പോലീസ് നടപടി കോൺഗ്രസ് നേതാക്കളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ; കിരാത നടപടിക്ക് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന പോലീസ് നടപടി കോൺഗ്രസ് നേതാക്കളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കിരാത നടപടിക്ക് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രി ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.പി.സി.സി അധ്യക്ഷൻ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ വേദിയിലിരിക്കെ, പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടയിൽ ടിയർ ഗ്യാസും ജലപീരങ്കിയും പ്രയോഗിക്കുന്ന കിരാത നടപടിയാണ് പോലീസ് സ്വീകരിച്ചത്. കേരള ചരിത്രത്തിൽ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല. ക്രിമിനൽ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്തിയുടെ നിർദ്ദേശപ്രകാരമാണ് കോൺഗ്രസ് നേതാക്കളെ ഒന്നാകെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.
പൊലീസിന്റെ നിയന്ത്രണം പൂർണമായും സി.പി.എമ്മിന് തീറെഴുതിക്കൊടുത്ത സംസ്ഥാന പൊലീസ് മേധവി, സേനയ്ക്ക് മേൽ ഒരു നിയന്ത്രണവും ഇല്ലാതെ വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. എം.പിമാരും എം.എൽ.എമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തുള്ളപ്പോൾ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് കാടത്തം കാട്ടിയത്.
രാജാവിനേക്കാൾ രാജഭക്തി കാണിക്കുന്ന പോലീസുകാർ കാലം മാറുമെന്ന് ഓർക്കണം. ഇതുകൊണ്ടൊന്നും കോൺഗ്രസും യു.ഡി.എഫുും പിൻമാറില്ല. ജനവിരുദ്ധ സർക്കാരിനെതിരെ സമരം ശക്തമാക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന്പോകില്ല.