Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മുഖ്യമന്ത്രിക്കു കറുപ്പിനോടു കലിപ്പ്: സതീശൻ

05:37 PM Dec 02, 2023 IST | ലേഖകന്‍
Advertisement

കോഴിക്കോട്: മുഖ്യമന്ത്രി ഏതെങ്കിലും ജില്ലയിലുള്ളപ്പോൾ കറുപ്പു വസ്ത്രം ധരിച്ച് ആർക്കും പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാക്കയ്ക്കു പോലും അന്നു പുറത്തിറങ്ങാനാവില്ല. കറുപ്പിന്റെ പേരിൽ കാക്കയെ പോലും കസ്റ്റഡിയിലെടുക്കുന്ന പൊലീസാണ് പിണറായിയുടേതെന്നും സതീശൻ കളിയാക്കി. എൽഡിഎഫ് സർക്കാരിന്റെ ജന വിരുദ്ധ അഴിമതി ഭരണത്തിനെതിരേ യുഡിഎഫ് നടത്തുന്ന ജനകീയ വിചാരണ സദസ് ബേപ്പൂർ ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
കറുപ്പ് മുണ്ടും ഷർട്ടും ധരിച്ച് ശബരിമലയിൽ പൊകാനിറങ്ങിയവരെ വരെ പിണറായിയുടെ അകമ്പടി പൊലീസ് കസ്റ്റഡിയിലെടുത്തു. കറുത്ത ചുരിദാറും കറുത്ത മുണ്ടും ഷർട്ടും ധരിച്ച് ആർക്കും പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
ജനങ്ങളെ ഭയപ്പെടുത്തിയാണ് മുഖ്യമന്ത്രിയുടെ ജനസദസ്. നാല്പത് വാഹനങ്ങളുടെയും ആയിരക്കണക്കിനു പോലീസിന്റെയും അകമ്പടിയോടെ ജനസദസ് നടത്തുന്ന മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ നാലു യൂത്ത് കോൺ​ഗ്രസുകാരെയാണ് സിപിഎം പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചത്. പൊലീസ് വലയത്തിലുള്ള മുഖ്യമന്ത്രിയെ ഒന്നു കാണാൻ പോലും ജനങ്ങൾക്കു കഴിയുന്നില്ല. അങ്ങനെയൊരാളാണ് താൻ ഊരിപ്പി‌ടിച്ച വാളുകൾക്കു നടുവിലൂടെ നടന്നു എന്നു വീമ്പിളക്കുന്നത്. കേരളം കണ്ട ഏറ്റവും പേടിത്തൊണ്ടനായ മുഖ്യമന്ത്രിയാണു പിണറായി വിജയനെന്നും അദ്ദേഹം പരഹിസിച്ചു.
എം.കെ രാഘവൻ എംപി, അഡ്വ. കെ. പ്രവീൺ കുമാർ, എൻ സുബ്രഹ്മണ്യൻ, അഡ്വ ജയന്ത്, അഡ്വ രാജൻ തു‌ടങ്ങിയവർ പ്രസം​ഗിച്ചു.
14 ജില്ലകളിലും വിചാരണ സദസ് സംഘടിപ്പിച്ചു. ധർമ്മടത്ത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും നേമത്ത് കെപിസിസി പ്രസിഡന്റ്് കെ സുധാകരനും താനൂരിൽ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും വിചാരണ സദസ്സുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
ഏറ്റുമാനൂരിൽ പി ജെ ജോസഫും തൃത്താലയിൽ രമേശ് ചെന്നിത്തലയും ചേർത്തലയിൽ എം എം ഹസ്സനും കാസർഗോട്ട് ഇ ടി മുഹമ്മദ് ബഷീറും കളമശ്ശേരിയിൽ കെ മുരളീധരനും ആറന്മുളയിൽ ഷിബു ബേബി ജോണും ഇടുക്കിയിൽ അനുപ്‌ജേക്കബും ഇരിഞ്ഞാലക്കുടയിൽ സിപി ജോണും കൊട്ടാരക്കര ജി ദേവരാജനുമാണ് വിചാരണ സദസുക ഉദ്ഘാടനം ചെയ്തത്.

Advertisement

Tags :
featured
Advertisement
Next Article