For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പ്രവചിക്കാൻ വരട്ടെ, ഇനിയും സമയമുണ്ട്

03:38 PM Jun 03, 2024 IST | Veekshanam
പ്രവചിക്കാൻ വരട്ടെ  ഇനിയും സമയമുണ്ട്
Advertisement

PIN POINT

Advertisement

ഡോ. ശൂരനാട് രാജശേഖരൻ

തിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴു ഘട്ടങ്ങളിലെ വോട്ടെടുപ്പും പൂർത്തിയായി. ഇന്നത്തെ ഒരു രാപ്പകൽ കൂടി കഴിയുമ്പോഴേക്കും രാജ്യത്തിന്റെ അടുത്ത ഭരണ നേതൃത്വം ആർക്കെന്നു കൃത്യമായി അറിയാം. അതിനിടെ മാധ്യമങ്ങൾ നടത്തുന്ന ഫലപ്രഖ്യാപനങ്ങളെ വാർത്താ കൗതകത്തിന്റെ പേരിൽ വെറുതേ വായിച്ചു വയ്ക്കാം. പൂർണമായി വിശ്വസിക്കേണ്ട. തീർത്തങ്ങു തള്ളിക്കളയുകയും വേണ്ട. ഈ തെരഞ്ഞെടുപ്പിൽ 350 സീറ്റു വരെ എൻഡിഎ സഖ്യം നേടുമെന്നാണു പല പ്രവചനങ്ങളും രേഖപ്പെടുത്തുന്നത്. 295 സീറ്റു വരെ ഇന്ത്യാ സഖ്യത്തിനു ലഭിക്കുമെന്നു കണക്കാക്കുന്നവരുമുണ്ട്.
ലോക ചരിത്രത്തിൽ എക്സിറ്റ് പോൾ ഫലങ്ങൾ വായനക്കാരെ വഴി തെറ്റിച്ച നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. യഥാർഥ ഫലത്തോട് വളരെ അടുത്തു നിൽക്കുന്ന തെരഞ്ഞെടുപ്പ് ഫലം ഏറെക്കുറെ കൃത്യമായി പ്രവചിച്ചവരുമുണ്ട്. ഇംഗ്ലീഷിൽ 'പ്രോബബലിറ്റി തിയറി'യോട് അടുത്തു നിൽക്കുന്നതാണ് എക്സിറ്റ് ഫലങ്ങൾ. ശരായാവാം, ചിലപ്പോൾ തെറ്റുമാവാം എന്നതാണ് ഈ സിദ്ധാന്തത്തിന്റെ പൊരുൾ തന്നെ.

എക്സിറ്റ് പോൾ ഫലങ്ങൾ പാടേ തെറ്റിപ്പോയ അനുഭവങ്ങൾ ഇന്ത്യയിൽ പല തവണ സംഭവിച്ചിട്ടുണ്ട്. 2004ൽ എ.ബി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനു ഭരണത്തുടർച്ച ലഭിക്കുമെന്നായിരുന്നു മിക്ക മാധ്യമങ്ങളും പ്രവചിച്ചത്. 'ചക്‌തേ ഭാരത്' (ഇന്ത്യ തിളങ്ങുന്നു) എന്ന കടുത്ത മുദ്രാവാക്യം മുഴക്കി അന്നു ബിജെപി നടത്തിയ പ്രചണ്ഡ പ്രചാരണം പക്ഷേ, ഫലം കണ്ടില്ല. എക്സിറ്റ് പോൾ ഫലങ്ങളെയും അന്ന് വോട്ടർമാർ വഴി തെറ്റിച്ചു. ഒന്നാം യുപിഎ സർക്കാർ കേവലഭൂരിപക്ഷം നേടി അധികാരത്തിലെത്തി.
അന്നത്തെ സർക്കാർ കാലാവധി പൂർത്തിയാക്കില്ലെന്നായിരുന്നു അടുത്ത പ്രവചനം. എന്നാൽ ഈ പ്രവചനവും കാറ്റിൽ പറത്തി ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സർക്കാർ കാലാവധി പൂർത്തിയാക്കി.

2009ലെ തെരഞ്ഞെടുപ്പിലും എക്സിറ്റ് ഫലങ്ങൾ പാളം തെറ്റി. യുപിഎയ്ക്ക് ഒരു കാരണവശാലും ഭരണത്തുടർച്ച ഉണ്ടാകില്ലെന്നായിരുന്നു മിക്ക ഫലപ്രവചനങ്ങളും. ഇടതു മുന്നണി യുപിഎയെ കൈവിട്ടതായിരുന്നു ഒരു കാരണം. 123 ആണവ കരാറിന്റെ പേരിൽ ഒന്നാം മൻമോഹൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു മാറിപ്പോയ ഇടതു മുന്നണി, യുപിഎയ്ക്കു പിന്തുണ നൽകില്ലെന്നു തെരഞ്ഞെടുപ്പിനു മുൻപേ പ്രഖ്യാപിച്ചു. പക്ഷേ, തെരഞ്ഞെടുപ്പ ഫലം വന്നപ്പോൾ ഇടതു പിന്തുണ ഇല്ലാതെ തന്നെ വ്യക്തമായ ഭൂരിപക്ഷത്തോടെ മൻമോഹൻ സിങ് അധികാരത്തിൽ തുടർന്നു. ജവഹർലാൽ നെഹറുവിനുശേഷം ഭരണത്തുടർച്ച ലഭിക്കുന്ന ആദ്യത്തെ കേന്ദ്ര സർക്കാരായിരുന്നു അത്.
ഈ സർക്കാരിനും ആയുസില്ലെന്നു പ്രവചിച്ചവരാണ് അന്നത്തെ പല മാധ്യമങ്ങളും. പക്ഷേ, ഒരു പ്രശ്നവുമില്ലാതെ സർക്കാർ കാലാവധി പൂർത്തിയാക്കി. ഈ രണ്ടു സർക്കാരുകളുടെ കാലത്താണ് ഇന്ത്യ സാമ്പത്തിക സ്ഥിരത നേടിയത്. ആഗോള സാമ്പത്തിക ശക്തിയായി വളരാൻ തുടങ്ങിയത്. അതിന്റെ ചുവടു പി‌ടിച്ചു മാത്രമാണ് ഒന്നും രണ്ടും നരേന്ദ്ര മോദി സർക്കാർ കഷ്ടിച്ചു പിടിച്ചു നിന്നത്. 2016 നവംബർ എട്ടിലെ നോട്ട് നിരോധനവും 2019ലെ കോവിഡും മോദിയുടെ വികലമായ ജിഎസ്ടി സമ്പ്രദായവും സംഭവിച്ചിരുന്നില്ലെങ്കിൽ 2020ൽത്തന്നെ ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളർ സാമ്പത്തിക ശക്തി ആകുമായിരുന്നു.

തന്നെയുമല്ല, മൻമോഹൻ സിങ് സർക്കാർ നടപ്പാക്കിയ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധയിലൂടെയും ഭക്ഷ്യ സുരക്ഷാ നിയമ നിർമാണത്തിലൂടെയും രാജ്യത്തിന്റെ സമ്പത്ത് പാവങ്ങളിൽ പാവങ്ങളായ സാധാരണ പൗരന്മാരിലെത്തിക്കുകയും ചെയ്തു. അന്നത്തെ യുപിഎ സർക്കാരിന് മൂന്നാമതൊരു ഭരണത്തുടർച്ച കൂടി ലഭിച്ചിരുന്നെങ്കിൽ ഇന്നത്തെ ഇന്ത്യ ആകുമായിരിന്നില്ല പരുവപ്പെടുമായിരുന്നത് എന്ന കാര്യത്തിലുമില്ല സംശയം.
എന്നാൽ ഭൂരിപക്ഷ വർഗീയതയുടെ കാർഡ് എടുത്ത്, ഇന്ത്യയുടെ മതേതര പാരമ്പര്യത്തെ വെല്ലുവിളിച്ചു നടത്തിയ 2014 ലെ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരം പിടിച്ചു. 2019ലും അതു തന്നെ ആവർത്തിച്ചു. ഒന്നും രണ്ടും യുപിഎ സർക്കാരുകൾ നടപ്പാക്കിയ ജനകീയ പദ്ധതികളുടെ മാതൃകയിൽ ഒന്നു പോലും കൊണ്ടു വരാൻ ഒന്നും രണ്ടും മോദി സർക്കാരിനു കഴിഞ്ഞില്ല. പ്രതിമ നിർമാണമല്ലാതെ ഭരണ നേട്ടമായി യാതൊന്നും അവർക്കു രേഖപ്പെടുത്താനുമില്ല. തൊഴിൽ നഷ്ടം, വരുമാന നഷ്ടം, ഭക്ഷ്യ ക്ഷാമം, കർഷക ദ്രോഹം, കോർപ്പറേറ്റ് കൊള്ള, വിറ്റു തുലയ്ക്കൽ തുടങ്ങിയവയല്ലാതെ വേറൊന്നും ചെയ്യാൻ രണ്ട് മോദി സർക്കാരുകൾക്കും കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങൾ 2024ലെ തെരഞ്ഞെടുപ്പിൽ വോട്ടർമാർ ചർച്ച ചെയ്തിട്ടില്ല എന്നു കരുതാൻ അരിയാഹാരം കഴിക്കുന്ന ആർക്കും കഴിയില്ല.

കേരളത്തിൽ താമര വിരിയുമെന്ന പ്രവചനവും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു പറയാതെ വയ്യ. 1990ലെ കുവൈറ്റ് യുദ്ധത്തിൽ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന് താരപരിവേഷം നൽകി കേരളത്തിൽ ഇ.എം.എസ് നമ്പൂതിരിപ്പാട് നയിച്ച ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ലഭിച്ച ഉജ്വല വിജയത്തിന്റെ പശ്ചാത്തലത്തിൽ, ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന മന്ത്രിസഭ, കാലാവധി പൂർത്തായാക്കാൻ ഒരു വർഷം ബാക്കി നിൽക്കെ ഇടതു മുന്നണി നേതൃത്വം പിരിച്ചു വിട്ടു. ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ് മാതൃകയിൽ നിയമസഭാ തെരഞ്ഞെടുപ്പിലും സദ്ദാം ഹുസൈൻ സഹായിക്കുമെന്നായിരുന്നു ഇടതു പ്രതീക്ഷ. അന്നും മാധ്യമ സർവേകൾ ഇടതു വിജയം പ്രവചിച്ചു. പക്ഷേ, ഫലം വന്നപ്പോൾ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് വൻഭൂരിപക്ഷം നേടി അധികാരം നേടി. ഇതൊക്കെയാണ് നമുക്ക് എളുപ്പത്തിൽ ഓർമ വരുന്ന എക്സിറ്റ് പോൾ ഫലങ്ങൾ.
ഇന്ത്യയുടെ ജനാധിപത്യ ഭാഗധേയം ഏതു വഴിക്കാവുമെന്ന് ഈ അവസാന നിമിഷങ്ങളിൽ കൃത്യമായി പ്രവചിക്കുക അസാധ്യമാണ്. പക്ഷേ, ഫലം ഏതു വഴിക്കായാലും ഇന്ത്യയുടെ ഭാവിയെ നിർണായകമായി സ്വാധീനിക്കുമെന്ന കാര്യത്തിൽ സംശയമില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങി കള്ളം മാത്രം പ്രചരിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതൽ നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗങ്ങൾ ബിജെപിയെപ്പോലും വെട്ടിലാക്കി എന്നതാണു നേര്. ബഹുസ്വരതയുടെ പ്രതീകമായ ഇന്ത്യയിൽ നാനാജാതി മതസ്ഥർ ഏകോദര സഹോദരങ്ങളായി കഴിയുന്നതാണ് പാരമ്പര്യം. എന്നാൽ ഇന്ത്യയിലെ മുസ്ലിംകളെ നുഴഞ്ഞുകയറ്റക്കാരായും കൂടുതൽ മക്കളുള്ള മാതാപിതാക്കളായും തീവ്രവാദികളായും പച്ചയ്ക്കു മുദ്ര കുത്താൻ അദ്ദേഹത്തിനു ധൈര്യം വന്നു. ഇത്ര രൂക്ഷമായ ഭാഷയിൽ മത വിദ്വേഷ പ്രസംഗം നടത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മിഷനും കോടതികളുമടക്കം മൗനം ഭജിച്ചു. അഥവാ, അവയെ നിശബ്ദമാക്കാൻ പോന്ന ഭരണസ്വാധീനം മോദിയുടെ അധികാര ഭ്രമത്തിലൂടെ സാധിച്ചു.
രാജ്യത്തെ പ്രധാന പ്രതിപക്ഷവും ആറു പതിറ്റാണ്ടിലേറെ ഈ രാജ്യത്തിന്റെ ഭരണ സാരഥ്യം വഹിച്ച പാർട്ടിയുമായ കോൺഗ്രസിന്റെ പ്രകടന പത്രികയെ ഇകഴ്ത്തുകയായിരുന്നു പ്രചാര വേളയിൽ മോദിയും ബിജെപിയും ചെയ്തത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമ ക്ഷേത്രത്തിലേക്ക് ബുൾഡോസർ ഉരുട്ടിക്കയറ്റുമെന്നായിരുന്നു ഒരു പ്രചാരണം. രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ മുസ്ലിംകൾക്ക് (നുഴഞ്ഞുകയറ്റക്കാരായ ഭീകരർക്ക്) വിഭജിച്ചു നൽകുമെന്നും മോദി മുന്നറിയിപ്പ് നല്കി. ഹൈന്ദവ സ്ത്രീകളുടെ താലിമാല വരെ പൊട്ടിച്ചെടുത്ത് മുസ്ലിംകൾക്കു നൽകുമെന്നായിരുന്നു നരേന്ദ്ര മോദി പച്ചയ്ക്കു പറഞ്ഞത്. രാജ്യത്ത് ഇന്നേവരെ ഒരു നേതാവും ഇങ്ങനെ വെട്ടിത്തുറന്നു മത വിദ്വേഷം പ്രസംഗിച്ചിട്ടില്ല. അതെല്ലാം വോട്ടായി മാറുമെന്ന അന്ധവിശ്വാസത്തിലൂന്നിയാവണം എൻഡിഎയ്ക്കു മൂന്നാമതും ഭരണത്തുടർച്ച പ്രതീക്ഷിക്കുന്നത്. അതൊന്നും ശരിയാവണമെന്നില്ല.

ഇനി അമ്പേ തെറ്റിപ്പോയ മറ്റൊരു മഹാപ്രവചനത്തെക്കുറിച്ചു കൂടി ഇവിടെ പറയാതെ വയ്യ. 1947 ഓഗസ്റ്റ് 14ന് അർധ രാത്രി ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടനിലെ ടാബ്ലോയിഡുകൾ വരെ ഒരു കാര്യം അസന്നിഗ്ധമായി പ്രവചിച്ചു. ഭിന്ന ജാതികളും ഭിന്ന മതങ്ങളും ഭിന്ന ഭാഷകളും ഭിന്ന സംസ്കാരങ്ങളുമൊക്കെയുള്ള ഇന്ത്യക്കു സ്വാതന്ത്ര്യം നൽകുന്നതോടെ, ഈ രാജ്യം ആയിരക്കണക്കിനു കു‍‌ട്ടി രാജ്യങ്ങളായി ചിന്നിച്ചിതറിപ്പോവുമത്രേ. വോട്ട് എന്താണെന്ന് അറിയാത്ത നിരക്ഷരകുക്ഷികളായ ദരിദ്ര നാരായണന്മാർ എങ്ങനെ വോട്ടെടുപ്പിലൂടെ തങ്ങളുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കും എന്ന് ആശങ്കപ്പെട്ടവരും നിരവധി. അവരോടെല്ലാം മഹാത്മാ ഗാന്ധിയും നെഹറുവും സർദാർ പട്ടേലും പറഞ്ഞ ഒരു മഹാവാക്യമുണ്ട്. "ശരിയാണ്, ഞങ്ങളുടെ ജനതയ്ക്ക് അതൊന്നും അറിയില്ല. പക്ഷേ, ആദ്യം ഞങ്ങൾ അവരെ അതെല്ലാം പഠിപ്പിക്കും. പിന്നീടു ലോകത്തിനു കാണിച്ചു കൊടുക്കും, ഇതാണ്, ഇവിടെയാണ് യഥാർഥ ജനാധിപത്യമെന്ന്." അതു തന്നെയായിരുന്നു ഏറ്റവും വലിയ രാഷ്ട്രീയ പ്രവചനമെന്നു കാലം തെളിയിച്ചു. അതിനപ്പുറത്ത് മറ്റൊരു പ്രവചനവുമില്ലെന്നും. നെഹ്റു കുടുംബത്തിനു പുറത്ത് കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നു സാമ്പത്തിക ശാസ്ത്രത്തിൽ ട്രിപ്പിൾ ബിരുദം നേടിയ ഡോ. മൻമോഹൻ സിങ്ങിനും ഗുജറാത്തിൽ നിന്നു പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള നരേന്ദ്ര മോദിക്കും വരെ ഭരുക്കാൻ പര്യാപ്തമായ ഒരു ഇന്ത്യയെ രൂപപ്പെടുത്താൻ സർജ്ജമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രവചനാണ് എല്ലാത്തിനും മുകളിലെന്നു മറക്കാതിരിക്കട്ടെ, വർത്തമാനകാല പ്രവചന വിശാരദന്മാർ.

Author Image

Veekshanam

View all posts

Advertisement

.