പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലേക്ക് !
കുവൈറ്റ് സിറ്റി : ഈ വാരാന്ത്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രി നരേന്ദ്ര മോദി കുവൈറ്റ് സന്ദർശിക്കുന്നു, 2024 ഡിസംബർ 21-22 തീയതികളിലാണ് പ്രധാനമന്ത്രിയുടെ കുവൈറ്റ്സന്ദർശനം . അമീർ ശൈഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ ക്ഷണപ്രകാരം 43 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്ന. 1981ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ശ്രിമതി ഇന്ദിരാഗാന്ധിയാണ് അവസാനമായി കുവൈറ്റ് സന്ദര്ശിച്ചിട്ടുള്ള ഇന്ത്യൻ ഭരണാധിക്കാരി. സന്ദർശന വേളയിൽ പ്രധാനമന്ത്രി കുവൈത്ത് നേതൃത്വവുമായി ചർച്ച നടത്തും. കുവൈത്തിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി സംവദിക്കും. അതിന്നായി വിപുലമായ ഒരുക്കങ്ങൾ നടന്നു വരുന്നു. ജനു 21നു ജാബിർ സ്റ്റേഡിയത്തിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ടൂണമെന്റിന്റെ ഉദ്‌ഘാടനത്തിലും പ്രധാനമന്ത്രി പങ്കെടുത്തേക്കും എന്ന് മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ഇന്ത്യയും കുവൈത്തും പരമ്പരാഗതമായി അടുത്ത സൗഹൃദ ബന്ധങ്ങൾ പങ്കിടുന്നു, ചരിത്രത്തിൽ ഊന്നിയശക്തമായ സാമ്പത്തിക അടിത്തറയിൽ ജനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കുവൈത്തിൻ്റെ പ്രധാന വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ, എൽ പി ജി എന്നിവ വിതരണം ചെയ്യുന്നത് കുവൈറ്റിൽ നിന്നാണ്. കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യൻ സമൂഹം. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബഹുമുഖ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സന്ദർശനം അവസരമൊരുക്കും. 2024 സെപ്തംബറിൽ ന്യൂയോർക്കിൽ വെച്ച് പ്രധാന മന്ത്രി മോദി കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ മാസം ആദ്യം വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്‌യയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പരസ്പര പ്രയോജനത്തിനായി ഇന്ത്യ-കുവൈത്ത് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ച് പറഞ്ഞിരുന്നു.