സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസ്സുകൾ ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് ഇന്ന് തുടക്കമാകും. മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാർത്ഥികളെ സ്വീകരിക്കും. സംസ്ഥാനത്തെ 2076 സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളിലാണ് ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. കഴിഞ്ഞതവണ ജൂലൈ 5 ആയിരുന്ന പ്രവേശനം ഈ വർഷം നേരത്തെയാണ്.
മൂന്നേകാൽ ലക്ഷത്തോളം വിദ്യാർഥികൾ ഇതുവരെ സ്ഥിരപ്രവേശനം നേടി. ഇനിയും അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി അലോട്ട്മെന്റ് സമയത്ത് ലഭിക്കുമെന്നും വളരെ വേഗത്തിൽ അതിനുള്ള നടപടികൾ പൂർത്തിയാക്കും എന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് സംബന്ധിച്ച് ഉയർന്നു വന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. അതേസമയം മലബാറിലെ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് വിദ്യാർത്ഥി സംഘടനകൾ രംഗത്ത് എത്തിയിരിക്കുന്നത്.