അധികാരത്തിൽ തുടരാൻ അർഹതയില്ല, മുഖ്യമന്ത്രി രാജി വയ്ക്കണം: പ്രതിപക്ഷം
തിരുവനന്തപുരം: അഴിമതി കേസിൽ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അദ്ദേഹം ഉടൻ രാജി വയ്ക്കണം. ആരോപണങ്ങൾക്കു മറുപടി പറയേണ്ട മുഖ്യമന്ത്രി നിയമസഭയിൽ പോലും വരുന്നില്ല. അന്വേഷണത്തിന് 8 മാസത്തെ സാവകാശം നൽകിയത് ബി.ജെ.പി - സി.പി.എം സെറ്റിൽമെന്റിന്റെ ഭാഗമാണെന്നും ഇതിനെതിരേ യുഡിഎഫ് നിയമ നടപടികൾ ആലോചിക്കുമെന്നും സതീശൻ വ്യക്തമാക്കി. നിയമസഭ ബഹിഷ്‌ക്കരിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കും മുഖ്യമന്ത്രിക്കും എതിരെ രണ്ട് സ്റ്റ്യാറ്റൂട്ടറി അതോറിട്ടികളുടെ കണ്ടെത്തലുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇൻകം ടാക്‌സ് ഇന്ററീം സെറ്റിൽമെന്റ് ബോർഡും രജിസ്ട്രാർ ഓഫ് കമ്പനീസും നടത്തിയ അന്വേഷണങ്ങളിൽ ഗൗരവതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഒരു സേവനവും നൽകാതെ വലിയ തുക മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ അക്കൗണ്ടിലേക്ക് എത്തിയെന്നാണ് കണ്ടെത്തൽ. ഉയർന്ന സ്ഥാനത്ത് ഇരിക്കുന്ന മുഖ്യമന്ത്രിയെ കൊണ്ടുള്ള കാര്യസാധ്യത്തിന് വേണ്ടി പണം നൽകിയെന്നാണ് റിപ്പോർട്ടിലുള്ളത്. ഇതേക്കുറിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും അന്വേഷിക്കുകയാണ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്. വളരെ പ്രധനപ്പെട്ട ഒരു അന്വേഷണം തനിക്കെതിരെ നടക്കുന്നതിനാൽ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. ഈ വിഷയം നിയമസഭയിൽ കൊണ്ടു വന്നപ്പോൾ മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. ഇന്ന് നിയമസഭയിൽ പോലും വന്നില്ല.
വിഷയം അവതരിപ്പിക്കാതിരിക്കാൻ ഭരണപക്ഷാംഗങ്ങളാണ് ബഹളം ഉണ്ടാക്കിയത്. സഭാ നടപടികൾ തടസപ്പെടുത്തിയതും ഭരണപക്ഷമാണ്. മുഖ്യമന്ത്രിക്കെതിരെ നിയമസഭയിൽ ഒരു വാക്കും പറയാൻ പാടില്ല, തെരുവിൽ പ്രതിഷേധങ്ങൾ പാടില്ല എന്നതാണ് നിലപാടാണ്. പ്രതിപക്ഷ അവകാശങ്ങൾ റോഡിൽ അടിച്ചമർത്തപ്പെടുകയും നിയമസഭയിൽ നിഷേധിക്കപ്പെടുകയുമാണ്. അതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചതെന്നും അദ്ദേഹം വിശദമാക്കി.