For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ശബരിമലയിൽ വൻ തിരക്ക്: പരസ്പരം പഴിചാരി ദേവസ്വം ബോർഡും പോലീസും

11:44 AM Dec 11, 2023 IST | Online Desk
ശബരിമലയിൽ വൻ തിരക്ക്  പരസ്പരം പഴിചാരി ദേവസ്വം ബോർഡും പോലീസും
Advertisement
Advertisement

ശബരിമല: ശബരിമലയിൽ ഇന്നും തിരക്ക് തുടരുന്നു. എരുമേലി, നിലയ്ക്കൽ, ഇലവുങ്കൽ, മാറാണംതോട് എന്നിവിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുകയാണ്. എരുമേലിയിൽ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആർടിസി സർവീസ് പൊലീസ് തടഞ്ഞു. മൈതാനങ്ങളിൽ പാർക്ക് ചെയ്തിരുന്ന തീർഥാടക വാഹനങ്ങൾ പമ്പയ്ക്കു പോകുന്നതിലും പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. പമ്പയിലും നിലയ്ക്കലിലും വൻഗതാഗതകുരുക്കും തീർഥാടക തിരക്കും തുടരുന്ന് സാഹചര്യത്തിൽ എരുമേലിയിലെ മൈതാനങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന തീർഥാടക വാഹനങ്ങൾ അവിടെ തന്നെ തുടരണമെന്നും പമ്പയിലേക്കു പോകാൻ ശ്രമിക്കരുതെന്നും പൊലീസ് അറിയിച്ചു.

തിരക്കു നിയന്ത്രിക്കുന്നതിൽ പൊലീസുകാർക്കു പാളിച്ച പറ്റിയതായി ആരോപണമുണ്ട്. പരിചയക്കുറവുള്ള പൊലീസുകാരെ സന്നിധാനത്തു ഡ്യൂട്ടിക്കിട്ടത് തിരിച്ചടിയായി. എന്നാൽ പതിനെട്ടാംപടി കയറാൻ 14 മണിക്കൂറിൽ കൂടുതൽ തീർഥാടകർ കാത്തു നിൽക്കുമ്പോഴും ദർശനത്തിനു സോപാനത്തിലെ വരികൾ മിക്കതും കാലിയാണ്. മിനിറ്റിൽ 70 പേരെങ്കിലും പടി കയറണമെന്നു പറയുന്ന സ്ഥാനത്ത് ഇന്നലെ പരമാവധി 40 പേരിൽ കൂടുതൽ പടികയറ്റാൻ പൊലീസിനു കഴിയുന്നില്ല. അതേസമയം ഒന്നും രണ്ടും ഘട്ടത്തിൽ സേവനത്തിന് ഉണ്ടായിരുന്ന പൊലീസുകാർ മിനിറ്റിൽ 80 പേരെ വരെ കയറ്റുമായിരുന്നു.
മുന്‍പ് ഉയർന്ന ഉദ്യോഗസ്ഥർ പതിനെട്ടാംപടിക്കലും കൊടിമരത്തിനു സമീപവും നിന്നു വേണ്ട നിർദേശം നൽകുമായിരുന്നു. ഇപ്പോൾ അതിനുള്ള ശ്രമവും നടക്കുന്നില്ല.പടികയറ്റുന്നവരുടെ എണ്ണം കുറഞ്ഞതോടെ സോപാനത്തിൽ ദർശനത്തിനു തീരെ ആളില്ല. മേൽപാലത്തിൽ നിന്നു സോപാനത്തേക്ക് എത്തുന്ന 2 നിരയിൽ പലപ്പോഴും ആരും ഇല്ലായിരുന്നു.പതിനെട്ടാംപടി കയറ്റുന്നതിന്റെ വേഗം കുറഞ്ഞതോടെ ക്യുവിന്റെ നീളം ശബരിപീഠം പിന്നിട്ടു. ശബരിപീഠം മുതൽ മരക്കൂട്ടം വരെയുളള പൈലറ്റ് ക്യു കോംപ്ലക്സ്, മരക്കൂട്ടത്തിനും ശരംകുത്തിക്കും മധ്യേയുളള 6 ക്യൂ കോംപ്ലക്സുകൾ എന്നിവയിൽ നിറഞ്ഞാണ് തീർഥാടകരെ നിർത്തിയത്. മരക്കൂട്ടത്തെ ഒരു ക്യൂകോംപ്ലക്സിൽ 4 മണിക്കൂറിൽ കൂടുതൽ കാത്തു നിന്ന ശേഷമാണ് അടുത്തതിലേക്കു കടത്തി വിട്ടത്. ക്യൂ നിന്നു തീർഥാടകർ കുഴഞ്ഞു. മണിക്കൂറുകൾ കാത്തു നിന്നാണ് പലരും ദർശനം നടത്തുന്നത്. ഇതേ തുടർന്ന് ഭക്തരും പോലീസും തമ്മിൽ വാക്കു തർക്കമുണ്ടായി. പ്രായമായവരും കൊച്ചുകുഞ്ഞുങ്ങൾ ഉൾപ്പടെയുള്ളവർ നീണ്ട ക്യൂവിൽ നിന്ന് തളരുന്നുണ്ട്.

Author Image

Online Desk

View all posts

Advertisement

.