കർമണി വ്യജ്യതേ പ്രജ്ഞാ
- പിൻപോയിന്റ്
ഡോ. ശൂരനാട് രാജശേഖരൻ
"കർമണി വ്യജ്യതേ പ്രജ്ഞാ" എന്നാണു കേരള സർവകലാശാലയുടെ ആപ്തവാക്യം. വിഷ്ണുശർമന്റെ പഞ്ചതന്ത്രത്തിൽ നിന്നാണ് ഈ വാക്യം സ്വീകരിച്ചിരിക്കുന്നത്. "പ്രവൃത്തി പ്രജ്ഞയെ വ്യഞ്ജിപ്പിക്കുന്നു" എന്നാണ് ഈ വാക്യത്തിന്റെ അർഥം. ഒരാളിന്റെ പ്രവൃത്തി, സ്വഭാവം എന്നിവയിലൂടെ അയാളുടെ ബുദ്ധിയും വിവേകവും മനസ്സിലാക്കാം എന്നു സാരം. നമ്മുടെ സർവകലാശാലകളിൽ സമീപകാലത്തു നടന്ന സംഭവ വികാസങ്ങൾ പരിശോധിച്ചാൽ അവയുടെ ഓരോന്നിന്റെയും പ്രജ്ഞയും പ്രവൃത്തിയും ഏതു ദിശയിലാണെന്നു മനസിലാകും.
കണ്ണൂർ സർവകലാശാലയുടെ വൈസ് ചാൻസിലറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം മുതലാണ് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ഉന്നത വിദ്യഭ്യാസ മേഖലയിലെ സർക്കാർ കൈകടത്തൽ എത്രത്തോളം രൂക്ഷമാണെന്നു മനസിലായത്. ഈ സർക്കാരിന്റെ വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിനെത്തന്നെ രണ്ടായി വിഭജിച്ച് ഹയർ സെക്കൻഡറി വരെയുള്ള സ്കൂൾ തലത്തിലേക്ക് പൊതു വിദ്യാഭ്യാസ വകുപ്പിനെ പരിമിതപ്പെടുത്തുകയും സർവകലാശാല തലത്തിലുള്ള ഉപരിവിദ്യഭ്യാസങ്ങൾക്കു മാത്രമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പുതുതായി ഏർപ്പെടുത്തുകയും ചെയ്തത്.
വിദ്യാഭ്യാസ രംഗത്ത് വലരെ മുന്നിട്ടു നിൽക്കുന്ന കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂലും സമഗ്രവുമായ മാറ്റങ്ങൾ വരുമെന്നു പ്രതീക്ഷിച്ച കേരളീയരെ അടിമുടി നിരാശപ്പെടുത്തുന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെയും ചെയ്തികൾ. കേരളത്തിലെ മിക്ക സർക്കാർ സർവകലാശാലകളിലും പരീക്ഷ കഴിഞ്ഞ് ഒരു വർഷമായിട്ടും ഫലങ്ങൾ പോലും പൂർണമായി പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
കണ്ണൂർ വിസി ആയി ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറോടു നേരിട്ട് ആവശ്യപ്പെട്ടതാണ്. വൈസ് ചാൻസിലർ തന്റെ നാട്ടുകാരനാണെന്നാണ് അതിനു മുഖ്യമന്ത്രി നിരത്തിയ കാരണം. ഇതേ ആവശ്യവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ഗവർണർക്കു നേരിട്ട് കത്തെഴുതുകയും ചെയ്തു. നഗ്നമായ അധികാര ദുർവിനിയോഗമായിരുന്നു രണ്ടും. ചാൻസലറായ ഗവർണർക്ക് താനെഴുതിയ കത്ത് പുറത്തുവന്നതിനെക്കുറിച്ചായിരുന്നു ബിന്ദുവിന് സങ്കടം.
‘‘ചാൻസലറും പ്രോ ചാൻസലറും തമ്മിലെ ആശയവിനിമയം പൊതു ഇടത്തിൽ ചർച്ച ആകുന്നത് ശരിയല്ല. കത്ത് പുറത്തുവിടുന്നത് മാന്യതയല്ല. മാധ്യമങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല, മാധ്യമവിചാരണ വേണ്ട’. ബിന്ദുവിന്റെ കത്ത് പുറത്തു വന്നപ്പോൾ മന്ത്രി ബിന്ദുവിന്റെ പ്രതികരണമായിരുന്നു ഇത്. തന്റെ പിതാവിനെക്കാൾ പ്രായം കൂടിയ ആളാണ് ഗവർണർ. അനുഭവ സമ്പത്തും ജീവിതപരിചയവും കൊണ്ട് ഉയർന്നു നിൽക്കുന്ന ഗവർണറെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും മന്ത്രി ആർ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ പ്രഫസറായിരുന്ന ഗോപിനാഥ് രവീന്ദ്രനെ എന്തിനാണു കണ്ണൂർ സർവകലാശാലയുടെ വിസി ആക്കിയത്? മുന്തിയ സിപിഎം നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ പ്രൊഫസറായി നിയമിക്കാൻ വേണ്ടി മാത്രം. അതിനു വേണ്ടി ഒരു സർവകലാശാലയെ അപ്പാടെ ഇരുട്ടിൽ നിർത്തി, സംസ്ഥാന സർക്കാർ. ഒടുവിൽ ഗോപിനാഥ് രവീന്ദ്രനെ സുപ്രീം കോടതി പുറത്താക്കി. അതിനു പ്രതികാരമായി സർക്കാർ സർവകലാശാലയുടെ തലപ്പത്തു നിന്ന് ഗവർണറെ ഒഴിവാക്കാനുള്ള നടപടികളുമായി സർക്കാരും രംഗത്തു വന്നു. അതിന്മേലുള്ള നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്. രാഷ്ട്രപതിയെ പോലും കോടതി കയറ്റി റെക്കോഡ് കുറിച്ചിരിക്കുകയാണ് പിണറായി സർക്കാർ.
സർവകലാശാലകളിലും ക്യാംപസുകളിലും അക്രമവും കൊലപാതകങ്ങളും നടത്തുന്നവർക്ക് ഭരണത്തിന്റെ സംരക്ഷണം ലഭിക്കുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്തു ഭരമേല്പിച്ച ഒരു വൈസ് ചാൻസിലറെ ചാൻസലർ കൂടിയായ ഗവർണർ നേരിട്ടു സസ്പെൻഡ് ചെയ്തത്. പൂക്കോട് വെറ്ററിനറി സർവകലാശാ വൈസ് ചാൻസിലർ ഡോ. എം.ആർ. ശശീന്ദ്ര നാഥ് ആണ് ഈ നാണക്കേട് വരുത്തി വച്ചത്.
പൂക്കോട് സർവകലാശാലയിൽ മാത്രമല്ല, കേരളത്തിലെ സർക്കാർ സർവകലാശാലകളിൽ ഒരിടത്തും മതിയായ യോഗ്യതയും കാര്യപ്രാപ്തിയുമുള്ളവരല്ല വൈസ് ചാൻസിലർമാർ. അതുകൊണ്ടു തന്നെ പല സർവകലാശാലകളുടെയും വിസി മാരെ സുപ്രീം കോടതി അടക്കമുള്ള നീതിപീഠങ്ങൾ ഇടപെട്ട് പുറത്താക്കി. അവശ്യഘട്ടങ്ങളിൽ സംസ്ഥാന സർക്കാരുമായി സന്ധി ചെയ്യുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സമ്മർദ തന്ത്രത്തിന്റെ ഭാഗമായെങ്കിലും സർവകലാശാലാ നടത്തിപ്പിൽ ഇടപെട്ടതിന്റെ ഫലമാണ് ഏഴ് വൈസ് ചാൻസിലർമാർ ഒറ്റയടിക്കു പുറത്തായത്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തെയും സർവകലാശാലകൾക്ക് ഈ ഗതി വന്നിട്ടില്ല.
കേരളത്തിലെ സർവകലാശാലകൾ എസ്എഫ്ഐയുടെ ചെകുത്താൻ കോട്ടകളാണെന്ന കാര്യം പുതുമയുള്ളതല്ല. ഒരു കാലത്ത് ലോകോത്തര സർവകലാശാലകളായിരുന്ന കേരള, എംജി, കോഴിക്കോട് സർവകലാശാലകൾ പോലും ഇപ്പോൾ രാഷ്ട്രീയ അതിപ്രസരത്തിൽ വീർപ്പുമുട്ടുകയാണ്. ഇവയിലടക്കം കേരളത്തിലെ മുഴുവൻ വൈസ് ചാൻസിലർമാരെയും പുറത്താക്കാൻ നടപടിയുമായി കുറച്ചു നാൾ മുൻപ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ടു വന്നിരുന്നു. വിസി ആകാനുള്ള യോഗ്യതകൾ കാറ്റിൽ പറത്തി തനി രാഷ്ട്രീയക്കാരെ കുടിയിരുത്തി, സർവകലാശാലകളെ തങ്ങളുടെ രാഷ്ട്രീയ പരിശീലന കളരികളാക്കുകയാണ് സിപിഎം ചെയ്തത്. അതിന്റെ ദുരന്തമാണ് ഇന്നു കേരളത്തിലെ സർവകലാശാലകൾ നേരിടുന്ന മൂല്യച്യുതിയുടെയെല്ലാം കാരണം. അതുകൊണ്ടാണ് മുഴുവൻ വിസിമാരോടും രാജിവച്ചൊഴിയാൻ ഗവർണർ രേഖാമൂലം ആവശ്യപ്പെട്ടത്.
കേരളാ സാങ്കേതിക സർവകലാശാല വിസി ഡോ. എം.എസ് രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രിം കോടതി വിധി വന്നതിനു പിന്നാലെയാണ് ഗവർണർ കേരളത്തിലെ മറ്റ് വിസിമാർക്കെതിരെയും വടിയെടുത്തത്. സംസ്ഥാനത്തെ സർവകലാശാലകളിലെ വിസി നിയമനങ്ങളിൽ സ്വജനപക്ഷപാതവും അഴിമതിയുമുണ്ടായെന്നാണ് ഗവർണറുടെ ആരോപണം. എന്നാൽ വിസിമാരുടെ നിയമനത്തിൽ ഗവർണർ തന്റെ വിവേചനപരമായ അധികാരങ്ങൾ പ്രയോഗിച്ചില്ലെന്ന കടുത്ത വിമർശനവും സുപ്രീം കോടതിയിൽ നിന്നുണ്ടായി. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമന കേസിൽ വിധി പറയുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്ര ചൂഡ്, ജസ്റ്റിസ്മാരായ ജെ.പി.പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ പരാമർശം.
ചുരുക്കത്തിൽ കേരളത്തിലെ സർവകലാശാലകളിൽ നടക്കുന്നത് ഉന്നത വിദ്യാഭ്യാസ പരിശീലനമല്ല, രാഷ്ട്രീയ അതിപ്രസര പ്രചാരണങ്ങളാണ്. ഭരണപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനും അവരുടെ ഭാര്യാ-ഭർത്താക്കന്മാർക്കും ബന്ധുജനങ്ങൾക്കും സർവകലാശാലകളിലെ ഉന്നത നിയമനങ്ങൾ നടത്തിക്കൊടുക്കാനുള്ള ദല്ലാളന്മാർ മാത്രമായി വൈസ് ചാൻസലർമാർ അധഃപതിച്ചിരിക്കുന്നു. എം.ജി സർവകലാശാല രൂപീകരിച്ചപ്പോൾ കേരളത്തിൽ നിന്ന് മതിയായ യോഗ്യതയുള്ള വിസിയെ കിട്ടാതിരുന്നപ്പോൾ, കർണാടകത്തിൽ നിന്നുള്ള ഡോ.യു.ആർ. അനന്തമൂർത്തിയെന്ന വിദ്യാഭ്യാസ വിചക്ഷണനെ വിളിച്ചു വരുത്തി വിസി ആക്കിയ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്റെ വിദ്യാഭ്യാസ ഔന്നത്യം ഞാനിപ്പോൾ ഒർക്കുകയാണ്.
ജനാധപത്യ ഭരണം വരുന്നതിനു മുൻപും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം എങ്ങനെ ആയിരിക്കണമെന്നതിനു മറ്റൊരു ഉദാഹരണം കൂടിയുണ്ട്. കേരളത്തിലെ ആദ്യ സർവകലാശാലയായ ട്രാവൻകൂർ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസിലാറായി നിയമിക്കുന്നതിന് അന്നത്തെ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ ക്ഷണിച്ചത് ശാസ്ത്ര നൊബേൽ പുരസ്കാര ജേതാവ് സാക്ഷാൽ സർ ആൽബർട്ട് ഐൻസ്റ്റീനെ. ഇന്ത്യയിലെ ഒരു നാട്ടു രാജ്യത്തിന്റെ അന്നത്തെ പരിമിതികൾ മനസിലാക്കി ആൽബർട്ട് ഐൻസ്റ്റീൻ ആ ക്ഷണം നിരസിച്ച് യുഎസിലെ പ്രസിദ്ധമായ പ്രിൻസിറ്റോൺ സർവകലാശാലയിലെ അസോസിയേറ്റ് ആയി പ്രവർത്തിച്ചു. ഇതൊക്കെയായിരുന്നു ഒരു കാലത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെയും സർവകലാശാലകളുടെയും മെരിറ്റ്. ഇന്നോ? ഇത്ര വികലമായ തരത്തിൽ സർവകലാശാലകളുടെ പ്രവർത്തനം അധഃപതിച്ചുപോയ വേറൊരു കാലഘട്ടം എന്റെ ഓർമയിലില്ല.