Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അധികാരം അഴിമതി നടത്താനുള്ള ലൈസൻസ് അല്ല: ജി സുധാകരൻ

06:52 AM Jan 23, 2024 IST | Rajasekharan C P
Advertisement

സി.പി രാജശേഖരൻ

Advertisement

കൊല്ലം: അധികാരം അഴിമതി നടത്താനുള്ള ലൈസൻസ് അല്ലെന്ന് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. അണികൾ മാത്രമല്ല നേതാക്കളും അഴിമതിയോട് അകലം പാലിക്കണം. അഴിമതി അടക്കം പാർട്ടി ഭരണത്തിലിരിക്കുമ്പോൾ നടത്തുന്ന അപചയങ്ങൾ ജനങ്ങൾ കാണുന്നുണ്ടെന്നു മറക്കരുത്. അവർ അവസരം കാത്തിരിക്കുകയാണെന്നും സുധാകരൻ വീക്ഷണത്തോടു പറഞ്ഞു.
അഴിമതിയാണു സിപിഎമ്മിന്റെ മുഖ്യ ശത്രു. എന്നാൽ മറ്റു പല മേഖലകളിലുമെന്ന പോലെ സിപിഎമ്മിലും അപചയങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്ന് നേതൃത്വം മറക്കരുത്. അവസരം കിട്ടുമ്പോൾ അവർ ഉചിതമായി പ്രതികരിക്കുമെന്നും പാർട്ടിയിൽ നിന്നു പല തിരിച്ചടികൾ നേരിട്ട ജി. സുധാകരൻ പറഞ്ഞു.
താൻ രണ്ടു തവണ മന്ത്രിയായിരുന്നു. ആലപ്പുഴയിൽ മാത്രം അഞ്ച് സ്ഥാപനങ്ങൾ കൊണ്ടു വന്നു. അഞ്ഞൂറിലധികം പേർക്ക് തൊഴിൽ നൽകി. എന്നാൽ തന്റെ കുടുംബത്തിൽ നിന്ന് ഒരാളെയും അവിടെ നിയമിച്ചില്ല. എന്നാൽ സ്വജന പക്ഷപാദവും വ്യക്തിപൂജയും സിപിഎമ്മിൽ വർധിച്ചു വരികയാണെന്ന് അദ്ദേഹം സമ്മതിച്ചു. മക്കളും ബന്ധുക്കളുമൊക്കെ പാർട്ടിയുടെയും ഭരണത്തിന്റെയും ആനുകൂല്യങ്ങൾ പറ്റുന്നത് തെറ്റായ പ്രവണതയാണ്. ഈ പ്രവണത തിരുത്താനുള്ള മെഷിനറി ഇപ്പോൾ നടക്കുന്നില്ല. പാർട്ടി തത്വങ്ങളും നയങ്ങളും പരിപാടികളും അറിയാവുന്ന പാർട്ടി കേഡറുകളുടെ എണ്ണം കുറയുകയാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.
അതേക്കുറിച്ചൊക്കെ അറിയാവുന്നവരായിരുന്നു പഴയ തലമുറയിലുണ്ടായിരുന്നത്. അവരെല്ലാം മരിച്ചു പോയി. ഇന്നുള്ള മഹാഭൂരിഭാ​ഗവും പെട്ടെന്നു നേതാവാകാൻ ശ്രമിക്കുന്നവരാണ്. പാർട്ടിക്കു വേണ്ടി ഒരു ത്യാ​ഗവും സഹിക്കാത്തവരണ് അവരിൽ മിക്കവരും. പാർട്ടി അണികളിൽ ആശയപരമായ വ്യക്തത ഉണ്ടായിരിക്കണം. അതില്ലാത്തവരാണ് മുഖസ്തുതികളും നിന്ദാസ്തുതികളുമായി ഇറങ്ങിപ്പുറപ്പെടുന്നത്. സ്തുതിക്കുന്നവർ സ്വയം തിരുത്തുകയും സ്തുതിക്കപ്പെടുന്നവർ അവരെ നിരുത്സാഹപ്പെടുത്തുകയും വേണം. പാർട്ടിയുടെ തെറ്റായ പ്രവണതകൾ തിരുത്താൻ പണ്ട് പാർട്ടിക്കു കഴിയുമായിരുന്നു. പാർട്ടി ക്ലാസുകളും ഉൾപ്പാർട്ടി ചർച്ചകളും തെറ്റു തിരുത്തലും അച്ചടക്ക നടപടകളുമൊക്കെ പാർട്ടിയിൽ പ്രധാനമായിരുന്നു. എന്നാൽ ഇന്നതൊന്നും നടക്കുന്നില്ല. അതിന്റെ കുഴപ്പമാണ് അപചയങ്ങൾക്കു കാരണമെന്നും സുധാകരൻ തുറന്നു പറഞ്ഞു.
സിപിഎം ഒരു ഭരണ പാർട്ടിയല്ല. അതൊരു വിപ്ലവ പാർട്ടിയാണ്. പാർലമെന്ററി ജനാധിപത്യത്തെ അം​ഗീകരിക്കുന്നതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അധികാരമല്ല പാർട്ടിയുടെ ആത്യന്തികമായ ലക്ഷ്യം. പാർട്ടിക്ക് നയങ്ങളും പരിപാടികളും തത്വങ്ങളും തന്ത്രങ്ങളുമുണ്ട്. നയങ്ങളിലും പരിപാടികളിലും പാർട്ടി മാറ്റം വരുത്തില്ല. എന്നാൽ തന്ത്രങ്ങൾ മാറും. അതിന്റെ ഭാ​ഗമാണ് കേരള കോൺ​ഗ്രസ് മാണി വിഭാ​ഗത്തെ മുന്നണിയിൽ എടുത്തത്. എന്നാൽ മുസ്ലിം ലീ​ഗിനെ മുന്നണിയിലെടുക്കണമെന്ന് പാർട്ടിയുടെ ഒരു തലത്തിലും ആലോചിച്ചിച്ചിട്ടില്ല. അവരെ എടുക്കണമെന്ന് ആ​ഗ്രഹിക്കുന്നവർ കണ്ടേക്കാം. അവർ 1986ൽ എം.വി. രാഘവന് സംഭവിച്ചത് മറക്കരുത്. എം.വി രാഘവന്റെ ബദൽ രേഖ തോട്ടിലെറിഞ്ഞവരാണ് ഞങ്ങൾ ആലപ്പുഴക്കാർ. രാഘവന്റെ ബ​ദൽ രേഖയ്ക്ക് ഒരു വോട്ട് പോലും ആലപ്പുഴയിൽ നിന്നു കിട്ടിയില്ല. അതേ സമയം, മറ്റു ജില്ലകളിൽ ഇതു സംബന്ധിച്ച് വ്യത്യസ്ത നിലപാടുകൾ സ്വീകരിച്ചെന്നും അതിന്റെ പേരിൽ ഭിന്നത ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പ്രായം പറഞ്ഞ് താനടക്കമുള്ള നേതാക്കളെ മാറ്റി നിർത്തിയതിരെ അതൃപ്തിയും സുധാകരൻ പങ്കു വച്ചു. തനിക്ക് വലിയ പ്രയമായില്ലെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ പറഞ്ഞതാണ്. തന്നെപ്പോലുള്ളവരെ ഒഴിവാക്കി, പ്രായം പരി​ഗണിച്ചു മന്ത്രിമാരായവരും മേയറായവരുമൊക്കെ സ്വയം പെർഫോം ചെയ്യണം. പ്രായത്തിന്റെ ആനുകൂല്യം പറ്റി സ്ഥാനത്തെത്തിയ ശേഷം പ്രവർത്തനം കൊണ്ട് നേതൃശേഷി പ്രകടമാക്കണം. ഇവിടെ അങ്ങനെ സംഭവിച്ചോ എന്നു കാലം തളിയിക്കട്ടെ എന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Tags :
featured
Advertisement
Next Article