ഏലക്കയില്‍ കീടനാശിനി സാന്നിധ്യം: അരവണ നശിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും
പത്തനംതിട്ട: ഏലക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹൈകോടതി വില്‍പന തടഞ്ഞ ശബരിമലയിലെ 6.65 ലക്ഷം ടിന്‍ അരവണ നീക്കാന്‍ തെരഞ്ഞെടുത്ത മൂന്ന് കമ്പനികളെ സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് ബുധനാഴ്ച സംസ്ഥാന സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കും. തിരുവനന്തപുരത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഇന്ന് നടക്കുന്ന യോഗത്തിലാണ് നടപടികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നത്.
ഇന്ത്യന്‍ സെന്‍ട്രീഫ്യൂജ് എഞ്ചിനീയറിങ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്- 1,16,23,000, അക്വാക്‌സിയ വാട്ടര്‍ സൊലൂഷന്‍സ് - 1,75,02,152. 94, പൊതുമേഖല സ്ഥാപനമായ എച്ച്.എല്‍.എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ്- 1,88,11,560 എന്നീ കമ്പനികളാണ് അന്തിമപട്ടികയിലുള്ളത്. കാലാവധി കഴിഞ്ഞ അരവണ നീക്കം ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് മൂന്നാമതും വിളിച്ച ടെന്‍ഡര്‍ ജൂണ്‍ 24നാണ് തുറന്നത്.
മൂന്നാമത്തെ ടെന്‍ഡറില്‍ ആറ് കമ്പനി പങ്കെടുത്തതില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത മൂന്ന് കമ്പനികളെ തെരഞ്ഞെടുത്തിരുന്നു. സന്നിധാനത്ത് കെട്ടിക്കിടക്കുന്ന അരവണ നീക്കം ചെയ്യാന്‍ ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നായിരുന്നു ഹൈകോടതി നിര്‍ദേശം.അരവണ നീക്കാന്‍ ദേവസ്വം ബോര്‍ഡ് വിളിച്ച ആദ്യ രണ്ട് ടെന്‍ഡറില്‍ എച്ച്.എല്‍.എല്‍ മാത്രമാണ് പങ്കെടുത്തത്. അരവണ നീക്കം ചെയ്യാന്‍ ഒന്നേമുക്കാല്‍ കോടി രൂപ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.ഇത് കൂടുതലാണെന്ന ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തലിനെ തുടര്‍ന്ന് വീണ്ടും ക്ഷണിച്ച ടെന്‍ഡറില്‍ എച്ച്.എല്‍.എല്‍ ഉള്‍പ്പെടെ ആറ് കമ്പനികള്‍ പങ്കെടുത്തു. ശബരിമലയില്‍ നിന്ന് നീക്കം ചെയ്യുന്ന അരവണ എന്തുചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ടെന്‍ഡറില്‍ വ്യക്തമാക്കണമെന്നും ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.
അരവണയില്‍ ഉപയോഗിച്ച ഏലക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെ 2022-23 തീര്‍ഥാടനകാലം അവസാനിക്കാറായ ജനുവരിയിലാണ് വില്‍പന തടയപ്പെട്ടത്. ബാക്കി വന്ന 6.65 ലക്ഷം ടിന്‍ അരവണ ഗോഡൗണിലേക്ക് മാറ്റി സൂക്ഷിക്കാന്‍ ഹൈകോടതി നിര്‍ദേശിച്ചു.
തുടര്‍ന്ന് കേസ് സുപ്രീംകോടതിയില്‍ എത്തുകയും അരവണയുടെ സാമ്പിള്‍ പരിശോധിക്കുകയും ചെയ്തു. ഇതില്‍ കീടനാശിനിയുടെ അംശമില്ലെന്നും ഭക്ഷ്യയോഗ്യമാണെന്നും കണ്ടെത്തി. അപ്പോഴേക്കും അരവണ നിര്‍മിച്ചിട്ട് ഒരു വര്‍ഷത്തിലേറെ കഴിഞ്ഞിരുന്നു.ഇതോടെ പഴകിയ അരവണ വീണ്ടും വില്‍ക്കാനാവാത്ത സാഹചര്യമുണ്ടായി. ഈ ഇനത്തില്‍ ദേവസ്വം ബോര്‍ഡിന് 6.65 കോടി നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. ഇതുകൂടാതെയാണ് പഴകിയ അരവണ നീക്കം ചെയ്യാന്‍ വീണ്ടും ഒരുകോടിയില്‍പരം രൂപ മുടക്കേണ്ടിവരുന്നത്.
ഒരു വര്‍ഷത്തിലേറെയായി മാളികപ്പുറം ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന അരവണയിലെ ശര്‍ക്കര പുളിച്ച് കണ്ടെയ്‌നറുകള്‍ പൊട്ടാന്‍ തുടങ്ങിയിരുന്നു. വന്യമൃഗസാന്നിധ്യം കൂടുതലുള്ള പാണ്ടിത്താവളത്തോട് ചേര്‍ന്ന ഗോഡൗണില്‍ അരവണ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല. ശര്‍ക്കരയുടെ മണംപിടിച്ച് ആന ഉള്‍പ്പെടെ വന്യജീവികളെത്തുമെന്ന ആശങ്കയും ഉയര്‍ന്നിരുന്നു.2022 - 23 തീര്‍ഥാടനകാലത്തിന് മുമ്പ് അരവണ സന്നിധാനത്തുതന്നെ വലിയ കുഴികളെടുത്ത് മൂടാന്‍ പദ്ധതി ഇട്ടിരുന്നു. എന്നാല്‍, ഈ നീക്കം വനംവകുപ്പ് ഇടപെട്ട് തടഞ്ഞതോടെ അരവണ സന്നിധാനത്തിനുപുറത്ത് എത്തിച്ച് സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.അരവണ നീക്കത്തിന് സര്‍ക്കാറിന്റെ സഹായം തേടാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും സാമ്പത്തിക സഹായം ലഭിക്കില്ലെന്നാണ് സൂചന.