കോവിഡാനന്തര ശ്വാസകോശ പ്രശ്നങ്ങൾ; ഇന്ത്യ മുന്നിൽ
കൊവിഡ്-19ൽ നിന്ന് സുഖം പ്രാപിച്ച ഇന്ത്യക്കാരിൽ ഏറെ പേർക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നതായി പഠനം റിപോർട്ടുകൾ . യൂറോപ്യന്മാരെക്കാളും ചൈനക്കാരെക്കാളും ഇന്ത്യക്കാർക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്നും പഠനം പറയുന്നു.
ശ്വാസകോശ പ്രവര്‍ത്തനത്തില്‍ കോവിഡിന്റെ സ്വാധീനം പരിശോധിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പഠനമാണ് നടന്നത്. 207 വ്യക്തികളിലാണ് പഠനം നടത്തിയത്. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട ചിലര്‍ ഒരു വര്‍ഷത്തിനുള്ളില്‍ സാധാരണ നിലയിലേക്ക് മടങ്ങിവരാം, മറ്റുള്ളവര്‍ക്ക് ജീവിതകാലം മുഴുവന്‍ ശ്വാസകോശ സംബന്ധമായ തകരാറുമായി ജീവിക്കേണ്ടി വന്നേക്കാമെന്നും പഠനം പറയുന്നു.
കോവിഡ് -19 ബാധിച്ച് രണ്ട് മാസത്തിന് ശേഷം നെഗറ്റീവായ ഈ രോഗികളിൽ, പൂർണ്ണ ശ്വാസകോശ പ്രവർത്തന പരിശോധന, ആറ് മിനിറ്റ് നടത്ത പരിശോധന, രക്തപരിശോധന, ജീവിത നിലവാരം എന്നിവയും പഠന വിധേയമാക്കി.
രക്തത്തിലേക്ക് ഓക്‌സിജന്‍ കൈമാറാനുള്ള കഴിവ് 44 ശതമാനം പേരെ ബാധിച്ചു. നിയന്ത്രിത ശ്വാസകോശ രോഗം 35 ശതമാനത്തിൽ കണ്ടെത്തി. അവയിൽ ശ്വാസോച്ഛ്വാസം നടക്കുമ്പോൾ ശ്വാസകോശത്തിന് വികസിക്കാനുള്ള കഴിവ് കുറയുന്നതായി കണ്ടെത്തുകയും, 8.3 ശതമാനം ആളുകൾക്കും ശ്വാസകോശത്തിനകത്തേക്കും പുറത്തേക്കുമുള്ള വായു സഞ്ചാരത്തെ ബാധിച്ചതായും പഠനത്തിൽ കണ്ടെത്തി.