For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വിദേശ- സ്വകാര്യ സർവകലശാലാ നിയമ നിർമാണ ബില്ല്
വകുപ്പും കൗൺസിലും അറിയാതെ

12:45 PM Feb 08, 2024 IST | ലേഖകന്‍
വിദേശ  സ്വകാര്യ സർവകലശാലാ നിയമ നിർമാണ ബില്ല് br വകുപ്പും കൗൺസിലും അറിയാതെ
Advertisement

കൊല്ലം: സംസ്ഥാനത്തേക്ക് സ്വകാര്യ വിദേശ സർവകലാശാലകളെ ക്ഷണിക്കുന്ന കാര്യവും ഇതു സംബന്ധിച്ച നിയമ നിർമാണ ബില്ലും ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗൺസിലും അറിയാതെ. ധനമന്ത്രി കെ.എൻ. ബാല​ഗോപാൽ ബജറ്റിൽ പ്രസം​ഗിച്ചപ്പോഴാണ് വകുപ്പ് കാര്യം അറിഞ്ഞതെന്നു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നേരത്തേ സൂചിപ്പിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നിർദേശമായിരിക്കാം എന്നാണ് വകുപ്പിലെ പലരും കരുതിയത്.
എന്നാൽ ബജറ്റിൽ വിദേശ സർവ്വകലാശാലകൾക്കുള്ള ശുപാർശ നൽകിയത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ അല്ലെന്ന് വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ ഒരു വാർത്താ ചാനലിലൂടെ വെളിപ്പെടുത്തിയതോടെ, വകുപ്പിനും കൗൺസിലിനും മീതേ മറ്റേതോ അധികാരകേന്ദ്രമാണു തീരുമാനത്തിനു പിന്നിലെന്നു വ്യക്തമായി. എല്ലാ വകുപ്പുകളുടെയും കാര്യം മുഖ്യമന്ത്രിയുടെ ഓഫീസാണ് നോക്കുന്നതെന്ന ആരോപണമാണ് ഇതോടെ ശക്തമാകുന്നത്. ബജറ്റിൽ തങ്ങളുടെ വകുപ്പുകളെ തഴഞ്ഞെന്നു സിപിഐ മന്ത്രിമാരുടെ ആരോപണത്തിനു പിന്നാലെയാണ് സിപിഎം ഭരിക്കുന്ന വകുപ്പ് തന്നെ സുപ്രധാന നയതീരുമാനം തങ്ങളറിഞ്ഞില്ല എന്നു തുറന്നു സമ്മതിക്കുന്നത്.
നയരൂപീകരണത്തിനായി കോൺക്ലേവ് സംഘടിപ്പിക്കുന്ന കാര്യം ഉന്നതവിദ്യാഭ്യാസമന്ത്രി അറിഞ്ഞിട്ടില്ലെന്നും രാജൻ ഗുരുക്കൾ ചാനലിനോടു പറഞ്ഞു. വിദേശ സർവ്വകലാശാലയെ സ്വീകരിക്കാനുള്ള ബജറ്റ് പ്രഖ്യാപനം വകുപ്പ് അറിഞ്ഞില്ലെന്ന പരാതിയായിരുന്നു ഉന്നത വിദ്യാഭ്യാസമന്ത്രിക്ക്. വകുപ്പിനെ മറികടന്ന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ നിർദ്ദേശം മുന്നോട്ട് വെച്ചെന്നായിരുന്നു ആദ്യം പരാതി. എന്നാൽ വിദേശ സർവ്വകലാശാലയുടെ കാര്യത്തിൽ കൗൺസിലും കൈമലർത്തിയതോടെ തീരുമാനത്തിനു പിന്നിൽ ആരെന്നാണ് പുതിയ അന്വേഷണം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രികരിച്ചു നടക്കുന്ന കിച്ചൻ ക്യാബിനറ്റാണ് പിന്നിലെന്ന ആക്ഷേപം സിപിഎമ്മിലും ഉയരുന്നുണ്ട്. സ്വകാര്യ വിദേശ സർവകലാശാലകളെകുറിച്ച് പാർട്ടി തലത്തിലോ അധ്യാപക- വിദ്യാർഥി സംഘടനകളുമായോ ചർച്ച ചെയ്തിട്ടില്ല. ഇടതു മുന്നണിയിലും ഇതു സംബന്ധിച്ച് ചർച്ച ചെയ്യാതെയാണ് പതിറ്റാണ്ടുകളായി സിപിഎമ്മും പോഷക സംഘടനകളും സമരം ചെയ്ത് എതിർത്തു വന്ന ഒരു നയത്തിൽ നിന്ന് സർക്കാർ യു ടേൺ എടുത്തുത്.
ധനവകുപ്പ് തന്നെ ഉന്നതതലങ്ങളിലെ ചർച്ചകൾക്ക് ശേഷം എടുത്ത നയപരമായ തീരുമാനമായിരിക്കാം വിദേശ സർവ്വകലാശാലയെന്നാണ് കൗൺസിൽ വൈസ് ചെയർമാന്റെ വിശദീകരണം. സ്വകാര്യ- വിദേശ സർവ്വകലാശാലകൾക്കായുള്ള നയരൂപീകരണത്തിന് കോൺക്ലേവ് സംഘടിപ്പിക്കാനുള്ള ചുമതല കൗൺസിലിന് നൽകിയതിലും ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് അതൃപ്തിയുണ്ട്. ഇക്കാര്യം മന്ത്രി അറിഞ്ഞിരുന്നില്ല എന്ന് രാജൻ ഗുരുക്കൾ സമ്മതിച്ചു.
നയപരമായ പല കാര്യങ്ങളിലും വകുപ്പിനെ മറികടന്ന് കൗൺസിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ചർച്ച ചെയ്ത് തീരുമാനങ്ങളിലേക്ക് പോകുന്നുവെന്ന പരാതി ഉന്നത വിദ്യാഭ്യാസവകുപ്പിന് നേരത്തെയുണ്ട്. ഇതു കൂ‌ടുതൽ രൂക്ഷമാകുന്ന സ്ഥിതിയിലേക്കാണു കാര്യങ്ങൾ നീങ്ങുന്നത്. അതിനിടെ മെഡിക്കൽ, എൻജിനീയറിം​ഗ്, അടക്കം സമസ്ത വിഷയങ്ങളിലും ബിരുദ- ബിരുദാനന്തര കോഴ്സുകളും ​പിഎച്ച്ഡി അവാർഡുകളും നൽകാൻ അനുമതി നൽകുന്ന സ്വകാര്യ സർവകലാശാല ബില്ലിന് സംസ്ഥാനം അന്തിമ രൂപം നൽകിയെന്ന വാർത്തയും മാധ്യമങ്ങളിലൂടെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയുന്നത്. ഇതു സംബന്ധിച്ച കരട് ബിൽ തയാറാക്കുന്നതിനു മുൻപ് വകുപ്പുമായി ആലോചിച്ചില്ലെന്ന ആക്ഷേപവും വകുപ്പ് തലത്തിൽ ഉയരുന്നുണ്ട്.

Advertisement

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.