'പൂരം ആസൂത്രിതമായി കലക്കിയത് തന്നെ' ; പ്രതിപക്ഷ ആരോപണം ശരി വെച്ച് മന്ത്രി കെ രാജൻ
തിരുവനന്തപുരം: തൃശ്ശൂർ പൂരം ആസൂത്രിതമായി കലക്കിയതാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവച്ച് നിയമസഭയിൽ ആഞ്ഞടിച്ച് മന്ത്രി കെ രാജൻ. പൂരം കലക്കിയതിനു പിന്നിൽ ആർഎസ്എസ് ആണെന്നും ഇതിനു പോലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന ഉണ്ടെങ്കിൽ അത് സംബന്ധിച്ച് അന്വേഷണം വേണമെന്നും ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തൃശ്ശൂർ പൂരത്തിൽ ആചാരലംഘനം ഉണ്ടായെന്നും വെടിക്കെട്ട് ഉപേക്ഷിക്കാൻ വരെ നീക്കം ഉണ്ടായതായും മന്ത്രി നിയമസഭയിൽ പറഞ്ഞു.
പൂരം കലക്കിയതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്ക്കിടയായിരുന്നു തൃശ്ശൂരിൽ നിന്നുമുള്ള സിപിഐ അംഗമായ മന്ത്രി കെ രാജന്റെ വിമർശനം. പ്രതിപക്ഷാരോപണത്തിന് മറുപടി നൽകാതെ സിപിഎം അംഗങ്ങൾ മുഖ്യമന്ത്രിയായെ പുകഴ്ത്തുന്നതിന് മത്സരിച്ചപ്പോൾ ഭരണപക്ഷത്തെ ഞെട്ടിച്ചുകൊണ്ടാണ് മന്ത്രി കെ രാജന്റെ രൂക്ഷ വിമർശനം ഉണ്ടായത്. പൂരം കലക്കിയതിന് പിന്നിൽ ആർഎസ്എസ് ആണെന്നും. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് പൂരം കലക്കിയതിൽ പങ്കുണ്ടെന്നും തൃശ്ശൂർ എംഎൽഎ ബാലചന്ദ്രനും ആരോപിച്ചു.