' പെയ്തില്ല നിലാവുപോല്‍ ' : ഗസലിന്റെ മാധുര്യവുമായി 'ഇന്നലെ' ഗാനം ശ്രദ്ധേയമാകുന്നു
കോഴിക്കോട്: പെയ്തില്ല നിലാവുപോല്‍.. പ്രണയത്തിന്റെ നീറ്റലുകള്‍ ഉള്ളില്‍ നിറയ്ക്കുന്ന വരികള്‍. ബാവുല്‍ സംഗീതത്തിന്റെ ഛായയുള്ള, ഗസലിന്റെ മാധുര്യമുള്ള ' ഇന്നലെ' എന്ന ഗാനം ശ്രദ്ധേയമാവുകയാണ്. സീറോ ബജറ്റില്‍ നിര്‍മിച്ച ഇന്നലെ പൂര്‍ണമായും ആന്‍ഡ്രോയ്ഡ് ഫോണിലാണ് ചിത്രീകരിച്ചതെന്ന പ്രത്യേകത കൂടിയുണ്ട്. പാട്ടിന്റെ അണിയറയിലും അരങ്ങിലും ചില കൗതുകങ്ങള്‍ കൂടിയുണ്ട്. സപ്ലൈക്കോ ജീവനക്കാരന്‍ നായകനായ പാട്ടിന് സംഗീത സംവിധാനം നിര്‍വഹിച്ചത് ഒരു പോലീസുകാരനാണ്.
മിസ്റ്റിക് ഫാക്ടറിയുടെ ബാനറില്‍ പുറത്തിറങ്ങിയ ഇന്നലെയുടെ നായകന്‍ സപ്ലൈക്കോയിലെ ജീവനക്കാരനായ ബിജു. ടി. ദേവേന്ദ്രനാണ്. കോഴിക്കോട് ലിങ്ക് റോഡില്‍ സപ്ലൈകോയുടെ നെല്ല് സംഭരണ വിഭാഗത്തില്‍ അസിസ്‌റന്റ് സെയ്ല്‍സ്മാനാണ് ബാലുശ്ശേരി തലയാട് തയ്യുള്ളതില്‍ ബിജു.ഭാര്യ പി.പി. ദിവ്യ കസബ പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ്. മകള്‍ നിരഞ്ജന പത്താക്ലാസ് പരീക്ഷയില്‍ 9 എ പ്ലസ് നേടിയ അതേ ദിവസമാണ് പാട്ട് പുറത്തിറങ്ങിയത്. പാട്ടിന് ഈണം ചിട്ടപ്പെടുത്തിയ പ്രശാന്ത് മല്‍ഹാല്‍ കോഴിക്കോട് സിറ്റി പൊലീസിലെ സ്‌ക്വാഡ് അംഗമാണ്. അന്വേഷണ മികവിന് മുഖ്യമന്ത്രിയുടെ മെഡല്‍ ജേതാവാണ്.
പാട്ടു പാടിയ ഗായകന്‍ സൂര്യശ്യാം ഗോപാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലെ മധു പകരൂ, കണ്ണൂര്‍ സ്‌ക്വാഡിലെ മൃദുഭാവേ ദൃഡ കൃത്യേ തുടങ്ങിയ പാട്ടുകളില്‍ കോറസ് പാടിയിട്ടുണ്ട്. ധാര്‍വാഡ് സ്വദേശിയായ ഹിന്ദുസ്ഥാനി ഗായകന്‍ കുമാര്‍ മര്‍ദൂറിന്റെ ശിഷ്യനാണ്. പേരാമ്പ്ര സ്വദേശിയായ അനാമിക ചന്ദ്രനാണ് ഇന്നലെയിലെ നായിക. രണ്ടു വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്ത ഇനങ്ങളില്‍ ജേതാവായിരുന്നു. പ്രണയവും വിരഹവും ഉള്ളില്‍ തൊടുന്ന വരികള്‍ എഴുതിയത് ചിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ മിത്രന്‍ വിശ്വനാഥനാണ്.
'ഓള് എന്ന പാട്ടിന് മികച്ച സംവിധായകനുള്ള മലയാള ചലച്ചിത്ര കൂട്ടായ്മയുടെ ജയന്‍ സ്മാരക പുരസ്‌കാരം നേടിയിട്ടുണ്ട്. ഇദയം എന്ന പാട്ടിന്റെ ഗാനരചനയ്ക്ക് യുഎഇയിലെ മെഹ്ഫില്‍ രാജ്യാന്തര മ്യൂസിക് ഫെസ്റ്റില്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. 2005 മുതല്‍ 2008 വരെ കാലിക്കറ്റ് സര്‍വകശാലാ കലോത്സവത്തില്‍ ചിത്ര പ്രതിഭയായിരുന്നു. ദേശീയ അന്തര്‍ സര്‍വകലാശാലാ കലോത്സവത്തില്‍ പെയ്ന്റിങ് വിഭാഗത്തില്‍ വ്യക്തിഗത ചാംപ്യനുമായിരുന്നു.
തിരൂര്‍ സ്വദേശിയായ എ.കെ. മെഹറൂഫാണ് നിര്‍മാണ നിര്‍വഹണം.