ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ദുരൂഹത നീക്കാനാകാതെ പൊലീസ്
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ദുരൂഹത നീക്കാനാകാതെ പൊലീസ്. സംഭവത്തിൽ കുറഞ്ഞത് നാലു പ്രതികളെങ്കിലും ഉണ്ടെന്ന സംശയം ഇതുവരെ നീങ്ങിയിട്ടില്ല. മൂന്നു പ്രതികളെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോഴും. അതിനിടെ തട്ടിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ കണ്ടെത്തിയെന്ന് അന്വേഷണ സംഘം പറയുന്നു. എന്നാൽ ഈ തെളിവുകൾ കണ്ടെടുത്ത സ്ഥലം സംബന്ധിച്ച് ലോക്കൽ പോലീസും ക്രൈംബ്രാഞ്ച് പൊലീസും പറയുന്നതിൽ വൈരുധ്യമുണ്ട്. കുട്ടിയുടെ സ്കൂൾ ബാഗിന്റെ ഭാഗങ്ങളും പെൻസിൽ ബോക്സുമാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയത്. പോളച്ചിറയിലെ ഫാം ഹൗസിൽ നടത്തിയ പരിശോധനയിലാണ് തെളിവുകൾ ലഭിച്ചതെന്നും ക്രൈം ബ്രാഞ്ച് പറയുന്നു. എന്നാൽ പ്രതികൾ കുട്ടിയുമായി ഈ ഫാമിൽ എത്തിയതേയില്ല എന്നായിരുന്നു എഡിജിപി എംആർ അജിത് കുമാർ മാധ്യമങ്ങളോടു പറഞ്ഞത്.
ഫാമിലെ തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം പ്രതികളുമായി മടങ്ങി. കുട്ടിയുടെ ബാഗ് കത്തിച്ച് കളഞ്ഞെന്നും വ്യാജ നമ്പർ പ്ലേറ്റ് ആറ്റിൽ കളഞ്ഞെന്നുമാണ് പ്രതികൾ ആദ്യം മൊഴി നൽകിയത്. ബാഗിന്റെ അവശിഷ്ടം കിട്ടിയെങ്കിലും നമ്പർ പ്ലേറ്റ് ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രതികളുടെ വീട്ടു മുറ്റത്തു കിടന്ന മാരുതി സ്വിഫ്റ്റ് ഡിസയർ കാറിലാണ് കുട്ടിയെ തട്ടിക്കൊണ്ടു വന്നതെന്ന മൊഴിയും പൊലീസ് വിശ്വാസത്തിലെടുക്കുന്നു.
തട്ടിക്കൊണ്ടുപോകലിൽ പത്മകുമാറിനും കുടുംബത്തിനും മാത്രമാണ് പങ്കെന്ന നിഗമനത്തിൽ തന്നെയാണ് ഇപ്പോഴും അന്വേഷണ സംഘം. കൂടുതൽ ആളുകളുണ്ടെന്നാണ് നാട്ടുകാരും ദൃക്സാക്ഷികളും പറയുന്നത്. തട്ടിക്കൊണ്ടു പോകലിന് ശേഷം പത്മകുമാറും കുടുംബവും ഫാം ഹൗസിൽ എത്തിയിരുന്നുവെന്ന് ഫാം ഹൗസ് ജീവനക്കാരിയുടെ മൊഴിയുമുണ്ട്. ഈ മൊഴി പക്ഷേ, ലോക്കൽ പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.
കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പൂയപ്പള്ളി പോലീസ് ആയിരുന്നു കേസ് ആദ്യം അന്വേഷിച്ചുകൊണ്ടിരുന്നത്.