വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ വിധി തിങ്കളാഴ്ച
പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ വിധി പറയുന്നത് ഒക്ടോബർ ഇരുപത്തിയെട്ടിലേയ്ക്ക് (തിങ്കളാഴ്ച) മാറ്റി. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷൻ വാദം. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ആണ് ഒന്നാം പ്രതി. ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയും.
2020 ഡിസംബര്‍ 25- നാണ് ഹരിതയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് അനീഷിനെ കൊലപ്പെടുത്തിയത്. സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് (27) പ്രണയിച്ച് വിവാഹം ചെയ്തതിനാണ് വിവാഹത്തിന്റെ 88-ാം ദിവസം സുരേഷും പ്രഭുകുമാറും ചേര്‍ന്ന് അനീഷിനെ കുത്തിക്കൊലപ്പെടുത്തിയത്. അനീഷും ഹരിതയും സ്കൂൾകാലം മുതൽ പ്രണയത്തിലായിരുന്നു.