Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആറന്മുള കണ്ണാടിയിലെ അഡ്ജസ്റ്റ്മെന്റ്
രാഷ്‌ട്രീയവും പ്രേമചന്ദ്രന്റെ ചായയും

11:37 AM Feb 21, 2024 IST | veekshanam
Advertisement

2014 പാർലമെന്റെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമുള്ള ഒരു മധ്യാഹ്നം. കെപിസിസി ഓഫീസ് പ്രവർത്തിക്കുന്ന ഇന്ദിരാഭവനിൽ പ്രസിഡന്റ് വി.എം. സുധീരൻ നല്ല തിരക്കിലാണ്. തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ ഞാനും അപ്പോഴവിടെ ഉണ്ടായിരുന്നു. വളരെ തിരക്കിട്ടാണ് ആർഎസ്പി ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡൻ സാറും എൻ.കെ. പ്രമേചന്ദ്രനും കൂടി കെപിസിസി ഓഫീസിലേക്ക് ഓടിക്കിതച്ചു വരുന്നത്. ആർഎസ്പി അന്ന് ഇടതു മുന്നണിയുടെ ഭാ​ഗമാണ്.
പണ്ട് യുഡിഎഫിന്റെ ഭാ​ഗമായിരുന്ന പാർട്ടിയാണത്. ടി.കെ. ദിവാകരന്റെയും എൻ. ശ്രീകണ്ഠൻ നായരുടെയും ബേബി ജോണിന്റെയും പാർട്ടി. ദേശീയ രാഷ്‌ട്രീയ ​ഗതിവി​ഗതികളെപ്പോലും സ്വാധീനിക്കാനും നിയന്ത്രിക്കാനുമുള്ള അപാരമായ കഴിവുണ്ടായിരുന്ന നേതാക്കളായിരുന്നു ഇവരെല്ലാം.
"അവർ ഞങ്ങളെ ചവിട്ടി പുറത്താക്കി, വിഎം. ഇനി ഞങ്ങൾ അവർക്കൊപ്പമില്ല. ഞങ്ങൾക്ക് യുഡിഎഫിൽ അവസരം തരണം." ചന്ദ്രചൂഡൻ സാറാണ് ഒറ്റശ്വാസത്തിൽ ഇത്രയും പറഞ്ഞത്. എനിക്കദ്ദേഹത്തെ വളരെ നേരത്തേ അറിയാം. ഞാൻ പഠിച്ച ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളെജിലെ അധ്യാപകൻ, മികച്ച പ്രാസം​ഗികൻ. മൂന്നു തവണ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും യുഡിഎഫ് സ്ഥാനാർഥികളോ‌ടു തോറ്റു. 2009ൽ രാജ്യസഭയിലേക്കു മത്സരിക്കുമെന്ന് കരുതിയെങ്കിലും സിപിഎം സീറ്റ് നിഷേധിച്ചു. 2014ൽ കൊല്ലം പാർലമെന്റ് സീറ്റിലേക്ക് ആർഎസ്പിക്കു മത്സരിക്കണം എന്ന് ആ​ഗ്രഹം അറിയിച്ചു. പക്ഷേ, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അതിന് അനുവദിച്ചില്ല. അങ്ങനെയാണ് അവർ കെപിസിസി ഓഫീസിലെത്തിയത്.

Advertisement

തനിക്കു മാത്രമായി ഒരു തീരുമാനമെടിക്കാനാവില്ല എന്നായിരുന്നു വി.എം. സുധീരന്റെ മറുപടി. മറ്റുള്ളവരുമായി ആലോചിച്ച് എത്രയും പെട്ടെന്ന് തീരുമാനം പറയാമെന്നു പറഞ്ഞ് അവരെ അദ്ദേഹം മടക്കി വിട്ടു. കൊല്ലം പാർലമെന്റ് സീറ്റാണ് ആർഎസ്പി ചോദിക്കുന്നത്. യുഡിഎഫിന്- പ്രത്യേകിച്ച് കോൺ​ഗ്രസിന് വലിയ സാധ്യതയുള്ള മണ്ഡലം. ബി.കെ. നായരെയും എസ്. കൃഷ്ണകുമാറിനെയും എൻ. പീതാംബരക്കുറുപ്പിനെയും മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച മണ്ഡലം. ആർഎസ്പി നേതാവ് എൻ. ശ്രീകണ്ഠൻ നായരും യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചിട്ടുണ്ട്. 1996ലും 98ലും പ്രേമചന്ദ്രൻ ഇടതു സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചി‌‌ട്ടുണ്ടെങ്കിലും 2009ൽ എൻ. പീതാംബര കുറുപ്പിലൂടെ കോൺ​ഗ്രസ് കൊല്ലം തിരിച്ചു പിടിച്ചു. ആ സിറ്റിം​ഗ് സീറ്റാണ് ആർഎസ്പി ചോദിക്കുന്നത്. ഞാനടക്കം പല കോൺ​ഗ്രസുകാരും അർഹിക്കുന്നതും ആ​ഗ്രഹിക്കുന്നതും സാധ്യതയുള്ളതുമായ ഈ സീറ്റ് മറ്റാർക്കെങ്കിലും വിട്ടുകൊടുക്കുക ഒട്ടും സാധ്യമായിരുന്നില്ല.

പക്ഷേ, വി.എം. സുധീരൻ അക്കാര്യം എന്നോട് പറഞ്ഞപ്പോൾ ഞാൻ സന്തേഷത്തോടെ അത് അം​ഗീകരിക്കുകയായിരുന്നു. ഇടതു പക്ഷത്തു നിന്നുള്ള ഒരു പ്രധാന കക്ഷിയെ സ്വാ​ഗതം ചെയ്യുക എന്നതായിരുന്നു അതിനു പ്രധാന കാരണം. അതുവഴി ഇടതു മുന്നണിയെ ദുർബലപ്പെടുത്തുക എന്ന ലക്ഷ്യം വേറേ. കോൺ​ഗ്രസ് നേതൃയോ​ഗത്തിലും യുഡിഎഫ് ഏകോപന സമതിയിലും ഇതേ അഭിപ്രായം ഉരുത്തിരിയുകയും ആർഎസ്പി യുഡിഎഫിന്റെ ഭാ​ഗമാകുകയും ചെയ്തു. അതോടെ പ്രേമചന്ദ്രൻ എന്ന യുവ നേതാവിലൂടെ കൊല്ലം കരുത്തുറ്റ യുഡിഎഫ് കോട്ടയായി. 2014 ൽ 37,649 വോട്ടിന് സാക്ഷാൽ എംഎ ബേബിയെയും 2019ൽ 1,49,656 വോട്ടുകൾക്ക് കെ.എൻ. ബാല​ഗോപാലിനെയും പരാജയപ്പെടുത്തിയാണ് പ്രേമചന്ദ്രൻ പാർലമെന്റിലെത്തിയത്. ഇന്നു സിപിഎം ഭയക്കുന്ന ഏറ്റവും ശക്തനായ ലോക്സഭാ സ്ഥാനാർഥി കൂടിയാണ് പ്രേമചന്ദ്രൻ.
2014ൽ ഇടതു മുന്നണി വിട്ട് യുഡിഎഫിലെത്തിയ പ്രേമചന്ദ്രനെ "പരനാറി" എന്നാണ് പിണറായി വിജയൻ വിശേഷിപ്പിച്ചത്. ആ ഒരൊറ്റ പദപ്രയോ​ഗമാണ് കൊല്ലത്ത് എം.എ ബേബി എന്ന പൊളിറ്റ് ബ്യൂറോ അം​ഗത്തെ മൂടോടെ വീഴ്ത്താൻ പ്രേമചന്ദ്രനെ സഹായിച്ചത്. 2024ലെ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുമ്പോഴും കൊല്ലത്തേക്ക് ശക്തനായ ഒരു സ്ഥാനാർഥിയെ പോലും കിട്ടാതെ സിപിഎം വല്ലാതെ വീർപ്പു മുട്ടുകയാണ്. അപ്പോഴാണ് പ്രേമചന്ദ്രനെ പെട്ടെന്നങ്ങു സംഘിയാക്കാനുള്ള ഒരു വഴി സിപിഎമ്മിനു തുറന്നു കിട്ടിയത്. പതിനേഴാം ലോക്സഭയുടെ അവസാന സമ്മേളന കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രേമചന്ദ്രനെ പാർലമെന്റ് കാന്റിനിൽ ഒരു ചായ സൽക്കാരത്തിനു ക്ഷണിച്ചതാണു കാരണം.
ദീർഘകാലമായി കൊല്ലം ന​ഗരം കാത്തിരുന്ന കൊല്ലം എൻഎച്ച് ബൈപാസിന്റെ ഉദ്ഘാടന കർമം നിർവഹിക്കാൻ പ്രേമചന്ദ്രൻ പ്രധാനമന്ത്രിയെ ക്ഷണിച്ചപ്പോൾ വരരുത് എന്ന് പ്രധാനമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട ആളാണ് അന്നത്തെയും ഇന്നത്തെയും മുഖ്യമന്ത്രി പിണറായി വിജയൻ. പക്ഷേ, റോഡ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി വന്നു, പിണറായി തിരിഞ്ഞു നോക്കിയതേയില്ല. രാജ്യാന്തര നിലവാരത്തിലേക്ക് നൂറു റെയിൽവേ സ്റ്റേഷനുകളെ മാറ്റാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ അതിലൊന്ന് കൊല്ലം തെരഞ്ഞെടുക്കപ്പെട്ടത് പ്രേമചന്ദ്രന്റെ മികവാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ദേശീയ പാതകൾ കടന്നു പോകുന്ന ജില്ലയായി കൊല്ലത്തെ മാറ്റിയതും അദ്ദേഹത്തിന്റെ പ്രവർത്തന മികവ്. കൊല്ലം പാർലമെന്റ് മണ്ഡലത്തെ സമ്പൂർണ ലെവൽ ക്രോസ് രഹിതമാക്കാൻ പ്രേമചന്ദ്രൻ നടത്തിയ നീക്കങ്ങൾക്കു സംസ്ഥാന സർക്കാർ തടയിട്ടില്ലായിരുന്നെങ്കിൽ പണ്ടേക്കു പണ്ടേ ഈ ലക്ഷ്യം നിറവേറ്റപ്പെടുമായിരുന്നു.

കോൺ​ഗ്രസുകാർക്കും ആർഎസ്പിക്കാർക്കും മാത്രമല്ല, ബിജെപിക്കാർക്കും സിപിഎമ്മുകാർക്കുമെല്ലാം വളരെ വേ​ഗത്തിൽ എത്തിപ്പെടാവുന്നതാണ് തന്റെ ഓഫീസ് എന്നും പ്രേമചന്ദ്രൻ തെളിയിച്ചിട്ടുണ്ട്. അങ്ങനെ ഒരാളെ സംഘിയാക്കി തേജോവധം ചെയ്യാമെന്ന പിണറായി വിജയന്റെയും സിപിഎമ്മിന്റയും പൂതി തൽക്കാലം പരണത്തു വച്ചാൽ മതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ കുനിഞ്ഞു കുമ്പിട്ടു നിന്നതും നിൽക്കുന്നതും പ്രേമചന്ദ്രനല്ല, പിണറായി വിജയനാണ്. 2016ൽ മുഖ്യമന്ത്രിയായി ചുമലയേറ്റതിന്റെ നാലാംപക്കം പിണറായി വിജയൻ ഇന്ദ്രപ്രസ്ഥത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി പൂച്ചെണ്ടും പൊന്നാടയും കൂടെയൊരു ആറന്മുള കണ്ണാടിയും നൽകി കുനിഞ്ഞു വണങ്ങി. കൂടെയൊരു അപേക്ഷയും വച്ചെന്നായിരുന്നു അന്നു കേട്ട ഒരു അശരീരി. തനിക്കെതിരേ നടക്കുന്ന ലാവലിൻ കേസ് ഒതുക്കി തീർക്കണമെന്നായിരുന്നു പിണറായിയുടെ അപേക്ഷ. കോൺ​ഗ്രസ് മുക്ത ഭാരതമെന്ന മോദിയുടെ അജൻഡ കേരളത്തിലെങ്കിലും നടപ്പാക്കിത്തരാം എന്ന അഡ്ജസ്റ്റ്മെന്റ് പൊളിറ്റിക്സിന്റെ അച്ചാരമായിരുന്നു അന്നത്തെ ആറന്മുള കണ്ണാടി. പിണറായിയും മോദിയും തമ്മിൽ അന്നു തുടങ്ങിയ അന്തർധാരയാണ് ഇന്നും അഭം​ഗുരം തുടരുന്നത്. ലാവലിൻ കേസ് 38 അല്ല 58 തവണ മാറ്റി വച്ചാലും അത്ഭുതപ്പെടാനില്ല.

പിണറായിയുടെ മോദി വിധേയത്വം ഇപ്പോഴും സുവദിതമാണ്. തിരുവനന്തപുരത്ത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട മറ്റ് പല പരിപാടികളുണ്ടായിട്ടും അതെല്ലാം മാറ്റിവച്ച്, കഴിഞ്ഞ മാസം ആരും ക്ഷണിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ എന്തിനു കൊച്ചിയിലെത്തി പ്രധാനമന്ത്രിയുടെ മുന്നിൽ കുനിഞ്ഞു കുമ്പിട്ടു കൈകൾ മുത്തി? എത്രയോ തവണ പ്രധാനമന്ത്രിയെ കാണാൻ സെൻട്രൽ സെക്രട്ടേറിയറ്റിനു മുന്നിൽ കാത്തുകെട്ടി നിന്നു, മുഖ്യമന്ത്രി? എത്ര തവണയാണ് അതിന് അനുമതി കിട്ടാതെ കേരളത്തിന്റെ മുഖ്യമന്ത്രി അപമാനിതനായത്?

അതെല്ലാം മറന്ന് പ്രേമചന്ദ്രനെ വകവരുത്താമെന്ന് സിപിഎമ്മും മുഖ്യമന്ത്രിയും കരുതരുത്. ജനങ്ങളെല്ലാവരും മറവി രോ​ഗമുള്ളവരല്ല. സം​ഗതി പ്രധാനമന്ത്രിയോ അദ്ദേഹം നടത്തിയ ചായസൽക്കാരമോ അല്ല. പ്രേമചന്ദ്രനാണ്. പ്രേമചന്ദ്രനു സംഘപരിവാർ പട്ടം ചാർത്തി മതന്യൂനപക്ഷങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കണം. ആ കലക്ക വെള്ളത്തിൽ വലയിട്ടാൽ എന്തെങ്കിലും തടയുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. അതാണിപ്പോൾ എട്ടു നിലയിൽ പൊട്ടിയത്. കൊല്ലത്ത് പ്രമേചന്ദ്രനെതിരേ മത്സരിപ്പിക്കാൻ സ്ഥാനാർഥിയെ വാടകയ്ക്കെടുക്കേണ്ട ​ഗതികേടിലാണു സിപിഎം.
ഇടതുപക്ഷ സഹയാത്രികർ പോലും പ്രേമചന്ദ്രനെ അഭിനന്ദിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അദ്ദേഹത്തിനു ലഭിച്ച സൻസദ് മഹാരത്ന പുരസ്കാരം. രാജ്യത്തെ പരമോന്നത പാർലമെന്ററി പുരസ്കാരം. മുൻ രാഷ്ട്രപതി, ഭാരത രത്ന ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ തുടങ്ങിയ സൻസദ് ഫൗണ്ടേഷനാണ് ഈ അവാർഡ് ഏർപ്പെടുത്തിയത്. 17-ാം ലോകസഭയുടെ ആദ്യ സമ്മേളനം മുതൽ നാളിതുവരെയുളള പാർലമെന്റ് അംഗങ്ങളുടെ പ്രവർത്തനം വിലയിരുത്തിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുക്കുന്നത്. ഓരോ അഞ്ച് വർഷത്തിൽ ഒരിക്കലാണ് സൻസദ് മഹാരത്ന പുരസ്കാരങ്ങൾ നൽകുന്നത്.

ഇതൊക്കെ കണ്ടാലും എതിർചേരിയിലെ കഴിവുള്ളവരെ അം​ഗീകരിക്കാൻ സിപിഎം തയാറാവില്ല. 'സന്ദേശം' സിനിമയിൽ ശങ്കരാടി അവതരിപ്പിച്ച സഖാവ് കുമാരപിള്ള എന്ന കഥാപാത്രത്തിനപ്പുറത്തേക്ക് തെല്ലും വളർന്നിട്ടില്ല, പിണറായി വിജയൻ എന്നാണ് പ്രേമചന്ദ്രനെതിരേ നടക്കുന്ന സൈബർ ആക്രമണം തെളിയിക്കുന്നത്. മറുപക്ഷത്തുള്ള കൊള്ളാവുന്നവരെ വല്ല പെണ്ണുകേസിലോ കള്ളക്കേസിലോ കുടുക്കി നാറ്റിക്കാതെ ഇനി പാർട്ടിക്കു രക്ഷയില്ലെന്ന കുമാരപിള്ളയുടെ ഡയലോ​ഗിന് ഇപ്പോഴാണു കൂടുതൽ പഞ്ച് കിട്ടിയത്.

Advertisement
Next Article