കോഴിക്കോട് സർവകലാശാലയിൽ പൊലീസ് -വിസി ഒത്തുകളി,
ചർച്ച അനുവദിക്കാതെ അജൻഡകൾ അംഗീകരിച്ചു പിരിഞ്ഞു
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ സംഘർഷം. സർവകലാശാലയിൽ നടക്കുന്ന ഗുരുതരമായ ക്രമക്കേടുകൾ ചർച്ച ചെയ്യണമെന്ന യുഡിഎഫ് പ്രതിനിധികളുടെ ആവശ്യം വിസി നിരാകരിച്ചു. ഇതു ചോദ്യം ചെയ്ത പ്രതിപക്ഷ അംഗങ്ങൾ ബഹളമുണ്ടക്കി. പിന്നാലെ അജണ്ടകൾ പാസാക്കി യോഗം വേഗത്തിൽ അവസാനിപ്പിച്ചു വിസി വേദി വിട്ടു പോയി. സംശയങ്ങൾ കേൾക്കാൻ പോലും വിസി തയ്യാറായില്ലെന്ന് പി അബ്ദുൾ ഹമീദ് എംഎൽഎ കുറ്റപ്പെടുത്തി. അഞ്ച് അജണ്ടകളാണ് യോഗത്തിൽ ഉണ്ടായിരുന്നത്. അഞ്ച് അജണ്ടകളും പാസാക്കിയാണ് യോഗം അവസാനിപ്പിച്ചത്. വിദ്യാർത്ഥി അംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ അജണ്ടകൾ കയ്യടിച്ച് പാസാക്കിയെന്ന് യുഡിഎഫ് സെനറ്റ് അംഗങ്ങൾ പരാതിപ്പെട്ടു. സംഘർഷത്തിലേക്ക് നീങ്ങിയതോടെയാണ് വേഗത്തിൽ തീരുമാനങ്ങളെടുത്ത് യോഗം അവസാനിപ്പിച്ചത്.
അതിനിടെ സംഘർഷമുണ്ടാക്കാൻ എസ്എഫ്ഐ നടത്തിയ ശ്രമങ്ങളും വലിയ പ്രതിഷേധത്തിന് ഇടയാക്കി. രാവിലെ മുതൽ പൊലീസ് സാന്നിധ്യത്തിലാണ് എസ്എഫ്ഐ പ്രവർത്തകർ യോഗം നടന്ന സെനറ്റ് ഹാളിലേക്കുള്ള ഗേറ്റിന്റെ നിയന്ത്രണം ഏറ്റെടുത്ത് പ്രതിഷേധിച്ചത്. വളരെ വൈകിയാണ് പൊലീസ് ഇടപെട്ടത്. എസ്എഫ്ഐ പ്രവർത്തകരെ ഒന്നൊന്നായി നീക്കിയപ്പോഴേക്കും സെനറ്റ് ഹാളിനകത്ത് അജണ്ടകൾ വേഗത്തിൽ പരിഗണിച്ച് യോഗം അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ലീഗ് അംഗങ്ങളും പ്രതിഷേധിച്ച് രംഗത്ത് വന്നത്.