പോത്താനിക്കാട് ഇനി ശുചിത്വ സുന്ദര ഗ്രാമം
പോത്താനിക്കാട്: മാലിന്യ മുക്ത ഗ്രാമമായി മാറാൻ ഒരുങ്ങി പോത്താനിക്കാട് പഞ്ചായത്ത്. മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ നടപ്പിലാക്കിയാണ് പഞ്ചായത്തിനെ ശുചിത്വ സുന്ദര ഗ്രാമമായി മാറ്റുന്നതെന്ന് പ്രസിഡന്റ് സജി കെ വർഗീസ് അറിയിച്ചു. പഞ്ചായത്തിന്റെ പൊതുനിരത്തുകളും സ്ഥാപനങ്ങളും പഞ്ചായത്ത് പരിധിയിലെ കനാലുകളും ജലസ്രോതസുകളും മാലിന്യ വിമുക്തമാക്കി സംരക്ഷിക്കുക എന്നാണ് പഞ്ചായത്തിന്റെ ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി മാലിന്യ മുക്ത ബോധവൽക്കരണ കൂട്ടയോട്ടം പഞ്ചായത്ത് സംഘടിപ്പിച്ചു. ഹോളി എയ്ഞ്ചൽ പബ്ലിക്ക് സ്‌കൂൾ പരിസരത്ത് നിന്നും ആരംഭിച്ച കൂട്ടയോട്ടം ജില്ല പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സജി കെ വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെയും ഹരിത കർമ്മസേന അംഗങ്ങളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. കുടുംബശ്രീ പ്രവർത്തകർ, വാർഡ് തല ശുചിത്വ - ആരോഗ്യ പോഷണ സമിതി പ്രവർത്തകർ, ആശാ പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ എന്നിവരും വിവിധ പദ്ധതികളിൽ സജീവ പങ്കാളിത്തം വഹിക്കും.
വീടുകളിൽ നിന്നും തരംതിരിച്ച അജെെവ മാലിന്യം ശേഖരിക്കുന്നത് ഹരിത കർമ്മ സേന പ്രവർത്തകരാണ്. എല്ലാ മാസവും മാലിന്യ ശേഖരണം നടത്തുന്നതിലേക്ക് ഹരിത കർമ്മസേനയുടെ പ്രവർത്തന രീതി മാറ്റിയെടുത്താണ് പഞ്ചായത്ത് മാലിന്യ വിമുക്ത പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. പഞ്ചായത്ത് പരിധിയിലെ കനലുകൾ ശുചികരിച്ചു ഇരു വശങ്ങളിലും പൂച്ചെടികൾ വെച്ചുപിടിപ്പിക്കും. പഞ്ചായത്തിന്റെ കീഴിൽ വരുന്ന പുറംപോക്ക് പ്രദേശങ്ങളിൽ മാലിന്യ മുക്തമാക്കും. ഇവിടെ പൂന്തോട്ടങ്ങളും വിശ്രമകേന്ദ്രങ്ങളും നിർമ്മിക്കും.
പഞ്ചായത്തിനെ പരിസ്ഥിതി സൗഹർദ്ദാമാക്കുന്നതിനും പദ്ധതി തയ്യാറാക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ എം.സി.എഫ് സ്ഥാപിക്കുന്ന പദ്ധതി പൂർത്തീകരിക്കും. ഇന്ത്യയിൽ ആദ്യമായി സമ്പൂർണ സാക്ഷരത കൈവരിച്ചതും ആദ്യമായി സോളാർ പദ്ധതി നടപ്പിലാക്കിയതും പോത്താനിക്കാട് പഞ്ചായത്താണ്. പഞ്ചായത്ത് പരിധിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുവാനും നടപടിയെടുക്കും. കൂട്ടയോട്ടത്തിന് ശേഷം പോത്താനിക്കാട് ബസ് സ്റ്റാൻഡിൽ വിവിധ സ്‌കൂളുകളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും കലാപരിപാടികളും സംഘടിപ്പിച്ചു.
സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി കെ വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആശ ജിമ്മി അധ്യക്ഷത വഹിച്ചു. പോത്താനിക്കാട് സർക്കാർ എൽ.പി സ്‌കൂളിനെ പഞ്ചായത്തിലെ ആദ്യത്തെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് അംഗങ്ങളായ എൻ.എം ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാലി ഐപ്പ്, ജോസ് വർഗീസ്, ജിനു മാത്യു, ഫിജീന അലി, മേരി തോമസ്, വിൻസെന്റ് ഇല്ലിക്കൻ, സാബു മാധവൻ, ടോമി ഏലിയാസ്, ബിസ്‌നി ജിജോ, ജയ്മോൻ വർഗീസ്, സുമാ ദാസ്, ഡോളി സജി, വിവിധ സ്‌കൂളുകളിലെ അധ്യാപകർ, വിദ്യാർഥികൾ, ആശ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, അംഗനവാടി ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, വിവിധ രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.