ലെനിനെ സ്തുതിച്ച് കവിതകൾ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ നിന്ദാ സ്തുതികളും മുഖസ്തുതികളും അംഗീകരിക്കുന്നില്ല.
? വി.എസ്. അച്യുതാനന്ദനെയും പി. ജയരാജനെയും സ്തുതിച്ച് അണികൾ പോസ്റ്റർ ഇറക്കിയപ്പോഴും പാട്ട് പാടിയപ്പോഴും സോഷ്യൽ മീഡിയ വാഴ്ത്തിയപ്പോഴും അന്നത്തെ പാർട്ടി നേതൃത്വം ശക്തമായി വിലക്കിയിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനെ കാരണഭൂതനെന്നും ക്യാപ്റ്റനെന്നുമൊക്കെ വിശേഷിപ്പിക്കുമ്പോൾ പാർട്ടി നേതൃത്വം അതംഗീകരിച്ച് ഏറ്റുപിടിക്കുന്നു.
സ്തുതിക്കുന്നവരാണ് തിരുത്തേണ്ടത്. സ്തുതിക്കപ്പെടുന്നവർക്ക് എന്ത് ചെയ്യാനാവും? പിണറായി വിജയനെ ആരെങ്കിലും സ്തുതിച്ചു പാടുന്നതായി പാർട്ടിയുടെ ഒരു തലത്തിലും ചർച്ച ചെയ്തിട്ടില്ല.
?വി.എസ്. അച്യുതാനന്ദനും ഇ.കെ. നായനാരും സാക്ഷാൽ ഇഎംഎസ് നമ്പൂതിരിപ്പാടും മുഖ്യമന്ത്രിമാരായിരുന്നപ്പോഴെല്ലാം ഭരണത്തെ പാർട്ടിയാണ് നിയന്ത്രിച്ചത്. എന്നാൽ പിണറായി വിജയനെ നിയന്ത്രിക്കാൻ പാർട്ടിക്കു കഴിയുന്നില്ലല്ലോ.
എല്ലാവരും പാർട്ടിക്കു വിധേയരായിത്തന്നെയാണ് പ്രവർത്തിക്കുന്നത്. സിപിഎം ഒരു ഭരണ പാർട്ടിയല്ല. അതൊരു വിപ്ലവ പാർട്ടിയാണ്. പാർലമെന്ററി ജനാധിപത്യത്തിൽ വിശ്വസിക്കുന്നതു കൊണ്ടാണ് പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പാർട്ടിക്ക് നയങ്ങളും പരിപാടികളും തന്ത്രങ്ങളും തത്വങ്ങളുമുണ്ട്. സാമ്പത്തികവും രാഷ്‌ട്രീയവും ആശയപരവുമായ സമീപനങ്ങളുമുണ്ട്. ഇതൊന്നും അറിയാത്തവരുടെ എണ്ണം പാർട്ടിയിൽ വളരെ കൂടുതലാണ്. പാർട്ടി ക്ലാസുകളും പങ്കെടുക്കുന്നവരും കുറവാണ്. ഇതൊക്കെ അറിയാവുന്നവരായിരുന്നു പഴയ തലമുറയിലെ മിക്കവരും. അവരെല്ലാം മരിച്ചു പോയി. ഇഎംഎസ്, എകെജി, ഇകെ നായനാർ തുടങ്ങിയവരും വി.എസ് അച്യുതാനന്ദനുമൊക്കെ ഈ തലമുറയുടെ പ്രതീകങ്ങളാണ്. ഈ നിരയിലേക്ക് ഉയർന്നു വരേണ്ടയാളാണ് പിണറായി വിജയൻ.
? സിപിഎം നേതാക്കൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും എതിരേ വ്യാപകമായ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും പാർട്ടി മിണ്ടുന്നില്ല.
അഴിമതിയാണ് സിപിഎമ്മിന്റെ മുഖ്യശത്രു. പാർട്ടിയും നേതാക്കളും മാത്രമല്ല, അണികളും കേഡറുകളുമൊക്കെ അഴിമതിരഹിതരായിരിക്കണം. അതിനു വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ ജനങ്ങൾ ഇടപെട്ട് തിരിത്തിക്കും. കർമം ചെയ്യുക നമ്മുടെ ലക്ഷ്യം, കർമഫലം തരുമീശ്വരനല്ലോ എന്നാണല്ലോ പറയുന്നത്. ഇവിടെ ദൈവമെന്നാൽ ജനങ്ങളാണ്. അഴിമതി എന്നു വെറുതേ പറഞ്ഞാൽ പോരാ. അതു തെളിയിക്കണം. നിങ്ങൾക്കതു ചൂണ്ടിക്കാണിക്കാം. പ്രതിപക്ഷത്തിനും പറയാം. ആത്യന്തികമായി ജനങ്ങളാണ് അതേക്കുറിച്ച് തീരുമാനിക്കുന്നത്.
? ഒരിക്കൽ അഴിമതി വീരനെന്നു വിളിച്ച് പാർട്ടി ഉപരോധിച്ച കെ.എം. മാണിയുടെ പാർട്ടിയെ ഇടതുമുന്നണിയുടെ ഭാഗമാക്കിയത് അഴിമതിക്ക് ലൈസൻസ് നൽകിയതുകൊണ്ടാണോ.
സിപിഎമ്മിന് അടവുകളും നയങ്ങളും തന്ത്രങ്ങളുമുണ്ട്. മുഖ്യ ശത്രുവിനെ എതിർക്കാൻ ചെറിയ കക്ഷികളുമായി സഖ്യമുണ്ടാക്കുന്നതിനെ പാർട്ടി അംഗീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായ ഒരു തന്ത്രമാണ് കേരള കോൺഗ്രസിനെ മുന്നണിയിലെടുത്തത്.
? ഈ തന്ത്രം മുസ്ലിംലീഗിനു നേരേയും പുറത്തെടുത്ത് പല തവണ നാണം കെട്ടല്ലോ, സിപിഎം.
ലീഗിനെ ഇടതു മുന്നണിയിൽ എടുക്കുന്ന കാര്യം പാർട്ടി ഒരു ഘട്ടത്തിലും ആലോചിച്ചിട്ടില്ല. ലീഗ് വരണമെന്ന് ആഗ്രഹിക്കുന്ന ആരെങ്കിലുമൊക്കെ കണ്ടേക്കാം. അവർ 1986ൽ എം.വി. രാഘവനു സംഭവിച്ചത് മറക്കരുത്. കേരള കോൺഗ്രസിനെയും മുസ്ലീം ലീഗിനെയും ഇടതു മുന്നണിയിൽ കൊണ്ടു വന്ന് നൂറ് വർഷം ഭരിക്കാമെന്ന ബദൽ രേഖ തോട്ടിലെറിഞ്ഞവരാണ് ഞങ്ങൾ ആലപ്പുഴക്കാർ. രാഘവനെ പിന്തുണച്ച് ഒരാൾ പോലും അന്ന് ആലപ്പുഴ ജില്ലയിൽ നിന്ന് വോട്ട് ചെയ്തില്ല. അന്നു ഞാനായിരുന്നു ജില്ലാ സെക്രട്ടറി. രാഘവന്റെ ബദൽ രേഖ അന്ന് ഏകകണ്ഠമായി ഞങ്ങൾ തള്ളിക്കളഞ്ഞു. മറ്റു ജില്ലകളിൽ ഇതു സംബന്ധിച്ച് പാർട്ടിയിൽ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. ഇപ്പോൾ ലീഗിനെ മുന്നണിയിലെടുക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റിയോ കേന്ദ്ര കമ്മിറ്റിയോ ആലോചിച്ചിട്ടുപോലുമില്ല.
? ഒന്നാം പ്രലമെന്റ് രൂപീകരിക്കപ്പെട്ടപ്പോൾ മതിയായ അംഗബലം ഇല്ലാതിരുന്നിട്ടു കൂടി അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധി ആയിരുന്ന എ.കെ ഗോപാലനെ പ്രതിപക്ഷ നേതാവാക്കി കോൺഗ്രസും ജവഹർലാൽ നെഹ്റുവും. സിപിഎമ്മിന് ഒരു തവണ ലോക്സഭാ സ്പീക്കർ സ്ഥാനം നൽകുകയും രണ്ടു തവണ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ജ്യോതി ബസുവിനെ പരിഗണിക്കുകയും ചെയ്ത പാർട്ടിയാണ് കോൺഗ്രസ്. എന്നിട്ടും സിപിഎം ദേശീയ തലത്തിൽ കോൺഗ്രസുമായി കൂടാൻ മടി കാണിക്കുന്നത് എന്തുകൊണ്ടാണ്? ഇന്ത്യാ സഖ്യത്തിലേക്ക് പ്രതിനിധികളെയും നിയോഗിച്ചില്ല.
സിപിഎം ഒരു ഭരണ പാർട്ടിയല്ലെന്നു പറഞ്ഞല്ലോ. ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടിയാൽ മാത്രമേ പാർട്ടി ഭരണത്തിൽ വരൂ. മുന്നണിയായാലും കുഴപ്പമില്ല. പക്ഷേ, ആ മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയാകണം. അതുകൊണ്ടാണ് 1977ൽ ജനതാ പാർട്ടിയെയും 2004ൽ കോൺഗ്രസിനെയും പിന്തുണച്ചത്. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാതിരുന്നതു കൊണ്ടാണ് ജ്യോതി ബസു പ്രധാനമന്ത്രി ആകേണ്ട എന്നു പാർട്ടി തീരുമാനിച്ചത്. ഇന്ത്യാ സഖ്യത്തിലേക്ക് പ്രതിനിധിയെ നിയോഗിക്കാത്തതൊക്കെ ചെറിയ കാര്യമാണ്. ദേശീയ തലത്തിൽ തിയോക്രാറ്റിക് (മതാധിഷ്ഠിത) സർക്കാർ വരാതിരിക്കാനുള്ള പ്രതിരോധത്തിന് കോൺഗ്രസിനു മാത്രമേ നേതൃത്വം നൽകാൻ കഴിയൂ. കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ വലിയ മാറ്റം കൊണ്ടുവരാനാകും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്കു ബദലായി ഇന്ത്യ സഖ്യത്തിനു വലിയ സാധ്യതയുണ്ട്. അതു മുതലാക്കുന്നതിന് സഖ്യത്തിലുള്ളവരെല്ലാം വിവാദങ്ങളിൽ നിന്നും ഭിന്നതകളിൽ നിന്നും മാറി നിൽക്കണം.
? അഴിമതി മുക്തനായിട്ടും പാർട്ടിയിൽ അടിയുറച്ചു നിന്നിട്ടും താങ്കളെ പാർട്ടി തഴയുന്നത് എന്തുകൊണ്ടാണ്.
പലരും ഇതേക്കുറിച്ച് ചോദിച്ചിട്ടുണ്ട്. അധികാരമെന്നാൽ അഴിമതി കാണിക്കാനുള്ള ലൈസൻസ് അല്ല. രണ്ടു തവണ ഞാൻ മന്ത്രി ആയിരുന്നു. 2016 മുതൽ 21 വരെ പിഡബ്ല്യൂഡി മന്ത്രിയായിരുന്നു. അന്നു നിർമിച്ച മിക്ക റോഡുകളും ഇന്നും ഒരു തകരാറും ഇല്ലാതെ കിടക്കുന്നു. 150 ഓളം പാലങ്ങളും നിർമിച്ചു. അതിനുമില്ല ബലക്ഷയം. അഴിമതി രഹിതമായി കാര്യങ്ങൾ ചെയ്തതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. സ്വജന പക്ഷപാതത്തിനുള്ളതല്ല അധികാരം. ഞാൻ മന്ത്രിയായിരിക്കെ ആലപ്പുഴയിൽ അഞ്ച് സഹകരണ സ്ഥാപനങ്ങൾ കൊണ്ടുവന്ന് 500ലധികം പേർക്കു ജോലി നൽകി. എന്റെ കുടുംബത്തിൽ നിന്ന് ഒരാളെപ്പോലും അവിടെ നിയമിച്ചിട്ടില്ല.
പിന്നെ പ്രായം പറഞ്ഞ് പാർട്ടിയിൽ തരംതാഴ്ത്തിയ നടപടി. എനിക്ക് അത്രയ്ക്കു പ്രായമില്ലെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ പറഞ്ഞിരുന്നു. എന്നാൽ ജില്ലാ ഘടകത്തിന്റെ ബ്രാഞ്ചിലേക്ക് എന്നെ മാറ്റി. അതിൽ പരാതിയില്ല.
പ്രായമല്ല പ്രവർത്തനങ്ങൾക്കുള്ള മാനദണ്ഡം. കഴിവാണ്. ചെറിയ പ്രായത്തിന്റെ ആനുകൂല്യം നൽകി മേയറും മറ്റുമായി നിയോഗിക്കപ്പെട്ട എത്രപേരെ നിങ്ങൾ ഉയർത്തിക്കാട്ടി. എന്താണ് അവർ നൽകിയ കോൺട്രിബ്യൂഷൻ? ചെറിയ പ്രായത്തിൽ മേയറോ മന്ത്രിയോ മറ്റ് പദവികളിലോ എത്തുന്നവർ വലിയ കഴിവുകൾ പ്രകടിപ്പിച്ച് അഴിമതി രഹിതമായി പ്രവർത്തിച്ച് പ്രാവീണ്യം നേടണം.
? പാർട്ടിയെക്കാൾ വലുതായി മാറി ഭരണം എന്നതല്ലേ ഇന്നത്തെ പ്രതിസന്ധി.
അതു പാർട്ടിയുടെ കുഴപ്പമല്ല. സോവ്യറ്റ് യൂണിയനിൽ കമ്യൂണിസ്റ്റ് പാർട്ടി ഇല്ലാതായെങ്കിലും ചൈനയിലും ക്യൂബയിലും കൊറിയയിലുമൊക്കെ ഇപ്പോഴുമില്ലേ പാർട്ടി? ഗ്ലാസ്നോസ്തും പെരിസ്ട്രോയിക്കയുമൊക്കെ പറഞ്ഞ് ഗോർബചേവും ബോറിസ് യെൽസിനും രാജ്യത്തു മാറ്റങ്ങൾ നടപ്പാക്കാൻ ശ്രമിച്ചു. തെറ്റായ തീരുമാനമായിരുന്നു അതെന്നു കാലം തെളിയിച്ചു. രാജ്യവും പാർട്ടിയും ഇല്ലാതായി. പാർട്ടിയുടെ കുഴപ്പം കൊണ്ടല്ല അതു സംഭവിച്ചത്. തെറ്റായ കാര്യങ്ങൾ ചെയ്താൽ ആർക്കും എവിടെയും സംഭവിക്കാവുന്നതണ് അന്നു സോവ്യറ്റ് യൂണിയനിൽ സംഭവിച്ചത്.