വിദ്യാർത്ഥിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ എസ്എഫ്ഐ നേതാക്കളെ പൊലീസ് സംരക്ഷിക്കുന്നു: വി.ഡി. സതീശൻ
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റനറി കോളജിൽ എസ്.എഫ്.ഐ നേതാക്കൾ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ കേസിലെ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റ് ചെയ്യാതെ എസ്.എഫ്.ഐ നേതാക്കൾക്ക് ജാമ്യം കിട്ടുന്നതിനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയാണ്. കേട്ടുകേൾവിയില്ലാത്ത രീതിയിൽ നൂറുകണക്കിന് കുട്ടികളുടെ മുന്നിൽ വിവസ്ത്രനാക്കി ബെൽറ്റും കമ്പിവടിയും ഉപയോഗിച്ചാണ് സിദ്ധാർത്ഥിനെ തല്ലിക്കൊന്നത്. ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയ സി.പി.എം നേതാക്കൾ വളർത്തിയെടുക്കുന്ന എസ്.എഫ്.ഐ ഏറ്റവും വലിയ ക്രിമിനലുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ടി.പിയുടെ തലച്ചോറ് തെങ്ങിൻ പൂക്കുല പോലെ ചിതറിക്കുമെന്ന് സി.പി.എം പറഞ്ഞപ്പോൾ ചാലക്കുടിയിലെ എസ്.ഐയെ പേപ്പട്ടിയെ പോലെ വഴിയിലിട്ട് തല്ലുമെന്നാണ് എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞത്. കാമ്പസുകളിലെ ക്രിമിനൽ സംഘമായി എസ്.എഫ്.ഐ മാറി. സിദ്ധാർത്ഥിന് സംഭവിച്ചത് തങ്ങളുടെ മക്കൾക്കും പറ്റുമോയെന്ന ഭീതിയിലാണ് കേരളത്തിലെ രക്ഷിതാക്കൾ. എന്നിട്ടും പ്രതികൾക്കെതിരെ ദുർബലമായാണ് പൊലീസ് പ്രതികരിക്കുന്നത്. ഇവിടെ ആർക്കാണ് നീതി കിട്ടുന്നത്? കുറ്റവാളികൾക്കെതിരെ കർശന നടപടി എടുത്തില്ലെങ്കിൽ കേരളം കാണാത്ത സമരപരിപാടികളുണ്ടാകുമെന്നും സതീശൻ മുന്നറിയിപ്പ് നൽകി.
ക്രൂരമായ റാഗിങും ആക്രമണവും നടന്നിട്ടും ഡീൻ ഉൾപ്പെടെയുള്ള അധ്യാപകർ ഇത് മറച്ചുവച്ചു. ഇവരൊക്കെയാണോ അധ്യാപകർ. ഇത്തരം അധ്യാപകർ ഒരു കാരണവശാലും അവിടെ പഠിപ്പിക്കാൻ പാടില്ല. അധ്യാപകരെയും പ്രതികളാക്കി യുക്തമായ നടപടി സ്വീകരിക്കണം. നടപടി എടുത്തില്ലെങ്കിൽ ഈ അധ്യാപകരെ പുറത്തിറങ്ങാൻ അനുവദിക്കില്ല.