ചുരം കയറാനൊരുങ്ങി പ്രിയങ്ക ഗാന്ധി: കന്നി മത്സരം കേരള മണ്ണില്‍
ഡല്‍ഹി: നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരിയായ പ്രിയങ്ക ഗാന്ധി കന്നി മത്സരത്തിനൊരുങ്ങുകയാണ്. അതും കേരള മണ്ണില്‍, വയനാടിന്റെ മക്കളെ ചേര്‍ത്തു പിടിക്കാന്‍.
പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഇളയ മകള്‍. ജനകീയ വിഷയങ്ങളേറ്റെടുത്ത് ഭരണകക്ഷിക്കെതിരെ വിമര്‍ശനങ്ങള്‍ തൊടുത്ത പ്രിയങ്ക വാര്‍ത്താ തലക്കെട്ടുകളില്‍ സജീവസാന്നിധ്യമായി.
പഠനം
1972 ജനുവരി 12ന് ഡല്‍ഹിയിലാണ് പ്രിയങ്ക ഗാന്ധിയുടെ ജനനം. 1984 വരെ ഡെറാഡൂണിലെ വെല്‍ഹാം ഗേള്‍സ് സ്‌കൂളില്‍ പഠനം. മുത്തശ്ശി ഇന്ദിരാ ഗാന്ധിക്ക് വെടിയേറ്റ് ജീവന്‍ നഷ്ടമായപ്പോള്‍ പ്രിയങ്കയ്ക്ക് പ്രായം 12. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉയര്‍ന്നതോടെ പ്രിയങ്കയെ കുടുംബം ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു. പിന്നീട് ഡല്‍ഹിയിലെ കോണ്‍വെന്റ് ഓഫ് ജീസസ് ആന്റ് മേരി ഉള്‍പ്പെടെയുളള സ്‌കൂളുകളിലായി പഠനം. 19-ാം വയസ്സിലാണ് പ്രിയങ്കയ്ക്ക് പിതാവിനെ നഷ്ടമാകുന്നത്. സുരക്ഷ കര്‍ശനമാക്കേണ്ട സാഹചര്യമായതോടെ പ്രിയങ്കയുടെയും ജ്യേഷ്ഠന്‍ രാഹുല്‍ ഗാന്ധിയുടെയും പഠനം വീട്ടിലേക്ക് ഒതുങ്ങി. വീട് ക്ലാസ്മുറിയായി. സഹപാഠികളുടെ അഭാവത്തില്‍ ഇരുവരും പഠനം മുഴുവിപ്പിച്ചു.
ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ജീസസ് ആന്റ് മേരി കോളേജിലായിരുന്നു പ്രിയങ്കയുടെ ബിരുദപഠനം. സൈക്കോളജിയില്‍ ബിരുദം നേടിയ ശേഷം 2010ല്‍ ബുദ്ധിസ്റ്റ് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1997ലാണ് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള വ്യവസായിയായ റോബര്‍ട്ട് വദ്രയെ പ്രിയങ്ക വിവാഹം കഴിക്കുന്നത്. റെയ്ഹാന്‍ വദ്ര, മിരായ വദ്ര എന്നിവര്‍ മക്കളാണ്.
രാഷ്ട്രീയത്തിലേയ്ക്ക്
മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മുന്നേ തന്നെ, സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലേക്കും രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലേക്കും പ്രിയങ്ക പതിവായി എത്തുമായിരുന്നു. ഇരു മണ്ഡലത്തിലെയും ജനങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷം മാത്രമായിരുന്നു മടക്കം. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമായുള്ള പ്രചാരണം ഏകോപിപ്പിച്ചത് പ്രിയങ്കയാണ്. 2007ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഉത്തര്‍ പ്രദേശില്‍ പ്രചാരണം സജീവമാക്കിയപ്പോള്‍ അമേഠി, റായ്ബറേലി ലോക്‌സഭാ മണ്ഡലങ്ങളുടെ പരിധിയിലെ 10 നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് കോണ്‍ഗ്രസിനായി പ്രചാരണം കൊഴുപ്പിച്ചത് പ്രിയങ്കയായിരുന്നു.
2019ല്‍. അഖിലേന്ത്യ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി പദത്തെ അലങ്കരിച്ചത് പിയങ്കയായിരുന്നു. സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ഉത്തര്‍ പ്രദേശിന്റെ കിഴക്കന്‍ മേഖലയുടെ ഇന്‍ചാര്‍ജ് ചുമതലയും പാര്‍ട്ടി പ്രിയങ്കയ്ക്ക് നല്‍കി. 2020 സെപ്റ്റംബര്‍ 11ന് ഉത്തര്‍ പ്രദേശ് ഇന്‍ചാര്‍ജ് ആയി. സംസ്ഥാനഭരണം ബിജെപിയില്‍നിന്ന് പിടിച്ചെടുക്കുക എന്നതായിരുന്നു പ്രിയങ്കയുടെ ലക്ഷ്യം.
2021ല്‍ ലഖിംപുര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം കയറ്റി എട്ടുപേരെ കൊലപ്പെടുത്തിയ സംഭവമേറ്റെടുത്ത പ്രിയങ്കയും കൂട്ടരും ഏതാണ്ട് 50 മണിക്കൂറോളം നേരം യുപി പോലീസിന്റെ തടങ്കലിലായി. അതേ വര്‍ഷം, യുപി പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച ആളുടെ കുടുംബത്തെ കാണാന്‍ എത്തിയ പ്രിയങ്കയെ വീണ്ടും പോലീസ് തടങ്കലില്‍ വെച്ചു. ഇരു സംഭവങ്ങളും പ്രിയങ്കയെ വാര്‍ത്താ തലക്കെട്ടുകളിലേക്ക് എത്തിച്ചിരുന്നു.
2021 ഒക്ടോബര്‍ 23നായിരുന്നു പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. സ്ത്രീകളുടെയും യുവാക്കളുടെയും ഉന്നമനം ലക്ഷ്യമിട്ട് പുറത്തിറക്കിയ പ്രകടന പത്രിക ഏറെ ശ്രദ്ധനേടി. വിലക്കയറ്റത്തിനെതിരെ 2022ല്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ ഡല്‍ഹി പോലീസ് പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുത്തതും വാര്‍ത്തകളില്‍ ഇടംപിടിച്ചു. 2021 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനു വേണ്ടി പ്രചാരണങ്ങളില്‍ സജീവമായിരുന്നു പ്രിയങ്ക ഗാന്ധി. അമേഠിയിലും റായ്ബറേലിയിലും വയനാട്ടിലും പ്രിയങ്ക സജീവസാന്നിധ്യമായി.ഇപ്പോള്‍ വയനാട്ടില്‍ മത്സരിക്കൊനൊരുങ്ങുകയാണ് പ്രിയങ്ക ഗാന്ധി.