നവകേരള സദസിൽ ഫോട്ടോഗ്രാഫർക്ക് മർദനം:
ഇടുക്കി പ്രസ് ക്ലബ് പ്രതിഷേധിച്ചു
ഇടുക്കി: നെടുങ്കണ്ടത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിന്റെ ചിത്രമെടുക്കുന്നതിനിടെ മംഗളം ഫോട്ടോഗ്രാഫർ എയ്ഞ്ചൽ അടിമാലിയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ മർദിച്ചതിൽ കേരള പത്രപ്രവർത്തക യൂനിയൻ ഇടുക്കി ജില്ലാ ഘടകം പ്രതിഷേധിച്ചു. എൽ ഡി എഫ് ജില്ലാ നേതൃത്വത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ക്ഷണപ്രകാരമാണ് നവകേരള സദസ് റിപ്പോർട്ട് ചെയ്യുന്നതിനായി മാധ്യമ സംഘം എത്തിയത്. പത്ര ഫോട്ടോഗ്രാഫറാണെന്ന് അറിയാതെ അല്ല സുരക്ഷ ഉദ്യോഗസ്ഥൻ എയ്ഞ്ചൽ അടിമാലിയെ മർദിച്ചത്. തൊടുപുഴയിലും ചെറുതോണിയിലും അടിമാലിയിലും എയ്ഞ്ചൽ മുഖ്യമന്ത്രിയുടെ അടക്കം ചിത്രങ്ങൾ വേദിയിൽ കയറി പകർത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ്. ഈ ഉദ്യോഗസ്ഥൻ മനഃപൂർവം പ്രകോപനം ഉണ്ടാക്കുകയായിരുന്നു എന്നത് വ്യക്തമാണ്. മന്ത്രിമാരും എം എം മണി എം എൽ എയും സി വി വർഗീസും അടക്കമുളള സി പി എം നേതാക്കൾ ഇടപെട്ടിട്ടും ഇയാൾ അതിക്രമം തുടരുകയായിരുന്നു. ഇയാളെ മാറ്റി നിർത്തി അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും മാധ്യമ പ്രവർത്തകർക്ക് സുരക്ഷിതമായും സ്വതന്ത്രമായും ജോലി ചെയ്യാനുളള അവസരം ഒരുക്കണമെന്നും ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് സോജൻ സ്വരാജും സെക്രട്ടറി ജെയ്‌സ് വാട്ടപ്പിളളിലും ആവശ്യപ്പെട്ടു.