വിധി പ്രസ്താവം കഴിഞ്ഞ് ജഡ്ജി കെ. സോമൻ പേനയുടെ നിബ് ഒടിച്ചില്ല, വലിച്ചെറിഞ്ഞില്ല
ഒരു ക്രിമിനൽ കേസിൽ വധശിക്ഷ വിധിക്കുന്ന ജഡ്ജിയുടെ മനോനില എന്തായിരിക്കും? നീതിപീഠങ്ങളും മാധ്യമങ്ങളും മന:ശാസത്രജ്ഞരുമൊക്കെ ഉന്നയിക്കാറുള്ള ചോദ്യമാണിത്. നീതിയോടുള്ള കടപ്പാട് മാത്രം തിരിച്ചറിഞ്ഞ് വ്യക്തിയെ മറന്ന് പദവി കൈക്കൊള്ളുന്ന തീരുമാനം എന്നാണ് പൊതുവേ വിധിന്യായങ്ങളെ വിലയിരുത്തപ്പെടുന്നത്. നീതിബോധമുള്ള ഒരു ന്യായാധിപന്റെ മുന്നിൽ തെളിവുകളും സാക്ഷികളും സാഹചര്യങ്ങളും നിരന്നു നിന്നു നടത്തുന്ന സമ്മർദത്തിന്റെ അവസാനഫലം. കടുത്ത മാനസിക സംഘർഷത്തിനു നടുവിലും മനസാന്നിധ്യം കൈവിടാതെ കൈക്കൊള്ളുന്ന ഈ തീരുമാനത്തിനു ശേഷം പലരും പല വിധത്തിലാണ് പ്രതികരിക്കുന്നത്.
ചിലർ ദിവസം മുഴുവൻ മൗനത്തിലാകും. ചിലർ തീവ്രമായ പ്രാർഥനയിലേക്കു മാറും. മറ്റു ചിലർ വിധിയെഴുതിയ പേനയുടെ നിബ് ഒടിക്കും. മറ്റു ചിലർ ഈ പേന തന്നെ വലിച്ചെറിയും.
നീതി പീഠം അനുശാസിക്കുന്ന ശിക്ഷകളിൽ ഏറ്റവും വലുതാണ് വധ ശിക്ഷ. ക്രൂരന്മാരായ ആളുകൾക്ക് മാത്രമാണ് നീതിന്യായ വ്യവസ്ഥകൾ വധ ശിക്ഷ വിധിക്കാറുള്ളത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ത്യയിൽ അത്യപൂർവ്വമായെ വധശിക്ഷ വിധിക്കാറുള്ളൂ. കേരളത്തിലും അങ്ങനെ തന്നെ ഇത്തരത്തിൽ വധശിക്ഷയ്‌ക്ക് വിധിയെഴുതിയ ശേഷം ജഡ്ജിമാർ അവരുടെ പേനയുടെ നിബ്ബ് പൊട്ടിച്ച് വലിച്ചെറിയാറുണ്ട്. എന്നാൽ ആലുവ കൊലപാതകകേസിൽ വിധി പ്രസ്താവത്തിന് ശേഷം എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ പേന കുത്തിയോടിക്കാതെ മാറ്റിവച്ചിരുന്നു.
ഒരു ജഡ്ജി ഒരിക്കൽ വിധി പ്രസ്താവിച്ച് കഴിഞ്ഞാൽ ആ വിധി മാറ്റാൻ അദ്ദേഹത്തിന് പിന്നെ അധികാരമില്ലെന്നാണ് ചട്ടം. അതുകൊണ്ടുതന്നെ ഒരു പുനരാലോചന നടത്താതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ പേനയുടെ നിബ്ബ് പൊട്ടിക്കുന്നതെന്നാണ് ഒരുവാദം.
- ഒരാളുടെ ജീവനെടുക്കുക എന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ ഹീനമായ ഒന്നായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ വധശിക്ഷ പുറപ്പെടുവിക്കുന്നതും തെറ്റായി കാണുന്നു. ഈ കാരണത്താലാണ് നിബ്ബ് പൊട്ടിക്കുന്നത് എന്നും പറയുന്നുണ്ട്.
- ഒരു വ്യക്തിയുടെ ജീവൻ എടുക്കാൻ ഉള്ള തീരുമാനത്തിന് ഉപയോഗിച്ച പേന മറ്റ് ആവശ്യങ്ങൾക്കായി വീണ്ടും ഉപയോഗിക്കരുതെന്ന വിശ്വാസവും ഇതിന്റെ പിന്നിലുണ്ട്.
- മറ്റൊരു സിദ്ധാന്തം ന്യായാധിപൻ കുറ്റബോധം കൊണ്ടാണ് പേന ഓടിക്കുന്നത് എന്ന് പറയപ്പെടുന്നു. ഒരു വ്യക്തിയുടെ ജീവൻ എടുക്കാൻ ഉള്ള അധികാരം മറ്റൊരു മനുഷ്യന് ഇല്ലെന്നിരിക്കെ നിയമങ്ങൾ അനുസരിച്ച് തന്റെ ഔദ്യോഗിക കടമ മാത്രമാണ് താൻ നിർവഹിക്കുന്നത് എന്ന് സൂചിപ്പിക്കാൻ ആകാം ഈ പ്രവർത്തി.
- വേറൊരു സിദ്ധാന്തം, പേന നശിപ്പിക്കപ്പെടുന്നതുവഴി അദ്ദേഹത്തിനടക്കം കോടതിയിലെ മറ്റൊരാൾക്കും തന്റെ വിധിയെ ചോദ്യം ചെയ്യാൻ കഴിയില്ല എന്നുള്ള പ്രഖ്യാപനം ആകാം എന്നാണ്.
- അത് പോലെ വധ ശിക്ഷ നൽകുന്നത് വളരെ വേദനാജനകവും വിഷമകരവുമായ പ്രവർത്തിയാണ് എന്നതിനാൽ, ഒരു ന്യായാധിപന് അത്തരം വേദനാജനകവും വിഷമകരവുമായ പ്രവർത്തി ചെയ്യേണ്ടിവരുന്നതിലെ വികാരം പ്രകടിപ്പിക്കുവാൻ കൂടിയാണ് പേന നശിപ്പിക്കുന്നതെന്നാണ് വിശ്വാസം.
അതേസമയം ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലം ഒരു ദയയും അർഹിക്കുന്നില്ലെന്ന് എറണാകുളം പോക്സോ കോടതി വിധിച്ചു. പ്രതിയുടെ പ്രായവും പരിഗണിക്കാനാവില്ല. അപൂർവങ്ങളിൽ അപൂർവമായ കേസാണിത്. ആലുവയിൽ നടന്നത് അതിക്രൂരമായ കൊലപാതകമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് വധശിക്ഷയ്‌ക്കൊപ്പം മൂന്ന് പോക്‌സോ വകുപ്പുകളിൽ അടക്കം അഞ്ച് ജീവപര്യന്തവും വിധിച്ചിരുന്നു. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. വിധിന്യായത്തിൽ കേരളത്തിലും പുറത്തും വലിയ സംതൃപ്തിയാണ് ജനങ്ങൾ പ്രകടമാക്കിയത്. ഇരയ്ക്കു നീതി കിട്ടിയ വിധിയെന്ന് ലോകം ഏക ശബ്ദത്തിൽ വിളിച്ചു പറയുന്നതുപോലെ.