മലപ്പുറത്ത് യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ പോലീസ് അതിക്രമം; പ്രവർത്തകർക്ക് ക്രൂരമർദ്ദനം
മലപ്പുറം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്‌പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെ പോലീസ് അതിക്രമം. പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച് അറസ്റ്റ് ചെയ്യാൻ പോലീസ് ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. പോലീസ് സേനയിൽ അധോലോകസംഘം പ്രവർത്തിക്കുന്നുണ്ടെന്നും, ആഭ്യന്തരമന്ത്രി രാജി വെയ്ക്കണമെന്നും, പോലീസ് ക്രിമിനുകളെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എസ്‌പി ഓഫീസ് മാർച്ച്.
ഡിസിസി പ്രസിഡൻ്റ് വി.എസ്. ജോയ് മാർച്ച് ഉദ്ഘാടനം ചെയ്‌തു. സ്വർണ കള്ളക്കടത്ത് നടത്തുന്ന സിപിഎമ്മിലെ രണ്ട് അധോലോക ഗ്രൂപ്പുകൾ തമ്മിലുള്ള അധികാര വടംവലിയാണ് പി.വി അൻവറിന്റെ വെളിപ്പെടുത്താലായി പുറത്തുവന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്‌ത ഡിസിസി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് പറഞ്ഞു. ഏറ്റവും വലിയ കള്ളനായ പിണറായി വിജയന്റെ കീഴിലാണ് സിപിഎം ഫ്രാക്ഷൻ, പോലീസ് ഫ്രാക്ഷൻ എന്നീ അധോലോക സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പോലീസ് ഒരു പ്രവർത്തകനെ മർദ്ദിച്ച് വാഹനത്തിൽ കയറ്റിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പോലീസ് നടപടിയിൽ വി.എസ്. ജോയിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
അറസ്റ്റ് ചെയ്‌ത പ്രവർത്തകനെ വിടാൻ തയ്യാറാകാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തുടർന്ന് പാലക്കാട് - കോഴിക്കോട് ദേശീയപാത യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. റോഡ് ഉപരോധിച്ചവരുടെ നേരെ പൊലീസ് കടുത്ത അതിക്രമമാണ് നടത്തിയത്. വലിച്ചിഴച്ചും വീണുകിടന്നവരെ ചവിട്ടിയും ലാത്തികൊണ്ട് കുത്തിയുമാണ് പോലീസ് ബസ്സിൽ കയറ്റിയത്. കൊള്ളാവുന്നതിലധികം പേരെ കുത്തിനിറച്ചാണ് ബസ്സിൽ കയറ്റിയത്. മർദ്ദനത്തിൽ പരുക്കേറ്റ പത്തോളം പേരെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.