കൊച്ചി മെട്രോയുടെ ചുമരില്‍ വിസ്മയം ഒരുക്കി ജര്‍മന്‍ സ്വദേശി പീറ്റര്‍ ക്ലാറിന്‍
ജോസ് ജംഗ്ഷനിലെ ഓപ്പണ്‍ എയര്‍ തിയറ്ററിന്‍റെ ചുമരില്‍ ഗ്രാഫിറ്റി ചിത്രകാരന്‍ ജര്‍മന്‍ സ്വദേശി പീറ്റര്‍ ക്ലാറിന്‍റെ മെട്രോ ട്രെയിന്‍ ചിത്രമാണ് ഇപ്പോള്‍ തരംഗമാറിമറിയിരിക്കുന്നത്. ആറ് ദിവസം കൊണ്ട് വരച്ച് പൂർത്തീകരിച്ച മെട്രോ ചിത്രം കാണാൻ എത്തുന്നത് നൂറുകണക്കിന് ആളുകൾ ആണ്.
സഞ്ചാരത്തിന്‍റെ ഭാഗമായി കൊച്ചിയിലേത്തിയപ്പോഴാണ് കെഎംആര്‍എല്ലുമായി ചേര്‍ന്ന് ജോസ് ജംഗ്ഷനിലെ ഓപ്പണ്‍ എയര്‍ തിയറ്ററില്‍ ഗ്രാഫിറ്റി ഒരുക്കിയത്. ജര്‍മനിയില്‍ നിന്നും മുംബൈയില്‍ നിന്നുമെല്ലാം കൊണ്ടുവന്ന ചായങ്ങള്‍ ഉപയോഗിച്ചായിരുന്നു ചിത്രരചന.
കൊച്ചി ഡിസൈന്‍ വീക്കിന്‍റെ കളര്‍ കൊച്ചി ക്യാമ്ബയിനുമായി കൈകോര്‍ത്താണ് പീറ്ററിന്‍റെ ഗ്രാഫിറ്റി വര്‍ക്ക്.
കൊച്ചി മെട്രോ ഇഷ്ടപ്പെട്ടുവെന്നും തിരികെ പോകുന്നതിന് മുന്‍പായി വാട്ടര്‍ മെട്രോ ടെര്‍മിനലിലും ഗ്രാഫിറ്റി ഒരുക്കാന്‍ ശ്രമിക്കുമെന്നും പീറ്റര്‍ പറഞ്ഞു. ആദ്യമായാണ് കേരളത്തില്‍ ഗ്രാഫിറ്റി ചെയ്യുന്നതെന്നും തന്‍റെ കലയ്ക്ക് മികച്ച സ്വീകരണമാണ് ഇവിടെ ലഭിക്കുന്നതിനും പീറ്റര്‍ കൂട്ടിച്ചേർത്തു.
ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ കാഴ്ചക്കാരിൽ വിസ്മയം നിറച്ച ഗ്രാഫിറ്റി ഒരുക്കിയ പീറ്ററിനെ കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ, ജനറല്‍ മാനേജര്‍ ജോ പോള്‍, മേയര്‍ എം. അനില്‍കുമാര്‍ എന്നിവര്‍ അഭിനന്ദിച്ചു. നേപ്പാളിലേക്കാണ് പീറ്ററിന്‍റെ അടുത്ത യാത്ര.